തേന്‍ ഉത്പാദിപ്പിക്കാനുള്ള അവകാശം കര്‍ഷകനു വേണം
വടക്കേ ഇന്ത്യയിലെ തേനില്‍ ജലാംശം 20 ശതമാനത്തില്‍ താഴെയാണ്. കാരണം അവിടെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് ഇറ്റാലിയന്‍ തേനീച്ചയെയാണ്. അവിടെ അന്തരീക്ഷ ഈര്‍പ്പം കുറവാണ്. കേരളത്തില്‍ വളര്‍ത്തുന്നത് ഞൊടിയല്‍ തേനിച്ചയെയാണ് (apis cerana indica). ഇവയുടെ തേനില്‍ സ്വാഭാവികമായി ജലാംശം കൂടുതലാണ്. ഒരു ഇറ്റാലിയന്‍ തേനീച്ചക്കൂട്ടില്‍ നിന്ന് ഒരു വര്‍ഷം ശരാശരി 40-60 കിലോ തേന്‍ ലഭിക്കുമ്പോള്‍ ഞൊടിയല്‍ തേനിച്ചക്കൂട്ടിലെ ഉത്പാദനം ശരാശരി 10-12 കിലോമാത്രമാണ്. കുറഞ്ഞ ഉത്പാദനക്ഷമതയുള്ള ഈയിനം തേനീച്ചയെ മാത്രം വളര്‍ത്താന്‍ കഴിയുന്ന നമ്മുടെ കര്‍ഷകന്, അവനു ലഭിക്കുന്ന താരതമ്യേന കുറഞ്ഞ അളവു തേന്‍, ഗുണനിലവാരമില്ലാത്തതാണെന്നു കല്പിച്ച്, വില്‍ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാല്‍ അത് അവരോടു ചെയ്യുന്ന വലിയ ദ്രോഹമാവും. മാത്രമല്ല തേനിന് ഒട്ടും ആകര്‍ഷകമല്ലാത്ത ഒരു വില മാത്രം ലഭിക്കുന്ന സാധാരണ കര്‍ഷകനെ, ഗുണമേന്മക്കുറവിന്റെ കാര്യം ചൂണ്ടിക്കാട്ടി കച്ചവടക്കാര്‍ വീണ്ടും ചൂഷണം ചെയ്യാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടും.

കേരളത്തില്‍ ഏറെപ്പേര്‍ തേനീച്ചയെ വളര്‍ത്തുന്നു. ഖാദികമ്മീഷന്‍, ഹോര്‍ട്ടികോര്‍പ്, റബര്‍ ബോര്‍ഡ്, കുടുംബശ്രീ മുതലായ ഏജന്‍സികള്‍ തേനീച്ച വളര്‍ത്തലിന് വന്‍പ്രചാരണവും സഹായവും നല്‍കുന്നു. ഇതുവഴി ഇവിടെ തേന്‍ ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. തേനിന്റെ ആഭ്യന്തര ഉപഭോഗവും സമീപകാലത്ത് ഏറെ വര്‍ധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് എഫ്എസ്എസ്‌ഐ പുതിയൊരു തീരുമാനത്തിലൂടെ കര്‍ഷകനെതിരേ വാളോങ്ങുന്നത്.

എന്താണ് വസ്തുത? എന്താണ് തേന്‍?

വിവിധതരം പൂക്കളില്‍ നിന്ന് തേനീച്ച സ്വീകരിച്ച്, കൂട്ടില്‍ സംഭരിക്കുന്ന വസ്തുവാണ് തേന്‍ എന്ന് പൊതുവേ കരുതപ്പെടുന്നു. ഇതു പൂര്‍ണമായും ശരിയല്ല. കേരളത്തില്‍ ലഭിക്കുന്ന തേനില്‍ നല്ലൊരു ശതമാനം പുഷ്‌പേതര സ്രോതസില്‍ നിന്നാണ്. റബര്‍, മരുത്, മഹാഗണി മുതലായ മരങ്ങളുടെ ഇലയില്‍ നിന്നാണ് തേനീച്ചയ്ക്കു തേന്‍ ലഭിക്കുന്നത്. കൂടാതെ ചക്ക, ആഞ്ഞിലിക്ക, ഞാവല്‍, റംബുട്ടാന്‍ മുതലായ പഴങ്ങളില്‍ നിന്നും തേനീച്ച തേന്‍ ശേഖരിക്കുന്നു. എഫിഡ് പോലുള്ള ജീവികള്‍ സ്രവിക്കുന്ന മധുരസ്രവവും തേനീച്ച എടുക്കുന്നു. ഒട്ടനവധി പുഷ്പങ്ങളില്‍ നിന്നു തേനീച്ചയ്ക്ക് തേന്‍ ലഭിക്കുന്നു. ഇതൊന്നും തേനല്ല, മറിച്ച് മധു ആണ്. അഥവാ പഞ്ചസാര ലായനിയാണ്. പ്രകൃതിയിലെ വിവിധ സ്രോതസുകളില്‍ നിന്നു ലഭിക്കുന്ന പഞ്ചസാര ലായനി അഥവാ മധുരം തേനീച്ച വലിച്ചു കുടിക്കുന്നു. അവയുടെ തേന്‍ സഞ്ചിയിലെത്തുന്ന ഈ ദ്രാവകം ദഹനരസങ്ങളുടെ പ്രവര്‍ത്തനത്താല്‍ ദഹിച്ച് ലഘു പഞ്ചസാരകളാവുന്നു. ഈ തന്മാത്രകളെ ശരീരത്തിന് ആഗിരണം ചെയ്യാനാവും. ആവശ്യമെങ്കില്‍ തേനീച്ചകള്‍ അവയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്, ഊര്‍ജത്തിനായി ഈ പഞ്ചസാര ഉപയോഗിക്കുന്നു. മിച്ചമുള്ളത് തേനീച്ചകള്‍ കൂട്ടിലെത്തി വായില്‍ നിന്ന് പുറംതള്ളുന്നു. കൂട്ടിലുള്ള തേനീച്ചകള്‍ ആവശ്യമെങ്കില്‍ ഇതു ഭക്ഷിക്കുന്നു. ബാക്കിയുള്ളത് തേനറകളില്‍ സംഭരിക്കുന്നു. ഇപ്രകാരം സംഭരിക്കുന്ന ലായനിയില്‍ ജലാംശം കൂടുതലായതിനാല്‍ തേന്‍ പുളിച്ചു പോവും. ഇതുണ്ടാവാതിരിക്കാന്‍ വേലക്കാരി തേനീച്ചകള്‍ ചിറകടിച്ച് കൂട്ടിലെ ഊഷ്മാവ് ഉയര്‍ത്തി, ഈ പഞ്ചസാര ലായനിയിലെ ജലാംശത്തെ ബാഷ്പീകരിക്കുന്നു. ഇപ്രകാരം ജലാംശം കുറച്ച്, അത് 20നും 24ശതമാനത്തിനും ഇടയ്ക്കാവുമ്പോള്‍ തേനീച്ചകള്‍ മെഴുകുപയോഗിച്ച് തേനറ അടയ്ക്കും. ഇതാണ് പക്വമായ തേന്‍. ഇപ്രകാരം തേനീച്ച അറയില്‍ അടച്ചു സൂക്ഷിച്ച തേന്‍ ഒരിക്കലും കേടാവില്ല. ഇതാണ് വസ്തുതയെങ്കില്‍ തേനീച്ചകള്‍ സ്വയം സംസ്‌കരിച്ച് അവയുടെ കൂട്ടില്‍ സൂക്ഷിക്കുന്ന തേന്‍ എങ്ങനെ നിലവാരമില്ലാത്തതാവും?

കേരളത്തില്‍ പ്രധാനമായും അഞ്ച് ഇനം തേനീച്ചകളെ കാണുന്നു.

1. പെരുന്തേനീച്ച 2. കോല്‍ തേനീച്ച 3. ഞൊടിയല്‍ തേനീച്ച,4. ഇറ്റാലിയന്‍ തേനീച്ച 5.ചെറുതേനീച്ച. ഇവയില്‍ ഓരോന്നിന്റെയും തേനിലെ ജലാംശം വ്യത്യാസപ്പെട്ടിരിക്കും. ഒരേ കൂട്ടില്‍ തന്നെ വിവിധ കാലങ്ങളിലും തേനിലെ ജലാംശം വ്യത്യസ്തമായിരിക്കും. തേന്‍ ഒഴുക്കുകാലത്ത് മഴ ഉണ്ടായാലും തേനിന്റെ ഗാഢതയില്‍ മാറ്റമുണ്ടാകും. കൂടാതെ അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതിനാല്‍, അന്തരീക്ഷ ഈര്‍പ്പം അധികമായ നമ്മുടെ പ്രദേശത്തെ തേനില്‍ ജലാംശം കൂടുതലാവാനും സാധ്യത ഏറെയാണ്.


മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ വിപണിയില്‍ നമ്മുടെ തേന്‍ സുഗമമായി വിറ്റഴിക്കാന്‍ കഴിയണമെങ്കില്‍ കേരളത്തിലെ തേനിന്റെ ജലാംശ പരിധി നിര്‍ണയിക്കുമ്പോള്‍, തേനീച്ചകള്‍ തേനറകളില്‍ അടച്ചു സൂക്ഷിക്കുന്ന തേനിന്റെ ജലാംശം എത്രയോ അത്രയും ജലാംശമുള്ള തേന്‍ മികച്ച തേനായി അംഗീകരിക്കേണ്ടതുണ്ട്. കേരളത്തിലെ തേനിനെ കുറിച്ചുള്ള പഠനങ്ങളില്‍ അത് 20 മുതല്‍ 25 ശതമാനം വരെ ആണെന്നു കാണാം. ആര്‍.സി. മിശ്രയുടെ perspectives in indian apiculture, ഡോ. സര്‍ദര്‍ സിംഗിന്റെ bee keeping in india മുതലായ ഗ്രന്ഥങ്ങളില്‍ തന്നിരിക്കുന്ന കണക്കുകള്‍ ഈ ശതമാനം ശരിവയ്ക്കുന്നുണ്ട്.

ഈ വസ്തുതകള്‍ക്ക് ഒരു മറുവശവും ഉണ്ടെന്നുള്ളതു നാം അറിഞ്ഞിരിക്കണം. അതായത് അമിത ലാഭേച്ഛമൂലം ചില കര്‍ഷകരെങ്കിലും തേനീച്ചകള്‍ തേനറകള്‍ അടയ്ക്കുന്നതിനു മുമ്പേ തേന്‍ എടുക്കാറുണ്ട്. ജോലിഭാരം കുറയ്ക്കാനും കൂടുതല്‍ തവണ തേന്‍ എടുക്കാനും ഇക്കൂട്ടര്‍ അടയ്ക്കാത്ത അറകളിലെ അപക്വമായ തേന്‍ എടുക്കുന്നു. ഈ തേന്‍ നിലവാരമില്ലാത്തതും ഏറെനാള്‍ സുക്ഷിക്കാന്‍ കൊള്ളാത്തതുമാണ്. ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത കാട്ടാത്ത ഇക്കൂട്ടരെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ചുരുങ്ങിയത് 75 ശതമാനമെങ്കിലും അടച്ച അറകളുള്ള അറകളിലെ തേനേ എടുക്കാവൂ. എങ്കിലേ തേന്‍ കേടാവാതെ ദീര്‍ഘകാലം സൂക്ഷിക്കാനാവൂ.

ഏറെനാള്‍ സൂക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ തേന്‍ സംസ്‌കരിക്കാറുണ്ട്. കുറച്ചു മാത്രം തേന്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ അത് ഒന്നോ രണ്ടോ വെയില്‍ കൊള്ളിച്ച് അരിച്ച് പാത്രങ്ങളിലാക്കി വായു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുന്നു. എന്നാല്‍ ഏറെ തേന്‍ ഉള്ളവര്‍ വാട്ടര്‍ ബാത്തില്‍ ഡബിള്‍ ബോയ്ല്‍ ചെ്‌യ്ത് അരിച്ച് തണുപ്പിച്ച് പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കുന്നു. എന്നാല്‍ ഇപ്രകാരം സംസ്‌കരിക്കുമ്പോള്‍ പരമാവധി ഒന്നര മുതല്‍ രണ്ടു ശതമാനം വരെയേ ജലാംശം കുറയ്ക്കാവൂ. ഏറെ സമയമോ, ഏറെ തവണയോ ഏറെ ചൂടിലോ തേന്‍ ചൂടാക്കിയാല്‍ തേനിന്റെ സ്വാഭാവിക നറുമണവും രൂചിയും നിറവും നഷ്ടമാവും. കൂട്ടില്‍ നിന്നു ലഭിക്കുന്ന തേന്‍ അതേപടി അരിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ടണ്‍ കണക്കിനു തേന്‍ വിപണനം നടത്തുന്നവര്‍ ആധുനിക രീതിയിലുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെ തേന്‍ സംസ്‌കരിക്കുന്നു. തേനീലെ ജലാംശം ആവശ്യാനുസരണം കുറയ്ക്കാന്‍ ഇവയ്ക്കാവും. കേരളത്തില്‍ ഇത്തരം നാലോ അഞ്ചോ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 18 ലക്ഷം മുതല്‍ കോടികള്‍ ചെലവുവരുന്ന ഇത്തരം സംവിധാനങ്ങള്‍ സാധാരണ കര്‍ഷകര്‍ക്കു പ്രാപ്യമല്ല. മാത്രമല്ല തേനിന്റെ ജലാംശം കുറയ്ക്കുക എന്നതല്ല, മറിച്ച് നമ്മുടെ ശുദ്ധമായ തേന്‍ അതിന്റെ നറുമണവും രുചിയും നിറവും ഔഷധഗുണവും നഷ്ടമാവാതെ അതേപടി വില്ക്കുവാനുള്ള അവകാശമാണ് നമുക്കു വേണ്ടത്.

പ്രഫ. ഡോ. സാജന്‍ ജോസ് തെക്കേടത്ത്
ഡയറക്ടര്‍ , റീഗല്‍ ബീ ഗാര്‍ഡന്‍സ്
ബീ കീപ്പിംഗ് ട്രെയ്‌നിംഗ് സെന്റര്‍, കാഞ്ഞാര്‍, ഇടുക്കി, ഫോണ്‍ 9446131290

(ലേഖകന്‍ മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജില്‍ സുവോളജി അധ്യാപകനായിരുന്നു. കേരളത്തിലെ ചെറുതേനീച്ചകളെ കുറിച്ചുള്ള പഠനത്തില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. തേനീച്ച വളര്‍ത്തലിനെ കുറിച്ച് ഏറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് . ആദ്യമായി പുതിയൊരിനം ചെറു തേനീച്ചയെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി 400ലേറെ വന്‍തേനീച്ച കോളനികളും 250ലേറെ ചെറു തേനീച്ചകൂടുകളുമുണ്ട്.)