പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പറയുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം കടത്തില്‍ കുടുങ്ങി ആത്മഹത്യ ചെയ്തത് പതിനാലോളം കര്‍ഷകര്‍. ദുരിതം സംഭവിക്കുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ മാത്രമായി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒതുങ്ങുമ്പോള്‍ കര്‍ഷകര്‍ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എറിയപ്പെടുകയാണ്.

സര്‍ക്കാരിന്റെയും സാമൂഹ്യസംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ പ്രതിസന്ധിക്ക് പുറംചികിത്സ മാത്രമേ ആകുന്നുള്ളൂ. കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ദുരിതാക്കാഴ്ചകള്‍ ഇപ്പോഴും വേദനാജനകമായി തുടരുകയാണ്. കാര്‍ഷികമേഖലയക്ക് നഷ്ടം 1323.35 കോടി രൂപയാണ്. 1,43,179 കര്‍ഷകരാണ് ദുരിതത്തി ലായിട്ടുള്ളത്. കാര്‍ഷികവൃത്തിയെ പ്രധാന വരുമാനമായി കണ്ട ഒരു ജനവിഭാഗം വെള്ളത്തില്‍ നശിച്ചുപോയ വിളകളെ കുറിച്ചോര്‍ത്തു നെടുവീര്‍പ്പെടുകയാണ്. അവരുടെ നഷ്ടങ്ങള്‍ നികത്തുന്നതിനോ കണ്ണീരൊപ്പുന്നതിനോ ഒരു സര്‍ക്കാര്‍ പദ്ധതിക്കും കഴിയുന്നില്ലെന്നാണ് യാഥാര്‍ഥ്യം. സംസ്ഥാനത്തെ കാര്‍ഷിക മേഖലകളായ കുട്ടനാട്, പാലക്കാട്, മലയോരമേഖല ജില്ലകള്‍ എല്ലാം പ്രളയദുരന്തത്തില്‍ മുങ്ങിപ്പോയി. നെല്‍ക്കതിരുകള്‍ വെള്ളത്തില്‍നിന്നും വാരിയെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ അനുഭവിച്ചവര്‍. പ്രളയത്തിനുശേഷമുള്ള കാലാവസ്ഥ വ്യതിയാനം റബര്‍മേഖലയെയും തളര്‍ത്തി കളഞ്ഞു. പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍ തോട്ടങ്ങള്‍ ഒലിച്ചു പോയി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ഇപ്പോഴും സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടില്ല. കൃഷി നാശത്തിനിരകളായ കര്‍ഷകര്‍ക്ക് നഷ്ടപരപരിഹാരം നല്‍കുന്നതിനോ അവരുടെ വായ്പാഭാരം ലഘൂകരിക്കുന്നതിനോ കാര്യമായ നടപടികളൊന്നുമില്ല. കൃഷിയെ വീണ്ടെടുക്കാന്‍ പദ്ധതികളുമായി സര്‍ക്കാര്‍ ഇറങ്ങി വരുന്നുണ്ട്. എന്നാല്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് എന്തു കൊടുത്തുവെന്നുമാത്രം ആരുംപറയുന്നില്ല.

കൃഷിയെ തകര്‍ത്ത പ്രളയം

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് 1323.35 കോടി രൂപയുടെ കാര്‍ഷിക നഷ്ടമാണു കേരളത്തിലുണ്ടായത്. 37,993 ഹെക്ടറിലെ വിവിധയിനം കൃഷികളാണ് മഴ കൊണ്ടുപോയത്. 10,887 ഹെക്ടറിലായി 228.97 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ച പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ 224.12 കോടി രൂപയുടെ നഷ്ടവും മലപ്പുറത്ത് 166.53 കോടി രൂപയുടെ നാശനഷ്ടങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. 12.09 കോടിയുടെ നാശം സംഭവിച്ച കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക കണക്കിലാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 1323.35 കോടിരൂപയുടെ കാര്‍ഷിക നഷ്ടം കണക്കായിട്ടുള്ളത്. 1,43,179 കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായിട്ടുള്ളത്. നെല്‍ കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. 21,611 ഹെക്ടറിലെ കൃഷി നശിച്ചതായാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണവിപണി കണ്ട് കൃഷി ചെയ്ത വാഴയും മഴക്കെടുതിയില്‍ വലിയ തോതില്‍ നശിച്ചു. വിവിധയിടങ്ങളിലായി 5,561 ഹെക്ടര്‍ വാഴക്കൃഷിയാണ് നശിച്ചത്. ഇതില്‍ 3832 ഹെക്ടറിലെ കുലച്ച വാഴകളും ഉള്‍പ്പെടും. ഇവകൂടാതെ സംസ്ഥാനത്തെ മറ്റു പ്രധാന കൃഷിയിനങ്ങള്‍ക്കും വ്യാപകമായി നാശം നേരിട്ടിട്ടുണ്ട്. പച്ചക്കറി 3,222 ഹെക്ടര്‍, കുരുമുളക് 325, റബര്‍ 408, മരച്ചീനി 2,146, ഇഞ്ചി 233, ഏലം 562, കാപ്പി 27 ഹെക്ടര്‍ എന്നിങ്ങനെയാണ് നഷ്ടത്തിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതത്തില്‍ നിന്നും കരകയറുംമുമ്പ് ഇത്തരത്തില്‍ വീണ്ടും കൃഷികള്‍ നശിച്ചത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്നു സംഭവിച്ച കൃഷി നാശങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരംപോലും പലയിടത്തും നല്‍കിയിട്ടില്ലെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മഴക്കെടുതി കര്‍ഷകനു വീണ്ടും വിനയായത്. വിളകള്‍ക്കുള്ള നഷ്ടപരി ഹാരവും സംസ്ഥാന വിള ഇന്‍ഷ്വറ ന്‍സ് പ്രകാരമുള്ള തുകയും ഇനിയും വിതരണം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നത്.

പ്ലാന്റഷന്‍ മേഖലയ്ക്കു നഷ്ടം

2018 ലെ കാലവര്‍ഷം വരുത്തിയ നാശനഷ്ടം ചെറുതല്ല. തേയില, റബര്‍, കാപ്പി, ഏലം എന്നിവയാണ് സംസ്ഥാനത്തെ പ്രധാന നാണ്യവിള കള്‍. ഇവയില്‍ മാത്രമായി 800 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് അസോസിയേഷന്‍ പ്ലാന്റേ ഴ്‌സ് കേരളയുടെ കണക്കുകള്‍ പറയു ന്നത്.

സംസ്ഥാനത്തെ തേയിലയുടെ വാര്‍ഷികഉത്പാദനത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുറവു സംഭവി ക്കുന്നുണ്ടെന്ന് പ്ലാന്റേഴ്‌സ് ഓഫ് കേരളയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2009ല്‍ 68.9 ദശലക്ഷം കിലോഗ്രാം തേയില ഉത്പാദി പ്പിച്ചിടത്ത് 2017 ആകുമ്പോഴേക്കും 62.33 ദശലക്ഷം കിലോഗ്രാം തേയില മാത്രമാണ് ഉത്പാദിപ്പിക്കാനാകുന്നത്. രാജ്യത്തെ തേയില ഉത്പാദനത്തിന്റെ കണക്കെടുത്താല്‍, 2017ല്‍ 4.72 ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന. 2009ല്‍ ഇത് 7.04 ശതമാ നമായിരുന്നു. 35010 ഹെക്റ്റര്‍ തേയിലയാണ് സംസ്ഥാനത്ത് കൃഷി ചെയ്യുന്നത്. ഏഴ് ദശലക്ഷം കിലോ ഗ്രാം തേയിലയാണ് പ്രളയ ത്തില്‍ മാത്രമായി നശിച്ചത്. അധിക മഴയ്ക്ക് പുറമേ കൃഷിനാശത്തിന്റെ ആക്കം കൂട്ടുന്ന വേറെയും കാരണങ്ങളുണ്ട്. തേയില ചെടികള്‍ക്കു കീഴെ ഏറെ കാലം വെള്ളം കെട്ടിക്കിടക്കുന്നു. 25 ശതമാനം തേയില ചെടികളും വെള്ളക്കെട്ടുകളിലാണ്. ഈ കെട്ടി ക്കിടക്കുന്ന വെള്ളം ചെടിയെ ക്രമേണ നശിപ്പിക്കും. മഴയോടൊപ്പം അടി ക്കുന്ന കാറ്റും തേയില ചെടിക്ക് വിനയായി. ഏറെ തേയില ചെടി നശിച്ചു എന്നതോടൊപ്പം തണല്‍ മരങ്ങളും കടപുഴകി. തേയില ചെടി കളിലേക്ക് വെളിച്ചം അരിച്ചിറങ്ങാന്‍ നട്ടുവളര്‍ത്തുന്നതാണ് ഈ തണല്‍മരങ്ങള്‍. പേമാരി കഴിഞ്ഞു മാസങ്ങള്‍ പിന്നിടുമ്പോള്‍ എത്തിയ അതിശൈ ത്യവും തേയില പ്ലാന്റേഷനെ പ്രതി കൂലമായി ബാധിച്ചു. അന്തരീക്ഷ ആര്‍ദ്രതയും അതിശൈത്യവും തേയില ചെടികളെ കരിച്ചുകളയും. 2019 ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ മൂന്നാര്‍ അടക്കമുള്ള ഇടുക്കിയിലെ മലയോര മേഖലയി ലുണ്ടായ അതിശൈത്യത്തില്‍ ഏക്കറു കണക്കിന് തേയില കൃഷി യാണ് നശിച്ചത്. വരുന്ന മാസ ങ്ങളി ലെ തേയില ഉത്പാദനത്തെയും ഇതു ബാധിക്കും.

കേരളത്തില്‍ തന്നെ ഏറ്റവും കനത്ത നാശം സംഭവിച്ച കൃഷിയാണ് ഏലം. സംസ്ഥാനത്തെ 25 ശതമാനം ഏലകൃഷിയും നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തിലുണ്ടായ പേമാരിയോടൊപ്പം കാറ്റും ഏലക്കൃ ഷിയുടെ നാശത്തിനു കാരണമായി. മിക്ക സ്ഥലത്തും ചെടികള്‍ തന്നെ വേരറ്റുപോയി. പ്ലാന്റേഷനില്‍ വെള്ളം കെട്ടികിടന്നതും മണ്ണൊലിപ്പും ദുരന്ത ത്തിന്റെ ആക്കം കൂട്ടി. പല പ്ലാന്റേ ഷനിലും മേല്‍മണ്ണ് ഒലിച്ചു പോയി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിച്ചതിന്റെ 50 മുതല്‍ 55 ശതമാനം ഏലം മാത്രമേ ഈ വര്‍ഷം ഉത്പാദിപ്പിക്കാനാകൂ എന്നാണ് അ സോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള നടത്തിയ പഠനത്തില്‍ പറയുന്നത്. ഏലം കൃഷിയില്‍ 400 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെ ന്നാണ് കണക്ക്. വിപണിയില്‍ കാര്യ മായ നഷ്ടമുണ്ടായിട്ടില്ല എന്നത് മാത്രമാണ് ഏലം കര്‍ഷകരുടെ ആശ്വാസം. കനത്ത നാശനഷ്ടമാണ് ഉണ്ടായത് എങ്കിലും വില താങ്ങി നിര്‍ത്താന്‍ സാധിച്ചു. ഏലത്തിന് നല്‍കുന്ന സബ്സിഡി 15000 ഹെക്റ്ററി ലേക്ക് ഉയര്‍ത്തണം. 15000 ഹെക്റ്റര്‍ ഭൂമിയില്‍ കൂടി പുതുതായി ഏലം വച്ചുപിടിപ്പിക്കണം എന്നീ ആവശ്യ ങ്ങള്‍ ഏലം കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ വിള നഷ്ടമാണ് റബര്‍ കൃഷിയില്‍ സംഭ വിച്ചിട്ടുള്ളത്. ഓഗസ്റ്റ് മാസത്തി ലുണ്ടായ കനത്ത മഴയും വെള്ളപ്പൊ ക്കവുമാണ് റബര്‍ മരങ്ങളുടെ നഷ്ടത്തിന് കാരണമായത്. സംസ്ഥാന ത്തെ ഭൂരിഭാഗം റബര്‍ മരങ്ങളും ഇതിനെ തുടര്‍ന്ന് ഇലപൊഴിച്ചു. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങ ളിലും റബറില്‍ നിന്ന് ഒന്നും ഉത്പാദി പ്പിക്കാന്‍ കഴിഞ്ഞില്ല. നവംബര്‍ മാസത്തോടു കൂടി റബര്‍ മരങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടു. ഡിസംബര്‍ അവസാനം മുതല്‍ 2019 ജനുവരി വരെ നീണ്ട കൊടും തണുപ്പാണ് റബര്‍ കൃഷിയെ വീണ്ടും തളര്‍ ത്തിയത്. ഇടുക്കി- കോട്ടയം ജില്ലകളി ലുണ്ടായ കൊടും തണുപ്പിനെ തുടര്‍ ന്ന് പല സ്ഥലങ്ങളിലും റബര്‍ മരങ്ങള്‍ ഇലപൊഴിച്ചതായാണ് റിപ്പോര്‍ട്ട്. വരും മാസങ്ങളിലും റബര്‍ വ്യവസായം കടന്നുപോകുക കടുത്ത പ്രതിസന്ധി യിലൂടെ തന്നെയാണ്.

പുനര്‍ജനി പാക്കേജ്

വെള്ളപ്പൊക്ക ദുരിതാശ്വാസം ലക്ഷ്യമിട്ട് 22.19 കോടി രൂപയുടെ പാക്കേജിനു അംഗീകാരം ലഭിച്ചു. അതോടൊപ്പം പുതുകൃഷി ആരംഭിക്കുന്നതിനും വിത്ത്, കുമ്മായം പോലുള്ള ഉത്പാദനോപാധികള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ വിതരണം, മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി 43.62 കോടി രൂപയുടെ പ്രത്യേക പുനര്‍ജനി പാക്കേജിനും അംഗീകാരം ലഭിച്ചു. എന്നാല്‍ ഇതു കൊണ്ടൊന്നും കര്‍ഷകര്‍ക്ക് ആശ്വാസമാകുമോ? ഇല്ലെന്നാണ് ഉത്തരം. വീണ്ടും വിളയിറക്കാന്‍ കര്‍ഷകന്റെ കൈയില്‍ പണമില്ല. നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. ബാങ്കുകള്‍ പണം കൊടുക്കുന്നില്ലെന്നു മാത്രമല്ല, വായ്പ തിരിച്ചടവ് മുടങ്ങിയതിനു ജപ്തി നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതാണ് കേരളത്തിലെ കര്‍ഷകന്റെ അവസ്ഥ. നഷ്ടപരിഹാരം എങ്കിലും നല്‍കി കര്‍ഷകരെ രക്ഷിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. അല്ലെങ്കില്‍ തകരുന്നതു കേരളത്തിന്റ സമ്പദ് വ്യവ സ്ഥയാകും.


ദുരന്തഭൂമിയില്‍ ഇനിയെന്ത്?

അതിജീവനത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ കര്‍ഷകര്‍ക്കാകണം. ആരും തങ്ങളുടെ സംരക്ഷകരായി വരില്ലെന്നുള്ള തിരിച്ചറിവില്‍ സ്വയം രക്ഷാകവചമൊരുക്കുവാന്‍ കര്‍ഷക രുടെ കൂട്ടായ്മകളുണ്ടാകണം. ഒറ്റ പ്പെട്ടും വിഘടിച്ചുമുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് അവസാനം കണ്ടെത്തണം. സംഘടിച്ചുള്ള ശക്തമായ നീക്കങ്ങ ള്‍ക്കു മാത്രമേ വരുംനാളുകളില്‍ ലക്ഷ്യം കണ്ടെത്താനാവൂ. ദുരന്ത ഭൂമിയെ കൃഷിഭൂമിയാക്കുവാന്‍ കൃഷി രീതികളില്‍ മാറ്റങ്ങളുണ്ടാകണം. ഏകവിളയില്‍ നിന്ന് ബഹു വിളയി ലേക്കുള്ള ചുവടുവെയ്പ് അടിയന്ത രമാണ്. കാലാവസ്ഥാ വ്യതിയാന ങ്ങള്‍ തിരിച്ചറിഞ്ഞും ആഗോളവി പണിയിലെ സാധ്യതകള്‍ കണ്ടും കാര്‍ഷികമേഖലയില്‍ പുനക്രമീ കരണമുണ്ടാകണം. മണ്ണിനെ സ്‌നേ ഹിക്കുന്ന കര്‍ഷകന് വന്യമൃഗ ശല്യത്തില്‍ നിന്ന് സംരക്ഷണ മേകു വാനുള്ള നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയാറാകണം. ബാങ്കിംഗ് സംവിധാനങ്ങളില്‍ നിന്ന് സൗഹാര്‍ദ്ദ സമീപനം വേണം. ഉത്തരവുകള്‍ ഇറക്കിയുള്ള ഉദ്യോഗസ്ഥ പീഢന ത്തിന് അറുതിയുണ്ടാകണം. ഇവയ് ക്കെല്ലാമുപരി ആത്മാര്‍ഥമായ കര്‍ഷ കസമീപനവും നിസ്വാര്‍ഥമായ സേവ നവും ഇച്ഛാശക്തിയോടുകൂടിയ പ്രവര്‍ത്തനങ്ങളും ഫലവത്തായാല്‍ മാത്രമേ പ്രളയദുരിതഭൂമിയില്‍ കര്‍ഷകരെ രക്ഷിച്ചു നിലനിര്‍ത്താ നാവൂ.

കര്‍ഷകരുടെ കണ്ണീരൊപ്പണം
ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍, ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം

പ്രകൃതിക്ഷോഭവും പ്രളയവും സൃഷ് ടിച്ച ദുരന്ത ആഘാതത്തില്‍ നിന്ന് കര്‍ഷകര്‍ കരകയറിയിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.

ദുരിതാശ്വാസം-ദുരിതാഘോഷം

ഓരോ ദുരന്തത്തിന്റെയും ബാക്കി പത്രം സര്‍ക്കാരിന്റെ ദുരിതാശ്വാ സപ്രഖ്യാപനങ്ങളാണ്. ഈ പ്രഖ്യാ പനങ്ങളില്‍ എന്തൊക്കെ നടപടികളു ണ്ടായെന്ന് അന്വേഷിച്ചാല്‍ നിരാശ യുണ്ടാകും. 2018-ലെയും 2019-ലെയും പ്രളയത്തെത്തുടര്‍ന്ന് നടത്തിയ പ്രഖ്യാപനങ്ങളില്‍ പലതും നടപ്പി ലാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റി. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ പ്രഖ്യാപിത സഹായങ്ങള്‍ പലതുമെത്തിയില്ല. ആദ്യഗഡുവായ 10,000 രൂപ പോലും സത്യസന്ധമായി അര്‍ഹത പ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ പാളിച്ചകള്‍ തുടരുന്നു.

മോറട്ടോറിയം ചതിക്കുഴി

കര്‍ഷകര്‍ ബാങ്കുകളില്‍ നിന്ന് എടുത്തിരിക്കുന്ന വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുള്ള ഉത്ത രവ് 2018 ഒക്‌ടോബര്‍ 12ന് സര്‍ക്കാര്‍ പുറത്തിറക്കി. 2018 ഓഗസ്റ്റിലെ പ്രളയദുരന്തത്തെത്തു ടര്‍ന്നാണ് ഈ ഉത്തരവ്. പക്ഷെ ബാങ്കുകള്‍ ഉത്തര വിനെ മുഖവിലയ് ക്കെടുത്തില്ല. ജപ്തിനടപടികള്‍ തുടര്‍ന്നു. സര്‍ ക്കാരും ബാങ്കുകളും നിരവധി ചര്‍ച്ച കള്‍ നടത്തി. 2019 മാര്‍ച്ച് അഞ്ചിന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് 2019 ഡിസംബര്‍ 31 വരെ മോറട്ടോ റിയം നീട്ടി. 2019ലെ പ്രളയത്തെ ത്തുടര്‍ന്ന് വീണ്ടും മോറട്ടോറിയം. ബാങ്ക് അധികൃതരുടെ ധിക്കാര സമീപനത്തില്‍ മോറട്ടോറിയം ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കര്‍ഷ കര്‍ക്ക് ദുഃഖദുരിതം ബാക്കി.

കടങ്ങള്‍ എഴുതിത്തള്ളണം

മോറട്ടോറിയം പ്രഖ്യാപിച്ചാല്‍ എല്ലാമായെന്ന ചിന്തയാണ് പരക്കെ പ്രചരിക്കുന്നത്. ഇത് വലിയ ചതിക്കു ഴിയാണ്. മോറട്ടോറിയം കാലാവധി യിലെ പലിശ കാലാവധിക്കുശേഷം മുതലിനോടു ചേര്‍ത്ത് തിരിച്ചടയ് ക്കേണ്ടിവരുമെന്ന കാര്യം പലരും മറക്കുന്നു. കൃഷി ഒന്നാകെ നഷ്ടപ്പെട്ട കര്‍ഷകര്‍ എങ്ങനെ തിരിച്ചടവ് നട ത്തും? അതേസമയം കാര്‍ഷിക കട ങ്ങള്‍ എഴുതിത്തള്ളുകയാണ് വേണ്ട ത്. ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളില്‍ കാര്‍ഷികകടങ്ങള്‍ എഴുതി ത്തള്ളാന്‍ തെരുവിലിറങ്ങിയ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ മറ്റൊരു നയം വിരോധാ ഭാസമല്ലേ?

പ്രളയസെസ്

പ്രളയദുരിതാശ്വാസത്തിന് മാര്‍ഗം കണ്ടെത്താന്‍ 2019ലെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് പ്രളയ സെസ്. 2019 ഓഗസ്റ്റ് മുതല്‍ സെസ് നടപ്പാക്കി. അനന്തരഫലമോ, പ്രളയ ബാധിതപ്രദേശങ്ങളിലെ ജനങ്ങളു ള്‍പ്പെടെ ഇപ്പോള്‍ സെസ് കൊടു ക്കാന്‍ വിധിക്കപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന അവസ്ഥയാണ് പ്രളയസെസിലൂടെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇളകിവരുന്ന വന്യമൃഗങ്ങള്‍

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും വനമേഖല യുടെ ഉള്ളറകളില്‍ ചലനങ്ങളു ണ്ടാക്കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് വന്യമൃഗങ്ങള്‍ ജനവാസമേഖല കളിലേക്കിറങ്ങി കൃഷിനാശം വരു ത്തുന്നത് നിത്യസംഭവമായി രിക്കുന്നു. വന്യജീവികള്‍ പെരുകുന്ന തുമൂലം വനത്തിനുള്ളില്‍ ഇടമില്ലാതെ പ്രകൃ തിക്ഷോഭനാളുകളില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യു ന്നു. അനന്തരഫലമോ, സര്‍ ക്കാര്‍ വിവരാവകാശത്തിലൂടെ നല്‍കിയ കണക്കു പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 87 കര്‍ഷകരാണ് വന്യമൃഗങ്ങളുടെ അക്രമണത്തില്‍ ജീവന്‍വെടിഞ്ഞത്. കൃഷിയുടെ സര്‍വനാശം വേറെയും.

കര്‍ഷകര്‍ കുടിയിറങ്ങുമോ?

നിരന്തരമുള്ള ദുരന്തങ്ങള്‍ ജീവനും ജീവിതത്തിനും പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എല്ലാമുപേക്ഷിച്ച് പലായനം നടത്തേണ്ട ദുരവസ്ഥയിലാണ് കര്‍ഷകനിന്ന്. സംരക്ഷിക്കാനാരുമില്ലാത്ത അവസ്ഥയില്‍ സ്വയം എരിഞ്ഞടങ്ങുവാന്‍ മനസുവരാതെ കൈവെള്ളയിലും ഹൃദയത്തിലും തഴമ്പുള്ള കര്‍ഷകര്‍ സ്വയം കീഴടങ്ങുന്നു.
കാര്‍ഷികമേഖലയ്ക്കു പാഴ് പ്രഖ്യാപനം മാത്രം

ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍
ഹൈറേഞ്ച് സംരക്ഷണ സമിതി

2018 ലും 2019 ലും ഉണ്ടായ വലിയ പ്രളയങ്ങള്‍ കേരളത്തിന്റെ സമസ്തമേഖലകളെയുംഗുരുതരമായി ബാധിച്ചു. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ പാഴ് പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ലഭിച്ചില്ല. പ്രളയത്തിന്റെ തീവ്രതയില്‍ കാര്‍ഷിക മേഖലയിലെ മേല്‍മണ്ണ് വളരെയേറെ ഒഴുകിപ്പോയി. ചെടികള്‍ക്ക് ആവശ്യമായ പല മൂലകങ്ങളും മണ്ണില്‍ നിന്ന് നഷ്ടപ്പെട്ടു. അതിനാല്‍ ഉത്പാദനം പൂര്‍ണമായും നിലച്ചു. കൊക്കോ, ജാതി, കുരുമുളക്, ഏലം, തെങ്ങ്, കാപ്പി തുടങ്ങി മിക്ക നാണ്യവിളകളും സുഗന്ധവ്യഞ്ജനങ്ങളും ഫലരഹിതങ്ങളായി. അതുപോലെ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വാര്‍ഷിക വിളകള്‍ പൂര്‍ണമായും നശിച്ചു. അവയുടെ വിത്തുപോലും കിട്ടാത്ത സാഹചര്യമാണുള്ളത്. ക്യഷിയിടങ്ങള്‍ നശിച്ചുപോയ കര്‍ഷകര്‍ക്കും, വളര്‍ത്തുമ്യഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും യാതൊരുരു സഹായവും ലഭിച്ചില്ല.
എന്നാല്‍ ഈ നഷ്ടങ്ങളുടെയൊല്ലാം ക്യത്യമായ കണക്കുക്കുപോലും എടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തകര്‍ച്ചയില്‍ നിന്ന് കരകയറുവാന്‍ യാതൊരു സഹായവും ലഭിയ്ക്കക്കാത്തവരാണ് കര്‍ഷകര്‍. പല കര്‍ഷകരും വായ്പ എടുത്താണ് ക്യഷിയിറക്കിയത്. വായ്പ തിരിച്ചടക്കുന്നതിനായി മൊറൊട്ടോറിയം പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആ കാലഘട്ടത്തിന്റെ പലിശകൂടി കണക്കുകൂട്ടി കര്‍ഷകര്‍ക്ക് തിരിച്ചടക്കേണ്ടി വന്നത് ഫലത്തില്‍ പ്രതിസന്ധി വര്‍ധിപ്പിച്ചു.

വയനാട്, കുകുട്ടനാട്, ഇടുക്കി തുടങ്ങിയ പ്രത്യേക കാര്‍ഷിക മേഖലകള്‍ക്കു വേണ്ടി പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നുന്നുവെങ്കിലും അതെല്ലാം പ്രഹസനങ്ങളായിരുന്നു.കഴിഞ്ഞ ബജറ്റിന്റെ സമയത്ത് പ്രത്യേക സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ഇടുക്കിക്കുവേണ്ടി 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിയ്ക്കപ്പെട്ടിരുന്നുരുന്നു. മണ്ണിന്റെ ഘടന തന്നെ മാറിപ്പോയ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയുടെ പൊതുവായ പുനരുരുജ്ജീവനത്തിന് സഹായകരമാകുന്ന നിരവധി പദ്ധതികളും താത്കാലിക ആശ്വാസമേകുന്ന ഒത്തിരി നിര്‍ദ്ദേശങ്ങളും ഇതില്‍ ഉണ്ടായി. എട്ടു മാസങ്ങള്‍ ആയെങ്കിലും ഇതുവരെ ഒരുരു നടപടിയും ഉണ്ടായില്ല. ഇതിന്റെ നടത്തിപ്പിനായി ഒരുരു സ്‌പെഷല്‍ ഓഫീസറെ നിയമിക്കണമെന്നും ജില്ലാതലത്തില്‍ പദ്ധതി ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരുരു യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യാതൊന്നും സംഭവിച്ചില്ല.

ഭരണപക്ഷം പ്രളയത്തില്‍പ്പെട്ട കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചു. അതിന്റെ ഭാഗമായ രാഷ്ട്രീയ കക്ഷികള്‍ മൗനികളാണ്. പ്രതിപക്ഷത്തുള്ളവര്‍ തെരഞ്ഞെടുപ്പ് സമയത്ത് കാര്‍ഷികമേഖലയിലുണ്ടായ ചില ആത്മഹത്യകളെ കര്‍ഷകാത്മഹത്യകളായി പെരുപ്പിച്ച് കാണിച്ച് വോട്ടു തട്ടാന്‍ ശ്രമിച്ചതല്ലാതെ കാര്‍ഷിക മേഖലയ്ക്ക് കൈത്താ ങ്ങാകാവുന്നപദ്ധതികള്‍ക്കു വേണ്ടിയോ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പില്ലാക്കുന്നതിനുനുവേണ്ടിയോ ഒന്നും ചെയ്യുന്നില്ല. ഫലത്തില്‍ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖല തകര്‍ന്നിട്ടും പരിപൂര്‍ണ അവഗണന തുടകയാണ്.

ജോണ്‍സണ്‍ വേങ്ങത്തടം