നന്ദിനി പാല്‍ ചുരത്തുന്നു, പിശുക്കില്ലാതെ പത്താംവര്‍ഷവും
പുട്ടും പഴവും മുതല്‍ ചക്കയും മാങ്ങയും വരെ. അപ്പവും ദോശയും മുതല്‍ പഴംപെരിയും പരിപ്പുവടയും വരെ. ഭക്ഷണ കാര്യത്തില്‍ അടിമാലിയിലെ നന്ദിനി പശുവിനു യാതൊരു വേര്‍തിരിവുമില്ല. കിട്ടുന്നതൊക്കെ അകത്താക്കും. ഉടമസ്ഥരായ ഇടുക്കി അടിമാലി ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടം സണ്ണിക്കും ഭാര്യ ലിസിക്കും ഈ നന്ദിനിപ്പശു കാമധേനുവാണ്. 10 വര്‍ഷമായി മടികൂടാതെ പാല്‍ ചുരത്തുന്ന കാമധേനു.

കാമധേനുവിന്റെ വരവ്

12 വര്‍ഷം മുമ്പാണ് തോക്കുപാറ സ്വദേശി ത്രേസ്യയുടെ പക്കല്‍ നിന്നും ഇടക്കറവയായി സണ്ണിയും കുടുംബവും ഈ പശുവിനെ വാങ്ങുന്നത്. തൊഴുത്തു മാറ്റിക്കെട്ടിയ ആദ്യ ഒന്നുരണ്ടു ദിവസങ്ങളൊഴിച്ചാല്‍ ആദ്യം മുതല്‍ പശു വീട്ടുകാരുമായി നല്ല ഇണക്കത്തിലാണ്. പാല്‍ കറവയ്ക്കും യാതൊരു കുഴപ്പവുമില്ല. പശുവിനെ വാങ്ങിയ സമയത്ത് രാവിലെ ആറു ലിറ്ററും വൈകുന്നേരം നാലു ലിറ്ററുമാണ് പാല്‍ ലഭിച്ചിരുന്നത്. സാധാരണ പോലെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കറവ വറ്റി. പിന്നീട് കുത്തിവയ്പിലൂടെയാണ് പശു ചെന പിടിച്ചു പ്രസവിച്ചത്. 2009 ഫെബ്രുവരി 14 ആയിരുന്നു അതെന്ന് സണ്ണിയും ഭാര്യ ലിസിയും ഇപ്പോഴും ഓര്‍മിക്കുന്നു. അന്നു തുടങ്ങിയ പാല്‍ ചുരത്തല്‍ 10 വര്‍ഷം കഴിഞ്ഞിട്ടും ഈ നന്ദിനി പശു അവസാനിപ്പിച്ചിട്ടില്ല. പ്രസവിച്ചു കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ രാവിലെ അഞ്ചു ലിറ്ററും വൈകുന്നേരം മൂന്നു ലിറ്ററുമായിരുന്നു പാല്‍ ലഭിച്ചിരുന്നത്. ആറേഴു വര്‍ഷം അതേ കണക്കില്‍ പാല്‍ ചുരത്തി. എന്നാല്‍ പിന്നീട് പാല്‍ കുറഞ്ഞുവന്നു. ഇപ്പോള്‍ രാവിലെ രണ്ടു ലിറ്ററും വൈകുന്നേരം ഒന്നര ലിറ്ററുമാണ് പാല്‍ ലഭിക്കുന്നത്. എന്നാല്‍ പച്ചപ്പുല്ല് ധാരാളമായി കൊടുത്താല്‍ ചുരത്തുന്ന പാലിന്റെ അളവില്‍ നല്ല വര്‍ധനയുണ്ടാകുമെന്നു ലിസിയുടെ നേര്‍ സാക്ഷ്യം! അവസാന പ്രസവത്തിനു ശേഷം പലതവണ കുത്തിവയ്പ് നടത്തിയെങ്കിലും പശു ചെന പിടിച്ചില്ല. പിന്നീട് സണ്ണിയും ഭാര്യയും ആ ശ്രമം ഉപേക്ഷിച്ചു. വീട്ടിലെ ഒരു അംഗമായി കൂടെ കൂട്ടി. ഇപ്പോള്‍ 15-16 വയസാണ് ജേഴ്‌സി ഇനത്തില്‍പ്പെട്ട ഈ പശുവിനു പ്രായം കണക്കാക്കുന്നത്. ജേഴ്‌സി പശുവിനു നന്ദിനി എന്നു പേരിട്ടതും ഇവര്‍ തന്നെ.

നല്ല പച്ചപ്പുല്ല്, ഇത്തിരി സ്‌നേഹം

സണ്ണിയുടെയും ലിസിയുടെയും പശു പരിപാലനത്തിനുമുണ്ട് നിരവധി പ്രത്യേകതകള്‍. നിത്യവും പാല്‍ ചുരത്തുന്നതിന്റെ രഹസ്യമെന്തെന്നു ചോദിച്ചു പലരും സണ്ണിയെ സമീപിക്കാറുണ്ട്. ഓ...അങ്ങനൊന്നുമില്ലെന്നേ..സണ്ണിയുടെ മറുപടി! വീടിനു ചുറ്റുമുള്ള പറമ്പില്‍ സമൃദ്ധമായി വളരുന്ന പച്ചപ്പുല്ലാണ് നന്ദിനി പശുവിന്റെ പ്രധാന ആഹാരം. ഇതിനായി പ്രത്യേക പുല്‍കൃഷിയൊന്നുമില്ല. എന്നാല്‍ ആവശ്യത്തിലേറെ പുല്ലുണ്ട്. പിന്നെ കഞ്ഞിവെള്ളവും മറ്റും ധാരാളമായി നല്‍കും. വീടിനു ചുറ്റുമായി കുറച്ചു വസ്തുവും സണ്ണിക്കുണ്ട്. തൊഴുത്തില്‍ നിന്നും പറമ്പില്‍ എവിടെയെങ്കിലും അഴിച്ചു കെട്ടിയാല്‍ പശു പുല്ലും ചെടികളുമെല്ലാം അകത്താക്കിക്കൊള്ളും. ഇറച്ചിയും മീനും ഒഴികെ വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാം നന്ദിനി പശു കഴിക്കും. കഞ്ഞി വെള്ളത്തിലോ മറ്റോ ഇറച്ചിയുടെയോ മറ്റോ അംശം ഉണ്ടെങ്കില്‍ പിന്നെ വെള്ളം തന്നെ കുടിക്കില്ല. കഞ്ഞിവെള്ളത്തില്‍ ഇടയ്ക്കിടെ ഒരു പിടി ഓക്കെ കാലിത്തീറ്റ ഇട്ടുകൊടുക്കുന്നതൊഴിച്ചാല്‍ മറ്റു കൃത്രിമ ഭക്ഷണങ്ങളൊ ന്നും സണ്ണി പശുവിനു നല്‍കാറില്ല. ചക്കപ്പഴവും മാമ്പഴവുമെല്ലാം വളരെ ഇഷ്ടമാണ്. പഴത്തൊലി, ചക്കമടല്‍ എന്നിവയും നല്ലതുപോലെ കഴിക്കും.


നന്ദിനിയും ഈ വീട്ടിലെ അംഗം തന്നെ

നന്ദിനി പശു വീട്ടിലെ ഒരു അംഗം തന്നെയാണെന്നാണ് സണ്ണിയും ലിസിയും പറയുന്നത്. ഇത്രയും വര്‍ഷം കൊണ്ട് പശുവുമായി അത്രയ്ക്ക് അടുപ്പമാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ക്കു പോലും പാല്‍ കറന്നെടുക്കാവുന്ന തരത്തില്‍ ഇണങ്ങിയതാണ് പശുവിന്റെ പ്രകൃതം. വീട്ടുകാരോടു മാത്രമല്ല നാട്ടുകാരോടും നല്ല ചങ്ങാത്തം. വിളിച്ചാല്‍ പശു തിരിഞ്ഞു നോക്കി കാതു കൂര്‍പ്പിക്കും. രാവിലെയും വൈകുന്നേരവും കറവയ്ക്കായി തൊഴുത്തിലെത്തിയാല്‍ മതി പശു റെഡിയായി എഴുനേറ്റു നില്‍ക്കും. ആരു കറന്നാലും പാല്‍ ചുരത്തുന്നതിനു യാതൊരു പിശുക്കുമില്ല. 10 വര്‍ഷമായി മുടങ്ങാതെയുള്ള പാല്‍ ചുരത്തല്‍ വെറ്ററിനറി ഡോക്ടര്‍മാരും അദ്ഭുതത്തോടെയാണ് കാണുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരത്തില്‍ പശുക്കള്‍ പാല്‍ ചുരത്താറുള്ളൂവെന്നു ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

കാണാന്‍ വിദേശികളും!

10 വര്‍ഷമായി പാല്‍ ചുരത്തുന്ന നന്ദിനിപ്പശുവിനെ കാണാന്‍ സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ് സണ്ണിയുടെ വീട്ടിലെത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളാണ് നന്ദിനിയുടെ വിശേഷങ്ങളറിഞ്ഞ് കാണാനെത്തുന്നവരില്‍ അധികവും. പിന്നെ പശുവിന്റെ വിശേഷങ്ങള്‍ അറിയാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനുമെല്ലാമുള്ള തിരക്കാണ്. വീട്ടിലേക്കാവശ്യമായ പാല്‍, തൈര്, നെയ്യ് എന്നിവയ്‌ക്കെല്ലാം നന്ദിനിപ്പശുവിന്റെ പാലാണ് ഉപയോഗിക്കുന്നതെന്നു ഗൃഹനാഥയായ ലിസി പറയുന്നു. വീട്ടിലെ ആവശ്യം കഴിഞ്ഞു കുറച്ചു പാല്‍ വില്‍ക്കാനുമുണ്ട്. അത്യാവശ്യത്തിനുള്ള ചാണകം ലഭിക്കുന്നതിനാല്‍ വീട്ടിലെ ചെറിയ പച്ചക്കറി കൃഷിക്കും മറ്റും വേറെ വളം അന്വേഷിച്ചു പോകുകയും വേണ്ട. എന്നാല്‍ നന്ദിനിപ്പശുവിനെ സ്വന്തമാക്കിയാല്‍ സ്ഥിരമായി പാല്‍ കിട്ടുമല്ലോ എന്നു കരുതി ആരും അടിമാലിക്കു വണ്ടി കയറണ്ട. പശുവിനെ വില്‍ക്കാന്‍ സണ്ണിക്കും കുടുംബത്തിനും യാതൊരു പ്ലാനുമില്ല. ഇത് ഞങ്ങളുടെ സ്വന്തം നന്ദിനിപ്പശു-സണ്ണിയും ലിസിയും നന്ദിനിയെ ചേര്‍ത്തു പിടിക്കുന്നു. സണ്ണിക്കും കുടുംബത്തിനും മാത്രമല്ല നാടിനും കാമധേനുവാണ് ഈ നന്ദിനി പശു.

ഫോണ്‍: റിച്ചാര്‍ഡ്- 7907148510