പ്രതിസന്ധികള്‍ക്കൊടുവില്‍ വലിയവിജയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്കു കാട്ടിത്തന്നവര്‍ അനവധിയാണ്. ചാലക്കുടിയിലെ പരമ്പരാഗത തെങ്ങുകര്‍ഷകനായിരുന്ന പി.വി. ജോസിന് അത്തരത്തിലൊരു കഥപറയാനുണ്ട്. കൃഷിയിടത്തിലെ പൊട്ടിക്കരച്ചിലിനൊടുവില്‍ കണ്ണ് കലങ്ങിത്തെളിഞ്ഞപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നയിച്ചത് കാര്‍ഷിക കണ്ടുപിടിത്തത്തിലേക്കാണ്.

നാളികേര വിലയിടിവും വിവിധതരം രോഗങ്ങളും തെങ്ങുകൃഷി നഷ്ടമാക്കിയ കാലം. എന്തുചെയ്യണമെന്നറിയാതെ ഇടറിയ മനസുമായി നിന്ന ജോസിന്റെ കണ്ണ് ജാതിയിലേക്കു തിരിഞ്ഞു. 1982-ലുണ്ടായ നാളികേര വിലയിടിവില്‍ പിടിച്ചു നിര്‍ത്തിയത് പറമ്പിലുണ്ടായിരുന്ന ജാതിമരങ്ങളാണെന്ന തിരിച്ചറിവില്‍ പ്രധാനകൃഷി ജാതിയാക്കാനുറച്ചു. ഇങ്ങനെയാണ് ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടി ജാതികൃഷിയിലേക്കു തിരിയുന്നത്.

ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്തു. ഇതില്‍ പച്ചിലകളും ചാണകവും എല്ലുപൊടിയും നിറച്ചു. മേല്‍മണ്ണിട്ട് കുഴിമൂടിയ ശേഷം തൈ നട്ടു. വര്‍ഷത്തില്‍ രണ്ടു വളപ്രയോഗവും വേനലില്‍ നനയുമായപ്പോള്‍ മൂന്നാം വര്‍ഷം മുതല്‍ വിളവു കിട്ടിത്തുടങ്ങി. 1996-ലുണ്ടായ ശക്തമായ കാറ്റില്‍ ഭൂരിഭാഗം ജാതിമരങ്ങളും കടപുഴകി. പതിനഞ്ചു വര്‍ഷത്തെ അധ്വാനവും സമ്പത്തും നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ ജോസ് കൃഷിയില്‍ നിന്നു പിന്‍മാറിയില്ല. കലങ്ങിയ കണ്ണുകളിലൂടെ കാറ്റിനെ അതിജീവിച്ച് കരുത്തോടെ വളര്‍ന്ന ജാതിമരങ്ങള്‍ ജോസ് കണ്ടു. ഇവയില്‍ കൂടുതല്‍ ആരോഗ്യത്തോടെ വളര്‍ന്ന മരങ്ങളെ കൂടുതല്‍ ശ്രദ്ധിച്ചു. വളര്‍ച്ചയും വിളവും കൂടുതലുള്ള അവയുടെ ബഡ്ഡ് തൈകളുണ്ടാക്കി.

ജാതിക്കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ജന്മമെടുത്ത കെഎയു പുല്ലന്‍ എന്ന ചാലക്കുടിക്കാരന്‍ ജാതിമരത്തിന്റെ പിറവി ഇങ്ങനെ. ഉയര്‍ന്നതും താഴ്ന്നതുമായ പ്രദേശങ്ങളില്‍ ഒരുപോലെ തഴച്ചു വളരുന്ന ഇനമാണിത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരത്തോടെ 2018 ലാണ് കെ.എ.യു. പുല്ലന്‍ എന്ന ജോസ് പുല്ലന്റെ ജാതിയിനം പുറത്തിറങ്ങിയത്. പത്തു വര്‍ഷമായ ഒരു മരത്തില്‍ നിന്ന് ശരാശരി 2100 കായ്കള്‍ ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. 60-70 ജാതിക്കായകള്‍ ഒരു കിലോ തൂങ്ങും. എഴുപതു വയസുള്ള പി.വി ജോസും ഭാര്യ റോസമ്മയുമാണ് കൃഷി പരിചരണത്തിന് നേതൃത്വം നല്‍കുന്നത്. ബഡ്ഡിംഗ് നടത്തി പുല്ലന്‍ ജാതി ആവശ്യക്കാര്‍ക്കു നല്‍കുന്നുമുണ്ട് ഇവര്‍.

നൂറുവര്‍ഷം പഴക്കമുള്ള തോട്ടത്തില്‍ പ്രതികൂല കാലാവസ്ഥകളെ തരണംചെയ്ത് തഴച്ചു വളര്‍ന്ന നാടന്‍ ഇനത്തെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചാണ് തൃശൂര്‍ ചാലക്കുടി പോട്ട സ്വദേശി ജോസ് പുല്ലന്‍ കെഎയു പുല്ലന്‍ ജാതി വികസിപ്പിച്ചത്.

പ്രതിരോധശേഷി, കനമുള്ള പത്രി, വലിയ കായ്കള്‍ എന്നിവ ഈ ജാതിയുടെ പ്രത്യേകതയാണ്. കൂടുതല്‍ കാലം വിളവു നല്‍കാന്‍ കഴിവുള്ള ഈ ജാതിക്ക് പുല്ലന്‍ എന്ന പേരു നല്‍കിയത് സുഗന്ധവിള ഗവേഷണ കേന്ദ്രമാണ്.

പരിചരണം

സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച് താലോലിച്ച് ഓരോ ചെടിയെയും പരിപാലിക്കുകയാണ് ജോസ്. മാരകമായ കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കുന്നില്ല. മണ്ണിന്റെ ജീവന്‍ സംരക്ഷിച്ച് ആവശ്യമായത് കൃത്യസമയത്ത് നല്‍കി പരിപാലിക്കുന്നു. കൃഷിയിടത്തിലെ ഏതുസ്ഥലത്തു ചെന്നാലും മണ്ണിരകളെ കാണാം. കൃഷിപാരമ്പര്യവും അറിവും പ്രയോജനപ്പെടുത്തി സ്വന്തമായി ചിട്ടപ്പെടുത്തിയ പരിചരണരീതി കൃഷിയിടത്തെ സമ്പന്നമാക്കുന്നു. കൃഷിയിടത്തിലെ പുല്ലുകളും കളകളും നശിപ്പിക്കുന്നില്ല. കന്നുകാലികള്‍ പറമ്പിലെ കളകളെല്ലാം തിന്നു നശിപ്പിക്കുന്നു. ആറു പോത്തുകളാണുള്ളത്. പകല്‍ ഇവയെ കൃഷിയിടത്തില്‍ മാറിമാറി കെട്ടിയിടും. ആവശ്യമായ പുല്ലു തിന്നുകയും കളകളെ ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ജോലി പോത്തുകളുടേതാണ്. ഇവയുടെ ചാണകവും മൂത്രവും പറമ്പിലെ മണ്ണില്‍ ലയിക്കുന്നു. മണ്ണിന്റെ ഫലഭുയിഷ്ടി വര്‍ധിപ്പിക്കാന്‍ ഈ രീതി സഹായകമാണെന്നാണ് ജോസിന്റെ അഭിപ്രായം.


ഏതൊരു കൃഷിയിലും കൂടുതല്‍ വളര്‍ച്ചയും ഉത്പാദനവും ദീര്‍ഘകാലം കിട്ടണമെങ്കില്‍ സശ്രദ്ധം സംരക്ഷിച്ചു വളര്‍ത്തണം. വര്‍ഷകാലത്ത് വെള്ളക്കെട്ട് ഉണ്ടാകാതെയും വേനലില്‍ ആവശ്യത്തിനു ജലമേകിയും സംരക്ഷിക്കണം. അഞ്ചേക്കറിലാണ് ജാതിക്കൃഷി. ഒരേക്കറില്‍ നാല്പതു മരങ്ങള്‍. എല്ലാത്തിനും ചിട്ടയായ വളപ്രയോഗം. മേയ് അവസാനം ആരംഭിക്കുന്ന വളപ്രയോഗത്തില്‍ ആദ്യം ഒരു കിലോ കുമ്മായം നല്‍കും. രോഗപ്രതിരോധത്തിനായി ജൂണ്‍മാസം ഓരോ മരത്തിലും 200 ഗ്രാം സ്യൂഡോമോണസ് തളിക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തിലാണ് പ്രധാന വളപ്രയോഗം. ഒരു മരത്തിന് മൂന്നു കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ഇരുപതു കിലോ ആട്ടിന്‍ കാഷ്ടം അല്ലെങ്കില്‍ പച്ചച്ചാണകം എന്നിവ നല്‍കും. നന കഴിഞ്ഞ് ഒരുകിലോ പൊട്ടാഷും കാല്‍കിലോ ഫാക്ടംഫോസും ഇടുന്നു. ഇതില്‍ പൊട്ടാഷ് രണ്ടു പ്രാവശ്യമായി നല്‍കുന്നതാണ് ഫലപ്രദം. പത്തു വര്‍ഷമായ മരത്തിനാണ് ഈ രീതിയിലെ വളപ്രയോഗം. മരങ്ങളുടെ വളര്‍ച്ച നോക്കി വളപ്രയോഗം ക്രമപ്പെടുത്തും.

കമ്പുകോതല്‍

വളര്‍ച്ചയ്ക്കും കീട-രോഗനിയന്ത്രണത്തിനും മികച്ച വിളവിനും ജാതി മരങ്ങളുടെ കമ്പുകള്‍ മുറിച്ച് ക്രമപ്പെടുത്തണം. ഇതിലൂടെ വായുസഞ്ചാരം സുഗമമാക്കാന്‍ കഴിയും. ഓരോ മരത്തിന്റെയും അവസ്ഥനോക്കി തി ങ്ങിനില്‍ക്കുന്ന ചില്ലകള്‍ മുറിക്കാം. കൃത്യമായ പരിചരണം നല്‍കുന്നതിനാല്‍ രോഗകീടങ്ങളൊന്നും കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നില്ല. കീടങ്ങളെത്തിയാല്‍ സ്യൂഡോമോണസും പച്ചചാണകവും ചേര്‍ത്തുണ്ടാക്കുന്ന ലായനി മരത്തില്‍ തളിക്കുകയാണു പതിവ്.

വില്പന

നാല്പതു ജാതിമരത്തിന് ഒരു ആണ്‍മരം വച്ചുണ്ടെങ്കിലേ മികച്ച ഉത്പാദനം നടക്കൂ. വര്‍ഷത്തില്‍ മൂന്നു തവണ പുഷ്പിക്കുന്ന പത്തു വര്‍ഷം കഴിഞ്ഞ ഒരു മരത്തില്‍ നിന്ന് പത്തു കിലോ കായ ലഭിക്കും. പ്രായം കൂടുംതോറും വിളവും വര്‍ധിക്കും. ഉത്പാദനം നാല്‍പ്പതു കിലോവരെ എത്തും. നൂറു വര്‍ഷം വിളവുറപ്പ്. വിപണനത്തിനായി എങ്ങും പോകാറില്ല. കാലടി, പെരുമ്പാവൂര്‍ മേഖലകളില്‍ നിന്ന് വ്യാപാരികള്‍ വീട്ടിലെത്തി ജാതിക്കായയും പത്രിയും വാങ്ങുന്നു. നന്നായി ഉണക്കി, കൂടിയ വില കിട്ടുന്ന സമയത്താണു വില്പന.

ഇരുപതിനം മാവുകളും മുപ്പതു മാങ്കോസ്റ്റീനും റംബൂട്ടാനും വ്യത്യസ്തങ്ങളായ പ്ലാവുകളും പുലാസാനും കമുകും കൃഷിയിടത്തെ ഫലദായകമാക്കുന്നു. ഇവയ്ക്കു പുറമേ വിവിധതരം കോഴികളും പുഷ്പച്ചെടികളുമെല്ലാം ഈ പുരയിട കൃഷിയെ സമ്പന്നമാക്കുന്നു. പരമ്പരാഗത കാര്‍ഷികവിള സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ നേടിയ കര്‍ഷകനാണ് ജോസ് പുല്ലന്‍. വിളവെടുക്കുന്ന ജാതിക്കായയുടെ തൊണ്ട് പരമാവധി ഉപയോഗിക്കുന്നു. അണുനശീകരണത്തിന് സഹായിക്കുന്ന തൊണ്ട് പോത്തുകള്‍ക്ക് ഭക്ഷണമായി നല്‍കുന്നു. കൂടാതെ അച്ചാര്‍, വൈന്‍, സ്‌ക്വാഷ് തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു. വീട്ടിലെത്തുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകള്‍ പകരുന്നതോടൊപ്പം അവര്‍ക്ക് ആവശ്യമായ ബഡ് തൈകളും നല്‍കുന്നുണ്ട്. ഫോണ്‍: ജോസ്- 9447227717

നെല്ലി ചെങ്ങമനാട്