മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
Tuesday, November 12, 2019 5:40 PM IST
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വൈക്കം കുലശേഖരമംഗലം നളന്ദയിലെ ജി. സുന്ദരന്‍. പച്ചക്കറി, മത്സ്യ ഉത്പാദനരംഗത്ത് തന്റേതായ ആശയങ്ങള്‍ നടപ്പാക്കി, വളരെ ചെലവു കുറഞ്ഞ രീതിയില്‍ ഉത്പാദന വര്‍ധനവുണ്ടാക്കുന്ന കര്‍ഷകരില്‍ ഒരാളാണ് സുന്ദരന്‍. ഇപ്പോള്‍ കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചും കൂടുമത്സ്യക്കൃഷി നടത്തിയും കൃഷി ജീവിതം കൂടുതല്‍ ഭദ്രമാക്കിയിരിക്കുന്നു.

കരിമീന്‍ വളര്‍ത്തല്‍

കരിമീന്‍ വിത്ത് ഉത്പാദനരംഗത്ത് അധികം കര്‍ഷകരില്ല. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിന് ഓരു ജലാശയങ്ങളാണ് കൂടുതല്‍ അനുയോജ്യം. ഫെബ്രുവരി മുതല്‍ മേയ് വരെയും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് കരിമീനിന്റെ പ്രജനനകാലം. സുന്ദരന്റെ ഫാമില്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം പ്രജനനം നടക്കുന്നുണ്ട്. നാല്പതു വര്‍ഷമായി കാര്‍ഷികരംഗത്തു നിന്നുമാറാതെ സ്വന്തം രീതിയില്‍ പച്ചക്കറികളും മീന്‍വളര്‍ത്തലും നടത്തുന്ന ഇദ്ദേഹം പുരയിടത്തിലെ പത്തു സെന്റിലെ കുളത്തിലാണ് ഒരു വര്‍ഷം മുമ്പ് കരിമീന്‍ കുഞ്ഞുങ്ങളുടെ ഉത്പാദന ഫാം തുടങ്ങുന്നത്. തനി നാടന്‍ രീ തിയിലാണെങ്കിലും സ്വന്തമായ ആശയങ്ങളും പരീക്ഷിച്ചിരിക്കുന്നു. വേനല്‍ക്കാലത്തു പോലും നിറയെ വെള്ളമുള്ള കുളം ശുദ്ധീകരിച്ച് മത്സ്യങ്ങളില്ലെന്ന് ഉറപ്പു വരുത്തിയശേഷം. നാല് അരികിലും കുമ്മായം വിതറി ജലാശയത്തിലെ പുളിരസം കുറയ്ക്കും. വര്‍ഷത്തില്‍ ഒരു തവണ കുമ്മായം വിതറുന്നത് നല്ലതാണ്. കൂടാതെ ശുദ്ധമായ പച്ചച്ചാണകം ഇഴയകലമുള്ള തുണിയില്‍ പൊതിഞ്ഞ് കുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യഘട്ടത്തില്‍ നിക്ഷേപിക്കണം. ഇത് മല്‍സ്യങ്ങള്‍ ക്ക് തീറ്റയാകുന്ന പ്ലവകങ്ങളുടെ ഉ ത്പാദനത്തിന് നല്ലതാണ്. ഒന്നര ആഴ്ചകഴിയുമ്പോള്‍ 40 ജോടി കരിമീനുകളെ വിവിധഘട്ടങ്ങളിലായി നി ക്ഷേപിക്കും. പുരയിടത്തിലെ മറ്റൊരു കുളത്തില്‍ നിന്നും നാട്ടിന്‍പുറത്തെ മറ്റു കുളങ്ങളില്‍ നിന്നും പിടിച്ചെടുത്ത കരിമീനുകളെയാണ് നിക്ഷേപിച്ചത്. കുളത്തിലെ ജലവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞാല്‍ ഇണകളാകും. ആണ്‍ പെണ്‍ മല്‍സ്യങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ എത്ര ഇണകളുണ്ടെന്ന് കൃത്യമായി അറിയില്ല. ആദ്യ വര്‍ഷം അമ്പതിനായിരത്തിലേറെ കരിമീന്‍ കുഞ്ഞുങ്ങളെ വിറ്റു.

പതിനഞ്ചു വര്‍ഷത്തിലേറെക്കാലമായി അലങ്കാരമത്സ്യ ഉത്പാദനരംഗത്ത് സജീവമായിട്ടുള്ള സുന്ദരന്‍ മികച്ച വരുമാനം ലക്ഷ്യമാക്കിയാണ് കരിമീന്‍ കുഞ്ഞുങ്ങളുടെ ഉത്പാദന രംഗത്തേക്ക് ഇറങ്ങിയത്. വിവിധതരം മത്സ്യങ്ങളെ നാല്പതു വര്‍ഷമായി വളര്‍ത്തുന്ന ഈ കര്‍ഷകന്‍ ചെലവു കുറഞ്ഞ രീതികളാണ് നടപ്പാക്കുന്നത്. ലഭ്യമാകുന്ന ഗുണമേന്മയുള്ള കരിമീനുകളെ കുഞ്ഞ് ഉത്പാദന ഫാമില്‍ നിക്ഷേപിക്കുന്നു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ കുഞ്ഞുങ്ങളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഫിഷറീസ് വകുപ്പിന്റെ രീതി അനുസരിച്ച് കുളത്തിലെ കളമല്‍സ്യങ്ങളുടെയും സസ്യങ്ങളുടെയും നശീകരണത്തിന് നീര്‍വാളക്കുരു മഹവപിണ്ണാക്ക്, ടീ സീഡ് കേക്ക് എന്നിവ ഒരു സെന്റിന് ഇരുനൂറ് ഗ്രാം എന്ന തോ തില്‍ ഉപയോഗിക്കാവുന്നതാണ്. ഒരു കിലോ കല്ലുപ്പ് പത്തു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ചുകൊടുത്താല്‍ കളമല്‍സ്യങ്ങളെ നീക്കം ചെയ്യാം. പിന്നീട് ഒരു ദിവസത്തിനു ശേഷം സെന്റിന് നാല് കിലോ എന്നതോതില്‍ കുമ്മായം നല്‍കണം. പത്തു കിലോ ഉണങ്ങിയ ചാണകവും മൂന്നൂറു ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും അമ്പതു ഗ്രാം യൂറിയയും ഇടണം.

പ്‌ളവകങ്ങളുടെ ഉത്പാദനത്തിനു വേണ്ടിയാണിത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം വിത്തുത്പാദനത്തിനുള്ള കരിമീനുകളെ നിക്ഷേപിക്കാം. പതിനാല് സെന്റീമീറ്റര്‍ നീളവും (പന്ത്രണ്ട് സെന്റീമീറ്ററില്‍ കുറയരുത്) 80 മുതല്‍ നൂറു ഗ്രാം വരെ തൂക്കവുമുള്ള മത്സ്യങ്ങളെ വേണം നിക്ഷേപിക്കാന്‍. ഒരു സെന്റില്‍ എട്ടെണ്ണം വരെ വളര്‍ത്താം. ദിവസവും രണ്ടുനേരം തിരിതീറ്റ നല്‍കണം. ഒരു മാസത്തിനുള്ളില്‍ മുട്ടയിട്ടു തുടങ്ങും. ഒരു മാസം കഴിഞ്ഞ് കുഞ്ഞുങ്ങളെ പിടിച്ച് നഴ്‌സറിയിലേക്കു മാറ്റാവുന്നതാണ്. ആറു സെന്റീമീറ്റര്‍ നീളമുള്ള കുഞ്ഞുങ്ങളെയാണ് വില്പന നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ രീതികള്‍ പാലിക്കാതെ സ്വന്തമായ രീതിയില്‍ കരിമീനുകളെ സംരക്ഷിക്കുന്ന ഇദ്ദേഹം മീനുകള്‍ക്ക് മുട്ടയിടുന്നതിനുള്ള സൗകര്യം കുളത്തില്‍ ഒരുക്കിയിട്ടുണ്ട്. മുളയുടെ തൂണുകളാണ് നിരത്തിക്കുഴിച്ചിട്ടിരിക്കുന്നത്. മത്സ്യസംരക്ഷണത്തിനു കുളത്തിനു മുകളില്‍ വലകെട്ടുന്നതിനു പകരം പച്ചക്കറി പന്തല്‍ കുളത്തിനു മുകളില്‍ ഒരുക്കിയിരിക്കുന്നു. ഇതില്‍ പടവലമാണ് കയറ്റിയിരിക്കുന്നത്. മുളകളില്‍ മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞ് ഒരുമാസമാകുമ്പോള്‍ പിടിച്ച് നഴ്‌സറി ടാങ്കിലേക്കു മാറ്റും. കുഞ്ഞുങ്ങളെ മാറ്റിയാല്‍ വീണ്ടും മുട്ടയിട്ട് കുഞ്ഞു ങ്ങളുണ്ടാകും. ജോഡികളായവ കുളത്തില്‍ പ്രത്യേകം ഒരുക്കുന്ന സ്ഥലത്താണ് വാസമുറപ്പിക്കുന്നത്. ഒരു മത്സ്യം 750 മുതല്‍ 1500 വരെ കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുന്നുണ്ട്. ഇതില്‍ ചെറിയൊരു ശതമാനം വിവിധ കാരണങ്ങളാല്‍ നശിച്ചു പോകാം. തള്ള മത്സ്യങ്ങള്‍ക്ക് പ്രത്യേക തീറ്റകള്‍ ദിവസേന രണ്ടു നേരം നല്‍കുന്നു. നഴ്‌സറിയില്‍ പരിപാലിക്കുന്ന കരിമീന്‍ കുഞ്ഞുങ്ങള്‍ക്കും പ്രത്യേക തീറ്റയാണ് നല്‍കുന്നത്. മൂന്നു സെന്റീമീറ്റര്‍ വലിപ്പമായാല്‍ വില്പന തുടങ്ങും. ഒന്നിന് 12 രൂപനിരക്കിലാണ് വില്‍പന. ഉത്പാദിപ്പിക്കുന്ന മീനുകളെല്ലാം പ്രാദേശികമായി വിറ്റു പോകുന്നുണ്ട്. ഇടയ്ക്ക് സര്‍ക്കാര്‍ ഫാമുകളും കരിമീന്‍ കുഞ്ഞുങ്ങളെ വാങ്ങും. അലങ്കാരമത്സ്യങ്ങളെ ചാലക്കുടിയിലെ വില്പനക്കാരാണ് വാങ്ങുന്നത്.


കൂട് മല്‍സ്യക്കൃഷി

പുരയിടത്തിലെ മുപ്പത് സെന്റിലേറെ വലിപ്പമുള്ള കുളത്തിലാണ് സുന്ദരന്‍ കൂട് മത്സ്യക്കൃഷി ചെയ്യുന്നത്. തുറസായ ജലാശയങ്ങളില്‍ നിയന്ത്രിത ചുറ്റുപാടില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് തീറ്റനല്‍കി വളര്‍ത്തുന്ന രീതി സുന്ദരന്‍ ആരംഭിച്ചത് ഒരു വര്‍ഷം മുമ്പാണ്. ലാഭകാരമായി ഒരു വിളവെടുപ്പ് കഴിഞ്ഞ് രണ്ടാമത്തെ ഗ്രൂപ്പിനെ നിക്ഷേപിച്ചു കഴിഞ്ഞു. കട്‌ല, രോഹു, നാടന്‍ കാരി, കരിമീന്‍ തുടങ്ങിയവയെ നാല്പതു വര്‍ഷമായി വളര്‍ത്തിവരുന്ന കുളമായിരുന്നു ഇത്. ഇപ്പോഴും ഇതില്‍ വിവിധതരം മത്സ്യങ്ങളുണ്ട്. ഇവയോടൊപ്പമാണ് കൂട് മത്സ്യകൃഷിയും. കേരളത്തില്‍ ഏറെ പ്രചാരം നേടിയ ഗി ഫ്റ്റ്തിലാപ്പിയകൃഷിയും സുന്ദരന്‍ ചെയ്യുന്നുണ്ട്. ഫഷറീസ് വകുപ്പില്‍ നിന്നു സൗജന്യനിരക്കില്‍ ലഭിച്ച രണ്ടായിരം തിലാപ്പിയ കുഞ്ഞുങ്ങളുണ്ട് കൂട്ടില്‍. തീറ്റ നല്‍കി വളര്‍ ത്തുന്ന ഈ മത്സ്യങ്ങള്‍ എട്ടു മാസത്തിനുള്ളില്‍ അറുനൂറ് ഗ്രാമിലേറെ തൂക്കം വയ്ക്കും.


ഇതിനോടൊപ്പം അഞ്ഞൂറ് കരിമീ നുകളെയും കൂട്ടില്‍ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് നല്‍കുന്ന തീറ്റയുടെ അവശിഷ്ടങ്ങള്‍ കുളത്തിലെ മറ്റു മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു. കുളത്തിലെ മത്സ്യങ്ങളെ വേഗം പിടിച്ച് വില്‍പന നടത്താന്‍ കൂടു മത്സ്യക്കൃഷി കൊണ്ടു സാധിക്കും. ഈ തരത്തില്‍ മത്സ്യപരിപാലനം ചിട്ടപ്പെടുത്തിയാല്‍ കൂടുതല്‍ വില ലഭിക്കും.

കൃഷിരീതി

പച്ചക്കറി കൃഷിക്ക് ആദ്യം നിലം ഒരുക്കി കുമ്മായം വിതറും. ഒന്നര ആഴ്ച കഴിഞ്ഞ് കോഴിവളം, കാലിവളം, എല്ലുപൊടി എന്നിവ ഇട്ട് തടം ഒരുക്കും. തടത്തില്‍ അറുപത് സെന്റീമീറ്റര്‍ അകലത്തില്‍ വിത്തിടും. ഇവ മുളച്ചു കഴിയുമ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം ചാണകം പുളിപ്പിച്ച് ഒഴിക്കും. അമ്പതു ലിറ്റര്‍ വെള്ളത്തില്‍ 15 കിലോ കടലപ്പിണ്ണാക്കും പതിനഞ്ച് കിലോ പച്ചച്ചാണകവും യോജിപ്പിച്ച് ഏഴു ദിവസം ഇളക്കിയെടുക്കുന്ന ലായനിയില്‍ പത്തിരട്ടി വെള്ളം ചേര്‍ത്താണ് ചെടികള്‍ക്ക് ഒഴിക്കുന്നത്. കൂടാതെ ആഴ്ചയില്‍ ഒരു ദിവസം ജീവാണുവളം നല്‍കും.

ജീവാണു വളം വൈകിട്ടാണ് നല്‍കേണ്ടത്. രാവിലെ ഒഴിച്ചാല്‍ ബാക്ടീരിയ നശിക്കാന്‍ സാധ്യത കൂടുതലാണ്. കീടങ്ങളെ നശിപ്പിക്കാന്‍ ഡെറ്റോള്‍ ലായനിയാണ് തളിക്കുന്നത്. പതിമൂന്ന് ലിറ്റര്‍ വെള്ളത്തില്‍ അമ്പത് മില്ലി ഡെറ്റോള്‍ ചേര്‍ത്ത് കീടങ്ങളെ അകറ്റാനായി തളിക്കാം. ഏതാനും വര്‍ഷമായി സുന്ദരന്‍ ഈ രീതിയിലൂടെയാണ് കീടങ്ങളെ നശിപ്പിക്കുന്നത്.

വില്പന

ആത്മവിശ്വാസവും പണിയെടുക്കാനുള്ള മനസും ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്നതാണ് കൃഷിയുടെ അടിസ്ഥാന തത്ത്വം. പരീക്ഷണങ്ങളിലൂടെ ചെലവുകള്‍ ചുരുക്കി മികച്ച ഉത്പാദനം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങള്‍ ഇടയ്ക്ക് പരാജയപ്പെടുമെങ്കിലും തോല്‍വിയെ അതിജീവിക്കാനുള്ള മനക്കരുത്താണ് കൃഷിയിലെ പുത്തന്‍ രീതികളിലേക്ക് തിരിയാന്‍ കാരണം.

ഭാര്യയുടെ പിന്‍തുണയും സപ്പോ ര്‍ട്ടുമുള്ള സുന്ദരനെ സഹായിക്കാന്‍ ഒരു പണിക്കാരനുമുണ്ട്. പ്രാദേശികമായും വൈക്കത്തും വില്പന നടത്തിയിരുന്ന പച്ചക്കറികളില്‍ നിന്ന് കൂടുതല്‍ നേട്ടം കൈവരിക്കാനായി.

ഇരുപത് കര്‍ഷകര്‍ ഒത്തുകൂടി ഒരു സംഘം ഉണ്ടാക്കിയത് ഏഴു വര്‍ഷം മുമ്പാണ്. വിഎഫ്പിസികെയുമായി സഹകരിച്ച് 'സസ്യവെജിറ്റബിള്‍സ്' എന്ന കര്‍ഷക വിപണനകേന്ദ്രം വൈക്കം ടോള്‍ ജംഗ്ഷനില്‍ തുടങ്ങിയതോടെ അധിക വരുമാനമായി. ഇടനിലക്കാരില്ലാതെ മാര്‍ക്കറ്റു വിലയ്ക്ക് വില്‍ക്കുമ്പോള്‍ തന്നെ ഉയര്‍ന്ന വിലയാണ് കര്‍ഷകനു ലഭിക്കുന്നത്.

നല്ല പച്ചക്കറികള്‍ തേടി വരുന്നവര്‍ക്ക് ആവശ്യാനുസരണം പച്ചക്കറികള്‍ ഇല്ലാത്ത അവസ്ഥയാണ് പലപ്പോഴും. മണ്ണിന്റെ ജീവന്‍നശിപ്പിക്കാതെ പ്രകൃതിസൗഹൃദ കൃഷി നടപ്പാക്കിയാല്‍ കാര്‍ഷിക രംഗത്ത് തളര്‍ച്ച ഉണ്ടാകില്ലെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം തന്റെ കാര്‍ഷികമായ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും തയാറാണ്. ഫോണ്‍: സുന്ദരന്‍- 9446122810

പച്ചക്കറിക്കൃഷി

കൃഷിയോടല്‍പം സ്‌നേഹക്കൂടുതല്‍ കാട്ടുന്ന മലയാളികള്‍ക്കും കര്‍ഷകര്‍ക്കും ഒരു മാതൃകാ കര്‍ഷകനാണ് സുന്ദരന്‍. ഒന്നര ഏക്കര്‍ പാടത്താണ് പച്ചക്കറിക്കൃഷി. കൂടാതെ ഒരേക്കര്‍ പാട്ട ഭൂമിയിലും കൃഷിയുണ്ട്. പയര്‍, മത്ത, വെള്ളരി, കോവല്‍, പടവലം, പാവല്‍, വെണ്ട, വഴുതന തുടങ്ങിയവയാണ് പ്രധാനവിളകള്‍. ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് ജലസേചനം. വളരെ ചെറുപ്പം മുതല്‍ ആരംഭിച്ച പച്ചക്കറികൃഷി ഇന്നും സജീവമായിട്ടുണ്ട്. വിഎഫ്പിസികെയുടെ ആര്‍ക്കമംഗള്‍ ഇനം പയറാണ് പ്രധാനവിള. നട്ട് അമ്പതാം ദിവസം മുതല്‍ വിളവെടുക്കാന്‍ കഴിയും. ഒന്നിടവിട്ട ദിവസങ്ങളില്‍ പയറെടുക്കാം. തുടര്‍ച്ചയായി ഒന്നരമാസം വിളവു കിട്ടും. അര മീറ്ററോളം നീളമുണ്ട് പയറിന്.

നെല്ലി ചെങ്ങമനാട്‌