വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ലാം. ന്യൂസിലാന്‍ഡാണ് വൈനറികളുടെയും വൈന്‍ടൂറുകളുടെയും ഈറ്റില്ലം. ആഗോള ടൂറിസം സര്‍ക്യൂട്ടില്‍ ഇടംനേടിയ വൈന്‍ ടൂറുകള്‍ ന്യൂസിലാന്‍ ഡിലുണ്ട്. അമ്പത് ഏക്കറിനു മുകളില്‍ മുന്തിരിത്തോട്ടമുള്ള കര്‍ഷകര്‍ക്കും കര്‍ഷകരുടെ കൂട്ടായ്മകള്‍ക്കും വൈനറി ഒരുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഫാം ഒരുക്കണം. ആരോഗ്യകരമായ രീതിയില്‍ വൈന്‍ നിര്‍മാണ യൂണിറ്റ് തുടങ്ങണം. അതോടൊപ്പം സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനും വൈന്‍ കുടിക്കാനുമുള്ള സൗകര്യങ്ങള്‍ തോട്ടത്തിലൊരുക്കണം. ഇതെല്ലാം നല്ല രീതിയില്‍ ഒരുക്കിയ ഒരു ഫാം ടൂറിസം സംവിധാനത്തിനെയാണ് 'വൈനറി' എന്നു വിളിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി വൈനറികള്‍ ന്യൂസിലാന്‍ഡിലുണ്ട്.

ഇവിടത്തെ കൃഷിയിടങ്ങള്‍ കണ്ടാല്‍ കൊതിയോടെ നോക്കി നിന്നു പോകും. അത്രയ്ക്കു മനോഹരമാണ് കൃഷിയിട പരിപാലനം. വിനോദസഞ്ചാരമേഖലയില്‍ മുന്തിയ സ്ഥാനമാണ് മുന്തിരിത്തോട്ടങ്ങള്‍ക്കുള്ളത്. മുന്തിരിത്തോപ്പുകളില്‍ ചുറ്റിക്കറങ്ങാനും തോട്ടത്തോടു ചേര്‍ന്നു നടക്കുന്ന വൈന്‍ നിര്‍മാണ രീതികള്‍ കണ്ടു മനസിലാക്കാനും അല്‍പം വൈന്‍ നുകരാനും സഞ്ചാരികള്‍ ധാരാളമായെത്തുന്നു. ഇത് കര്‍ഷകരുടെ സാമ്പത്തികനില ഭദ്രമാക്കുന്നതില്‍ വഹിക്കുന്ന പങ്കു ചെറുതല്ല.

കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ മുന്തിരി വൈനാക്കുന്നു. ഫ്രഷ് മുന്തിരി വില്പന വിദേശരാജ്യങ്ങളില്‍ വളരെ കുറവാണ്. ഭൂരിഭാഗവും വൈന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. വൈന്‍ വില്പനയിലൂടെ മുന്തിരി കര്‍ഷകര്‍ മികച്ച വരുമാനം നേടുന്നു.

ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഹംഗറി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മുന്തിരിത്തോട്ടങ്ങളുണ്ട്. ശാസ്ത്രീയമാണ് ഇവിടങ്ങളിലെ കൃഷി. മലിനീകരണം ഒഴിവാക്കി കൃഷിയിടം വൃത്തിയായി പരിപാലിക്കുന്നു. ചിട്ടയോടെയുള്ള പരിചരണം മൂലം മികച്ച വിളവാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത വളങ്ങളോടൊപ്പം സ്വന്തമായി തയാറാക്കുന്ന കമ്പോസ്റ്റാണ് വളര്‍ച്ചയ്ക്കും പുഷ്പിക്കലിനുമെല്ലാം നല്‍കുന്നത്.

വിളവെടുപ്പു കഴിഞ്ഞ മുന്തിരിത്തോട്ടങ്ങളിലേക്ക് ചെമ്മരിയാടുകളെ വിടുന്ന രീതി ന്യൂസിലാന്‍ഡിലുണ്ട്. പ്രൂണിംഗ് കഴിഞ്ഞ തോട്ടങ്ങളിലെ ചെറുപുല്ലുകള്‍ തിന്നു മേയുന്ന ചെമ്മരിയാടുകളുടെ മൂത്രവും കാഷ്ഠവും മുന്തിരിച്ചെടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. മേയുമ്പോള്‍ ചെടികള്‍ക്കു ചുറ്റുമുള്ള മണ്ണ് ഇളകുന്നു. ഇത് ചെടികളുടെ പുതിയ വേരുകള്‍ക്ക് സഞ്ചാരവഴി എളുപ്പമാക്കുന്നു.

വിദേശങ്ങളിലെ വൈനറികള്‍ക്ക് സമാനമായി ഇന്ത്യയിലും വൈനറികളുണ്ട്. 1500 കളിലാണ് വൈന്‍ ഉണ്ടാക്കുന്നതിനുള്ള മുന്തിരിക്കൃഷി ഇന്ത്യയില്‍ ആരംഭിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ വന്നതിനു ശേഷമാണ് കൃഷിയുടെ തുടക്കം. തുടര്‍ന്നു വന്ന ബ്രിട്ടീഷുകാരും മുന്തിരികൃഷിയും വൈന്‍ ഉത്പാദനവും പ്രോത്‌സാഹിപ്പിച്ചു. സ്വാതന്ത്ര്യ ശേഷം മുന്തിരിത്തോട്ടങ്ങള്‍ ക്ഷയിച്ചു തുടങ്ങി. ചിലരുടെ പരിശ്രമങ്ങള്‍ മൂലം ഇപ്പോള്‍ വൈനറികള്‍ സജീവമാകുന്നുണ്ട്. മുന്തിരികൃഷി കൂടുതലുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലുമാണ് വൈന്‍ ഉത്പാദനം കൂടുതല്‍. വിവിധ നിറത്തിലും രുചികളിലുമായി മുന്തിരിയില്‍ നിന്ന് ഏഴിലേറെ ഇനം വൈനുകളാണ് ഉത്പാദിപ്പിക്കുന്നത്. പച്ച മുന്തിരിയില്‍ നിന്ന് വൈറ്റ് വൈനും കറുപ്പ് മുന്തിരിയില്‍ നിന്ന് റെഡ് വൈനുമാണ് പ്രധാനമായും ഉണ്ടാക്കുന്നത്. ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ളത് റെഡ് വൈനിനാണ്. ഇതില്‍ തന്നെ നിരവധി തിരിവുകളുമുണ്ട്. ടേബിള്‍ വൈന്‍, സ്പാര്‍ക്കിംഗ് വൈന്‍, ഫോര്‍ടിഫൈഡ് വൈന്‍ തുടങ്ങിയവയെല്ലാം വിനോദസഞ്ചാരികളുടെ പ്രിയ ഇനങ്ങളാണ്. പഴക്കമേറുന്തോറും വീര്യവും രുചിയും കൂടുന്ന വൈനിന് വിലയും കൂടും. മുന്തിരികൃഷിയും വൈന്‍ ഉത്പാദനവും കണ്ട് വൈന്‍ കഴിക്കാനുള്ള അവസരമൊരുക്കുന്ന വൈനറികള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലുമുണ്ട്. ഇന്ത്യയിലെത്തുന്ന വിദേശീയരുടെ ഇഷ്ട സ്ഥലങ്ങളാണിവ. വിദേശീയരോടൊപ്പം ഇന്ത്യന്‍ സഞ്ചാരികളും വൈനറികളില്‍ എത്തുന്നുണ്ട്.


കേരളത്തിലെ സാധ്യതകള്‍

കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വിളകളെ മൂല്യവര്‍ധിതഉത്പന്നമാക്കി വില്പന നടത്താനുള്ള സ്വാതന്ത്ര്യം നല്‍കിയാല്‍ കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും രക്ഷപ്പെടും. വിദേശരാജ്യങ്ങളിലേതുപോലെ നമുക്കും വൈനറികള്‍ തുടങ്ങാം. അതിനു മുന്തിരികൃഷി വേണമെന്നില്ല. സ്വന്തം ആവശ്യത്തിനായി വീടുകളില്‍ അമ്മമാര്‍ മുന്തിരി, ജാതി, കശുമാങ്ങ, ചക്ക, നെല്ലിക്ക, ചാമ്പക്ക, പൈനാപ്പിള്‍ തുടങ്ങിയവ വൈനാക്കുന്നില്ലേ? ഇത് ശാസ്ത്രീയമായി ഫാമുകളില്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും അനുമതി നല്‍കിയാല്‍ മതി. നമ്മുടെ നാട്ടിലെ പൈനാപ്പിള്‍, ജാതി, ചക്ക ഫാമുകളെ ഇങ്ങനെ വൈനറികളാക്കി മാറ്റാന്‍ കഴിയും.

പൈനാപ്പിള്‍ വൈനറി

കേരളത്തില്‍ 50,000 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ഒരു പഴവര്‍ഗമാണ് പൈനാപ്പിള്‍. ഏകദേശം അഞ്ചു ലക്ഷം ടണ്‍ ഉത്പാദനം. ഇതിന്റെ പത്തു ശതമാനത്തില്‍ താഴെ മാത്രമേ മലയാളികള്‍ പഴമായി ഉപയോഗിക്കുന്നുള്ളൂ. നമ്മുടെ സംഭരണമാകട്ടെ പതിനായിരം ടണ്ണില്‍ താഴെയും. വിദേശ കയറ്റുമതി പേരിനു മാത്രം. അയല്‍ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി. ഒരു പൈനാപ്പിള്‍ ഉത്പാദിപ്പിക്കുന്നതിന് ഇരുപതു രൂപയോളം ചെലവു വരുന്നുണ്ട്. കൂലി, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങി എല്ലാത്തിനും വര്‍ഷംതോറും വിലവര്‍ധിക്കുന്നതും വിലയിലെ അസ്ഥിരതയും പൈനാപ്പിള്‍ കര്‍ഷകരെ തളര്‍ത്തുന്നുണ്ട്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് കൃഷി ലാഭകരമാകുന്നത്. കൊറോണ കാലഘട്ടത്തില്‍ പൈനാപ്പിള്‍ വിറ്റഴിക്കാനാവാതെ നശിച്ചു. ഇതിലൂടെ 400 കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണാനും കര്‍ഷകര്‍ക്കു മികച്ച നേട്ടം ഉണ്ടാക്കാനുമായി ഫാം വൈനുകള്‍ നിര്‍മിക്കാന്‍ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും അംഗീകാരം നല്‍കണമെന്നാണ് പൈനാപ്പിള്‍ കര്‍ഷകനായ ബേബി ജോണ്‍ പേടിക്കാട്ടുകുന്നേലിന്റെ ആവശ്യം.

ചക്കയുടെ സാധ്യത

മലയാളികളുടെ പട്ടിണിയകറ്റിയ പഴവര്‍ഗമാണ് ചക്ക. വീട്ടുപരിസരങ്ങളിലും പറമ്പുകളിലുമായി നാം ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്നത് ഏകദേശം 39 കോടി ചക്കയാണ്. ഇതില്‍ 25 ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുന്നത് 80,000 ടണ്‍ മാത്രം. ശരാശരി പത്തു കിലോ വരെ തൂക്കം വരുന്ന ഭൂരിഭാഗം ചക്കയും മൂല്യവര്‍ധിതമാക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കിയാല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. കര്‍ഷക കൂട്ടായ്മയില്‍ വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര വിജയിച്ചിട്ടില്ല. ചക്ക വൈനറികള്‍ക്ക് അംഗീകാരം നല്‍കിയാല്‍ അത് കാര്‍ഷിക മേഖലയുടെ വിജയമായിരിക്കുമെന്നാണ് പാല രാമപുരം തോമസ് കട്ടക്കയത്തിന്റെ അഭിപ്രായം. മൂന്നൂറില്‍പരം ഇനം പ്ലാവുകളെ സംരക്ഷിക്കുന്നയാളാണ് ഇദ്ദേഹം. സഞ്ചാരികളായി നിരവധിപേര്‍ വീട്ടിലെത്തുന്നു. അവര്‍ക്കു വേണ്ടി ഏതാനും ഉത്പന്നങ്ങള്‍ എപ്പോഴും വീട്ടിലുണ്ടാകും.

ജാതി വൈനറികള്‍

ആരോഗ്യ പാനീയവും വൈനും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സുഗന്ധവിളയാണ് ജാതി. നമ്മുടെ കൃഷിയിടങ്ങളില്‍ ജാതി പത്രിയും കുരുവും എടുത്തതിനു ശേഷം കളയുന്ന ജാതിത്തൊണ്ട് പാകപ്പെടുത്തി എടുത്താല്‍ വൈനായി. ജാതികൃഷിയിലെ നഷ്ടം നികത്താന്‍ ഇതുമൂലം കര്‍ഷകര്‍ക്കാകുമെന്ന അഭിപ്രായമാണ് തൊടുപുഴ പള്ളിക്കാമുറിയിലെ റോയി ശൗര്യാമക്കലിനുള്ളത്. 35 വര്‍ഷത്തിലേറെയായി ജാതികൃഷിയില്‍ സജീവമാണ് ഈ കര്‍ഷകന്‍. വിവിധ ഇനങ്ങളില്‍പെട്ട 250 ല്‍ പരം ജാതി മരങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കില്‍ ജാതി വൈനറി തുടങ്ങാനുള്ള ആഗ്രഹം ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തെപ്പോലെ നിരവധി കര്‍ഷകര്‍ മൂല്യവര്‍ധിത രംഗത്തേക്ക് ഇറങ്ങാന്‍ തയാറുള്ളവരാണ്. വൈന്‍ ഉത്പാദനത്തിന് പിന്തുണ നല്‍കിയാല്‍ സ്വദേശത്തും വിദേശത്തും മാര്‍ക്കറ്റ് പിടിക്കാന്‍ എളുപ്പമാണ്. സര്‍ക്കാരിനും കര്‍ഷകര്‍ക്കും നേട്ടമാകുന്ന വൈന്‍ പദ്ധതിക്ക് തുടക്കമിട്ടാല്‍ നമ്മുടെ കാര്‍ഷിക മേഖല ടൂറിസം ഭൂപടത്തില്‍ സ്ഥാനം ഉറപ്പിക്കും. ഒപ്പം കര്‍ഷക രക്ഷയും സാധ്യമാകും.
ബേബി ജോണ്‍ : 94471 57759, തോമസ് കട്ടക്കയം : 94952 13264, റോയി : 94476 12610.

നെല്ലി ചെങ്ങമനാട്
ന്യൂസിലാന്‍ഡ്