ഇറച്ചിക്കോഴിയല്ല, ഇതു ഗിരീഷിന്റെ തനി നാടന്‍ കോഴി ഫാം
നാടന്‍ കോഴി വളര്‍ത്തലില്‍ തന്റേതായ രീതികള്‍ പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് തൊടുപുഴ കദളിക്കാട് പടിഞ്ഞാറയില്‍ ഗിരീഷ്. കൂട് നിര്‍മിക്കുന്നതു മുതല്‍ ആരംഭിക്കുന്ന വ്യത്യസ്തത വിവിധയിനം നാടന്‍ കോഴികളെ തെരഞ്ഞെടുക്കുന്നതിലും തീറ്റനല്‍കുന്നതിലും വിപണനത്തിലും കാണാം. ഒരാവേശത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയിലേക്ക് ചാടി പരാജയപ്പെടുന്നവര്‍ക്ക് നല്ലൊരു പാഠം കൂടിയാണ് ഈ യുവാവിന്റെ വിജയഗാഥ.

ചെറുപ്പത്തിലെ ഇഷ്ടം ജീവിത മാര്‍ഗമാക്കി

സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുറ്റത്തും പറമ്പിലും തെരഞ്ഞു നടന്ന് തീറ്റ തേടുന്ന വീട്ടിലെയും അയല്‍വീടുകളിലെയും നാടന്‍ കോഴികളെ ഏറെ കൗതുകത്തോടെയാണ് ഗിരീഷ് നോക്കിയിരുന്നത്. പിന്നീട് കൗതുകം കോഴികളോടുള്ള ഇഷ്ടമായി മാറിയതോടെ അതിന്റെ ഓരോ ചലനവും ജീവിതരീതിയും നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കുറച്ചു നാടന്‍ കോഴികളെ വാങ്ങി വളര്‍ത്താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തീരുമാനിച്ചത്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ മകന്റെ ആഗ്രഹത്തിന് അവരും പിന്തുണ നല്‍കി.അങ്ങനെയാണ് ഗിരീഷ് നാടന്‍ കോഴി വളര്‍ത്തലില്‍ ഒരുകൈ പയറ്റാന്‍ തീരുമാനിച്ചത്.കോഴികളോടുള്ള ഇഷ്ടവും കോഴിവളര്‍ത്തലില്‍ ഉണ്ടായ വിജയവും കൂടുതല്‍ ആത്മവിശ്വാസം നല്‍കി. കോഴിവളര്‍ത്തല്‍ തനിക്ക് ഇണങ്ങുമെന്ന് തിരിച്ചറിഞ്ഞതോടെ അത് തന്റെ ജീവിതമാര്‍ഗമാക്കാനും പിന്നീട് ഇ ത് വിപുലീകരിക്കാനും ഗിരീഷ് തീരുമാനിച്ചു.

തെരഞ്ഞെടുപ്പിലും തന്റേതായ വഴി

നാടന്‍ കോഴിമുട്ടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും അവ വിറ്റ് പണം സമ്പാദിക്കുന്നതിനെക്കാളുപരി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനാണ് മുന്‍ തൂക്കം നല്‍കിയത്. ഇതിനിടെയാണ് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഫാന്‍സി കോഴി, പോര് കോഴി എന്നിവയെക്കുറിച്ചറിയുന്നത്. ഇവയെ തേടി സ്വന്തം ബൈക്കില്‍ തമിഴ്‌നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിലൂടെയായിരുന്നു ആദ്യ യാത്ര. അവിടെയുള്ള വീടുകള്‍ കയറിയിറങ്ങി മുട്ടയിടുന്ന വിവിധയിനങ്ങളിലുള്ള കോഴികളെ വാങ്ങി.ഫാമില്‍ നിന്നു ലഭിച്ച ഇവയുടെ മുട്ടയ്ക്ക് അടയിരുത്തി നിരവധി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു.45ദിവസം മുതല്‍ രണ്ടുമാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വില്‍ക്കുന്നത്. ഇതിനിടെ വിവിധ പ്രദേശങ്ങളില്‍ സമാന തൊഴില്‍ ചെയ്യുന്നവരുമായി നല്ല ബന്ധം സ്ഥാപിച്ചു. ഇവരിലൂടെ സമീപ ജില്ലകളിലും അയല്‍സംസ്ഥാനങ്ങളിലും വരെ വിപണി കണ്ടെത്തിയതോടെ ഗിരീഷിന് കോഴിവളര്‍ത്തല്‍ കാലക്രമേണ വിശ്രമമില്ലാത്ത ജോലിയായി മാറി. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഗിരീഷിന്റെ കോഴിഫാം വിവിധയിനം കോഴികളെ കൊണ്ടു നിറഞ്ഞു. കൂടുതല്‍ ഡിമാന്‍ഡുള്ള ഫാന്‍സി കോഴികള്‍ക്കും പോര് കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും നിരവധി ആവശ്യക്കാര്‍ എത്തിത്തുടങ്ങി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നു പോലും ധാരാളംപേരാണ് ഗിരീഷിന്റെ ഫാമിലെത്തുന്നത്.നിലവില്‍ 35 ഇനങ്ങളിലായി ജോഡിക്ക് 250 മുതല്‍ ആറായിരം വരെ വിലയുള്ള 600-ഓളം കോഴികള്‍ ഫാമിലുണ്ട്. നാടന്‍ ഇനത്തില്‍പ്പെട്ട കുറുങ്കാലി, നേക്കഡ് നെക്ക്, പാലക്കാടന്‍, തലശേരി, കാപ്പിരി എന്നിവയും ഫാന്‍സി ഇനത്തിലുള്ള പോളിഷ് ക്യാപ് ഗോ ള്‍ഡന്‍, ബ്ലാക്ക്, സില്‍വര്‍, വൈറ്റ് എന്നീ നിറങ്ങളിലും ഉയരം കൂടുതലുള്ള ബഫ് കൊച്ചിന്‍, സില്‍വര്‍ സെബ്രൈറ്റ്, ഗോള്‍ഡന്‍ സെബ്രൈറ്റ്,സില്‍ക്കി, ഗെയിം ബാ ന്റം, അമേരിക്കന്‍ ബാന്റം, കൊച്ചിന്‍ ബാന്റം മില്ലി ഫ്‌ളവര്‍, ഇറ്റാലിയന്‍ വൈറ്റ്, സുല്‍ത്താന്‍, അമേരിക്കന്‍ മോട്ടിള്‍ഡ്, കരിങ്കോഴി, പോര് കോഴി തുടങ്ങിയ നിരവധി ഇനങ്ങളിലുള്ള കോഴികളും ഗിരീഷിന്റെ ഫാമിലുണ്ട്. ഇവയ്ക്കു പുറമെ ടര്‍ക്കി,ഗിനി,പോര് കോഴി,നാടന്‍പന്നി തുടങ്ങിയവയേയും ഗിരീഷ് വളര്‍ത്തുന്നുണ്ട്.


വിപണനത്തിലും വേറിട്ട മാര്‍ഗം

ആദ്യം മുട്ട വിറ്റാണ് വരുമാനം കണ്ടെത്തിയിരുന്നത്. അന്ന് നാടന്‍ കോഴിമുട്ടയ്ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.പലപ്പോഴും ആവശ്യത്തിന് അനുസരിച്ചു നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. ഇതിനിടെയാണ് മുട്ടവാങ്ങാന്‍ വരുന്നവര്‍ നാടന്‍ കോഴിക്കുഞ്ഞുങ്ങളെ കിട്ടാനുണ്ടോയെന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. ഇതോടെ മുട്ട വില്പന നിര്‍ത്തി കുഞ്ഞുങ്ങളെ വിരിയിക്കാന്‍ തുടങ്ങി. മുട്ട വില്പനയെക്കാള്‍ ലാഭം കുഞ്ഞുങ്ങളെ വിരിയിച്ച് വില്പന നടത്തുന്നതിലൂടെയാണെന്ന തിരിച്ചറിവും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. സമീപനാളില്‍ നല്ലയിനം നാടന്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ ഗിരീഷിന്റെ ഫാമിലെത്തുന്നുണ്ട്.അതിനാല്‍ ഒരുമുട്ട പോലും വില്‍ക്കാറില്ല.ഫാമില്‍ നിന്നു ലഭിക്കുന്ന മുട്ടകളെല്ലാം കോഴികളെ അടയിരുത്തി വിരിയിച്ച് കുഞ്ഞുങ്ങളെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഇത് ഏറെ ലാഭകരമാണെ ന്ന് ഗിരീഷ് പറയുന്നു.കുഞ്ഞുങ്ങളെ വിറ്റ് പ്രതിമാസം 30,000 രൂപ വരെ സമ്പാദിക്കാനാകുന്നുണ്ട്.


കൂട് നിര്‍മിക്കലും തീറ്റനല്‍കലും

കൂട് നിര്‍മാണത്തിലെ ചെലവ് എങ്ങനെ കുറയ്ക്കാമെന്നായിരുന്നു ഗിരീഷിന്റെ ഗവേഷണം. ഇതിനായി ടൗണിലെ തടിമില്ലില്‍ നിന്നു ഉപയോഗശൂന്യമായ പലകയും മറ്റും ശേഖരിച്ച് കൂട് നിര്‍മിക്കാനായിരുന്നു ശ്രമം. ആദ്യം ഒന്നോ രണ്ടോ കൂടുകള്‍ ഇപ്രകാരം നിര്‍മിച്ചതോടെ വിജയപ്രദമാണെന്നു കണ്ടു. ഇതോടെ കൂടുതല്‍ കൂടുകള്‍ ഇപ്രകാരംനിര്‍മിച്ചു. പല ഘട്ടങ്ങളിലായി മറ്റാരുടെയും സഹായമില്ലാതെ തന്നെ നിലവില്‍ 40-തോളം കൂടുകള്‍ ഗിരീഷ് തന്നെ നിര്‍മിച്ചു.അങ്ങനെ കൂട് നിര്‍മാണത്തിനായി വലിയ സാമ്പത്തിക ചെലവ് ഒഴിവാക്കാനായതും വന്‍ നേട്ടമായി.കോഴികള്‍ക്ക് തീറ്റ നല്‍കുന്നതിനും പ്രത്യേക ശൈലിയുണ്ട്. സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ വേസ്റ്റ് ശേഖരിച്ചാണ് കോഴികള്‍ക്കുള്ള തീറ്റ നല്‍കുന്നത്. ഓരോ ദിവസവും തീറ്റനല്‍കിയ ശേഷം മിച്ചം വരുന്ന ചോറ് വീടിനു സമീപത്തെ പാറയിലിട്ട് ഉണങ്ങിയെടുത്ത് സൂക്ഷിക്കും. സ്‌കൂള്‍ അവധി ദിവസങ്ങളിലും മറ്റും ഇവ നല്‍ കും. ഇതിനുപുറമെ തീറ്റയ്ക്കായി കോഴികളെ പകല്‍ സമയങ്ങളില്‍ തുറന്നുവിടും.ഇവ വീടിനു സമീപത്തെ തോട്ടങ്ങളിലും മറ്റും ചികഞ്ഞുനടന്ന് തീറ്റ തേടും.ഈ സമയം കോഴികളെ തെരുവുനായ്ക്കളും മറ്റു ജീവികളും ആക്രമിക്കാതിരിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ നാടന്‍ നായ്ക്കളെയും ഗിരീഷ് സംരക്ഷിക്കുന്നുണ്ട്.റോഡരികിലും മറ്റും ആളുകള്‍ ഉപേക്ഷിക്കുന്ന നാടന്‍ നായ്ക്കുട്ടികളെ കൊണ്ടുവന്ന് ചെറുപ്പത്തില്‍ തന്നെ പരിശീലനം നല്‍കുകയാണ് രീതി. ഇത്തരത്തില്‍ പരിശീലനം ലഭിച്ച നായ്ക്കള്‍ ഫാമിനു ചുറ്റും സംരക്ഷണം തീര്‍ത്തിരിക്കുകയാണ്. കോഴികളെ അഴിച്ചിവിടുമ്പോഴും ഇവയുടെ കാവലുണ്ടാകും.അപകടം മണത്താല്‍ കുരച്ചുകൊണ്ട് ആക്രമിക്കാന്‍ വരുന്നവയുടെ നേര്‍ക്ക് പാഞ്ഞടുക്കും.ഇതോടെ ആക്രമിക്കാന്‍ വരുന്ന ജീവി ഓടിയകലുകയും ചെയ്യും.

കഠിനാധ്വാനം വിജയം കണ്ടു

ബിരുദധാരിയായ ഗിരീഷ് സ്വകാര്യസ്‌കൂളില്‍ അനധ്യാപകനായി ജോലി നോക്കി വരുന്നതിനിടെയാണ് ഫാമും നടത്തിക്കൊണ്ടുപോകുന്നത്.ദിവസവും നേരത്തെ ഉണര്‍ന്ന് ഫാമിലെ ജോലികള്‍ പൂര്‍ത്തീകരിക്കും. പിന്നീടാണ് ജോലിക്കു പോകുന്നത്. മടങ്ങിയെത്തിയാലും രാത്രി വൈകുംവരെ ഫാമിലെ കാര്യങ്ങള്‍ നോക്കും.മഴയും വെയിലും തണുപ്പുമൊന്നും ഈ ചെറുപ്പക്കാരനു വിലങ്ങുതടിയാകാറില്ല.കഠിനാധ്വാനം ഒരിക്കലും പാഴാകില്ലെന്നാണ് ഗിരീഷിന്റെ അനുഭവപാഠം. കദളിക്കാട് നെടുമല ഭാഗത്ത് 12 സെന്റ് സ്ഥലവും ചെറിയ വീടും മാത്രമായിരുന്നു ആകെയുള്ള സമ്പാദ്യം.എന്നാല്‍ കോഴി ഫാം വിജയപഥത്തില്‍ എത്തിയതോടെ അവിടെ തന്നെ 65 സെന്റ് സ്ഥലവും ചെറിയ വീടും വാങ്ങി.

ഇതിനിടെ ഫാം കൂടുതല്‍ വിപുലീകരിക്കുകയും ചെ യ്തു. ഫാമിലെ കോഴിവളം ഉപയോഗിച്ച് പച്ചക്കറി കൃഷി, ബയോ്യാസ് പ്ലാന്റ് എന്നിവയും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മഞ്ഞള്ളൂര്‍ കൃഷി ഭവന്റെ യുവകര്‍ഷകന്‍ അവാര്‍ ഡും കേരള കര്‍ഷക സംഘത്തിന്റെ യുവകര്‍ഷക അവാര്‍ഡും ഗിരീഷിന് ലഭിച്ചിട്ടുണ്ട്. ഭാര്യ-ചിഞ്ചു. മകള്‍: പാര്‍വതി.

ജെയിസ് വാട്ടപ്പിള്ളില്‍
ഫോണ്‍: 98099 57683.