ഓരോ വീട്ടിലും ഒരാണ്ടന്‍ മുരിങ്ങ
മുരിങ്ങ അറിയപ്പെടുന്നത് അദ്ഭുതസസ്യമെന്നാണ്. ഇതിന്റെ ഇല, പൂവ്, കായ എന്നിവ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. തോല്, വേര് എന്നിവ ഔഷധപ്രദവുമാണ്. ഓരോ വീട്ടിലും അവശ്യം നട്ടു വളര്‍ത്തേണ്ട ഒരു വിളയാണു മുരിങ്ങ.

മുരിങ്ങയിലയില്‍...

ഓറഞ്ചിനേക്കാള്‍ ഏഴിരട്ടി ജീവകം സി, കാരറ്റിനേക്കാള്‍ നാലിരട്ടി ജീവകം എ, പാലിനേക്കാള്‍ നാലിരട്ടി കാത്സ്യം, രണ്ടിരട്ടി മാംസ്യം, പഴത്തിനേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യം, ചീരയേക്കാള്‍ മൂന്നിരട്ടി ജീവകം- ഇ, ബദാമിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പ് എന്നിവയടങ്ങിയ ആഹാരമാണ് മുരിങ്ങയില.

ആയുര്‍വേദവിധി പ്രകാരം കര്‍ക്കടക മാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് ഒഴിവാക്കണമെന്നു പറയുന്നു. ഈ സമയം അവയുടെ ഇലകളിലേക്ക് കൂടുതല്‍ പ്രതിപോഷകങ്ങളായ പദാര്‍ഥങ്ങള്‍ വരുമെന്നതുകൊണ്ടാണിത്. എന്നാല്‍ മുരിങ്ങയുടെ ഔഷധഗുണങ്ങള്‍ അനവധിയാണ്.

നമ്മുടെ പുരയിടത്തില്‍ നിഷ്പ്രയാസം കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളയാണു മുരിങ്ങ. വീട്ടുവളപ്പിലേക്ക് യോജിച്ചതാണ് ഒരാണ്ടന്‍ മുരിങ്ങ. നട്ട് ആറു മാസത്തിനുള്ളില്‍ ഇവ പുഷ്പിച്ച് കായകള്‍തരുന്നു. കെ.എ- 1, പികെഎം- 1, പികെഎം- 2 എന്നിവയാണ് പ്രധാനയിനങ്ങള്‍.

ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികളെടുക്കുകയാണ് കൃഷിക്കായി ആദ്യം ചെയ്യേണ്ടത്. മേല്‍മണ്ണ്, അഞ്ചു കിലോഗ്രാം ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തുയോജിപ്പിച്ച് കുഴി വീണ്ടും നിറയ്ക്കണം. കുഴിയുടെ മധ്യേ ഒരു ചെറിയ കുഴിയെടുത്ത് ഒന്ന് ഒന്നര മാസം പ്രായമുള്ള തൈകള്‍ നടാം. ചുറ്റുമുള്ള മണ്ണ് നല്ലപോലെ അമര്‍ത്തി കൊടുക്കണം. കൂടുതല്‍ തൈകള്‍ നടുകയാണെങ്കില്‍ 2-2.5 മീറ്റര്‍ ഇടയകലം നല്‍കണം. വേരു പിടിച്ചു കിട്ടുന്നതു വരെ നനയ്ക്കുക. ഒരു മാസത്തിനു ശേഷം ചുവടൊന്നിന് 10 കിലോ ചാണകപ്പൊടി നല്‍കണം. 70-80 ദിവസം കഴിയുമ്പോള്‍ ഏകദേശം രണ്ടര അടി വളര്‍ന്നിരിക്കും. ചുവട്ടില്‍ നിന്നു രണ്ടടി പൊക്കം നിര്‍ത്തി കൂമ്പ് നുള്ളികളയുക. ഇത് പാര്‍ശ്വശാഖകള്‍ ഉണ്ടാകാന്‍ സഹായിക്കും.


പൂക്കുന്നതിന് മുമ്പ് 3-4 പ്രാവശ്യം കമ്പ് ഇപ്രകാരം കോതി കൊടുക്കുന്നത് കൂടുതല്‍ ശാഖകള്‍ ഉണ്ടാകാന്‍ സഹായിക്കും. ചെടി നന്നായി തളിര്‍ത്തു വരും. മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയ, 80ഗ്രാം രാജ്‌ഫോസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം. വളപ്രയോഗം നടത്തുന്ന അവസരത്തില്‍ മണ്ണില്‍ നല്ല ജലാംശം ഉണ്ടായിരിക്കണം. വെള്ളം കെട്ടി കിടക്കാന്‍ അനുവദിക്കരുത്. വേനലില്‍ വൈയ്‌ക്കോലോ ഉണക്കിലയോ വച്ച് പുതയിടുക. നട്ട് 4-5 മാസം കഴിയുമ്പോള്‍ മുരിങ്ങ പൂക്കാന്‍ തുടങ്ങും. പൂത്തു തുടങ്ങിയാല്‍ പിന്നെ ശിഖരങ്ങള്‍ മുറിയ്ക്കാന്‍ പാടില്ല. ആറുമാസം കഴിയുമ്പോള്‍ കായകള്‍ പറിക്കാറാകും. ഒരു തവണ കൂടി 100 ഗ്രാം യൂറിയ നല്കാവുന്നതാണ്. വിളവെടുപ്പ് മൂന്നു മാസത്തോളം തുടരും. ഓരോ കായ്ക്കും 65-70 സെന്റീമീറ്റര്‍ നീളവും 150 ഗ്രാം വീതം തൂക്കവും പ്രതീക്ഷിക്കാം. ആദ്യ വര്‍ഷം 90 കായ വരെ കിട്ടാം. പിന്നീട് 200 നു മേല്‍ കായകള്‍ ഉണ്ടാകും. ശരിക്ക് വിളവു തരുന്ന ഒരു ചെടിയില്‍ നിന്ന് ഒരാണ്ടില്‍ 30-35 കിലോഗ്രാം വരെ വിളവു പ്രതീക്ഷിക്കാം.

വിളവെടുപ്പിനു ശേഷം മണ്ണില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ചെടി നിറുത്തി മേല്‍ഭാഗം മുറിച്ചു മാറ്റുന്നു. അടുത്ത വിള പുതിയ ചിനപ്പുകളില്‍ നിന്നും ലഭിക്കുന്നു. 3-4 വര്‍ഷത്തിനുശേഷം പുനഃകൃഷി ഇവയുടെ വിത്തില്‍ നിന്നു നടത്താം.

ഡോ. വന്ദന വേണുഗോപാല്‍
പ്രഫസര്‍ ആന്‍ഡ് ഹെഡ്, നെല്ലുഗവേഷണ കേന്ദ്രം, മങ്കൊമ്പ്
ഫോണ്‍: ഡോ. വന്ദന- 85478 85608