അതിവേഗം മാറുന്ന കാലാവസ്ഥ, ബഹുദൂരം മാറണം കൃഷിയും
Tuesday, April 2, 2019 3:20 PM IST
മഹാപ്രളയത്തിനു ശേഷമുള്ള ആറുമാസത്തിനുള്ളില്‍ കേരളത്തില്‍ മാവുകള്‍ പതിവില്ലാതെ മൂന്നുവട്ടം പൂത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കാലംമാറി മാവുകള്‍ ആദ്യം പൂത്തത്. സാധാരണ പൂക്കുന്ന സമയത്ത് രണ്ടാംവട്ടവും മാവുകള്‍ പൂത്തു. ഈ ഫെബ്രുവരിയില്‍ വര്‍ഷങ്ങളായി പൂക്കാതിരുന്ന മാവുകള്‍ പോലും ഭ്രാന്തുപിടിച്ചതു പോലെ മൂന്നാംവട്ടവും പൂത്തു. പ്രളയത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ന്നതും ഡിസംബര്‍, ജനുവരി മാസങ്ങളിലെ കൊടുംതണുപ്പുമാണ് ഇതിനു കാരണമെന്നാണ് കാര്‍ഷിക സര്‍വകലാശാലയുടെ വിശദീകരണം. കാരണമെന്തായാലും ഇത് വരുംവര്‍ഷങ്ങളില്‍ മാങ്ങയുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കും. കാലാവസ്ഥാ വ്യതിയാനത്തെ ത്തുടര്‍ന്ന് വൃക്ഷങ്ങളും വിളകളുമെല്ലാം നേരത്തെയും വൈകിയും പൂക്കുന്നതും കായ്കള്‍ നേരത്തെ മൂപ്പെത്തുന്നുമെല്ലാം കേരളത്തില്‍ ഇപ്പോള്‍ സാധാരണ കാഴ്ചകളാണ്.
കേരളത്തില്‍ ജനുവരിയിലെ അന്തരീക്ഷതാപനില പതിവില്ലാതെ താണു. സമതലങ്ങളില്‍ രാത്രിതാപനില 16-20 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. രാത്രിയിലെ കുറഞ്ഞ താപനിലയും പകല്‍ സമയത്തെ കൂടിയ താപനിലയും തമ്മിലുള്ള വ്യത്യാസം പതിവില്ലാതെ കൂടി. വടക്കു-കിഴക്കന്‍ കാലവര്‍ഷം നേരത്തെ അവസാനിച്ചതിനാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞതും ആകാശം മേഘാവൃതമല്ലാതിരുന്നതുമാണ് താപനില താഴാന്‍ കാരണമെന്നാണ് ഒരു വിശദീകരണം. 'പോളാര്‍ പോ ര്‍ടെക്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന ആര്‍ക്ടിക്കില്‍ നിന്നുമുള്ള തണുത്ത പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലപ്പെട്ട് തെക്കന്‍ യൂറോപ്പില്‍ നിന്നും വടക്കേ ഇന്ത്യയില്‍ എത്തി. വടക്കേ ഇന്ത്യയിലെ പതിവില്ലാത്ത തണുപ്പ്, ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചുവെന്നാണ് മറ്റൊരു വിശദീകരണം.
മൂന്നാറിലും നീലഗിരിയിലും താപനില മൈനസ് മൂന്നു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. പതിവില്ലാത്ത മഞ്ഞു വീഴ്ച കേരളത്തിലെ തേയില ത്തോട്ടങ്ങളില്‍ നാശം വിതച്ചു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ കേരളത്തിലെ തേയില ഉത്പാദനത്തില്‍ 10-30 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കോഴിക്കോട് ശരാശരിയില്‍ നിന്നു മൂന്നു ഡിഗ്രിസെല്‍ ഷ്യസും ആലപ്പുഴയില്‍ രണ്ടു ഡിഗ്രിസെല്‍ഷ്യസുമാണ് അന്തരീക്ഷ താപനിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
1850 നു ശേഷം സമുദ്ര താപനിലയില്‍ ഏറ്റവും കൂടുതല്‍ വര്‍ ധനവു രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2018. ആഗോള തലത്തില്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നാലാമത്തെ വര്‍ഷവും ഇന്ത്യയില്‍ ആറാമത്തെ വര്‍ഷവുമായിരുന്നു 2018. ഇതിനു മുമ്പ് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍ 2015, 2016, 2017 എന്നിവയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയ 15 വര്‍ഷങ്ങളില്‍ 11 ഉം കഴിഞ്ഞ 15 വര്‍ഷങ്ങളിലായിരുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസത്തിന് മിതമായ തോതില്‍ തുട ക്കം കുറിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ ചൂടു കൂടാനും മണ്‍സൂണ്‍ മഴയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
നിലവിലുള്ള വിളകളും കൃഷി രീതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കലിയാണ് കര്‍ഷക സമൂഹം. ഇന്ത്യയുടെ ആപ്പിള്‍ കലവറയായ ഹിമാചല്‍പ്രദേശില്‍ ഉയ രം കുറഞ്ഞ മലനിരകളില്‍ പരമ്പരാഗത ആപ്പിള്‍ ഇനങ്ങള്‍ വിളയാതെയായി. കൂടുതല്‍ തണുപ്പുള്ള ഉയര്‍ന്ന മലനിരകളിലേക്ക് വഴിമാറുകയാണ് ഹിമാചല്‍പ്രദേശിലെ ആപ്പിള്‍ കൃഷി. കേരളം പ്രളയത്തോടൊപ്പം വരള്‍ച്ചയുടെയും ഭീഷണിയിലാണ്. നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കാനിടയുള്ള പേമാരിയും മഹാപ്രളയവും അഞ്ചോപത്തോ വര്‍ഷത്തില്‍ ഒരിക്കല്‍ ഇനിയുള്ള കാ ലം ആവര്‍ത്തിച്ചേക്കാം. 2010 മുത ല്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലും പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നത് വരാനിരിക്കുന്ന വരള്‍ച്ചാ വര്‍ഷങ്ങളുടെ കാഠിന്യം സൂചിപ്പിക്കുന്നു.
1850 നു ശേഷം ആഗോള താപനിലയില്‍ 0.9 മുതല്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടായി. ഇത് അടുത്ത അഞ്ചോ പ ത്തോ വര്‍ഷത്തിനുള്ളില്‍ 1.5 ഡി ഗ്രി സെല്‍ഷ്യസ് കടക്കും. ഇതി ന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് കൃഷിയിലായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആര്‍ദ്രത കൂടിയ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ നിന്നും ഈര്‍ പ്പം കുറഞ്ഞ വരണ്ട കാലാവസ്ഥയിലേക്കുള്ള മാറ്റത്തിലാണ് കേരളം ഇപ്പോള്‍.
തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഈ മാറ്റം കൂടുതല്‍ പ്രകടം. ഈര്‍പ്പം കുറഞ്ഞ വരണ്ട കാലാവസ്ഥയിലേക്കു മാറിയതോടെ മനുഷ്യര്‍ക്കും മൃഗങ്ങ ള്‍ക്കും സസ്യങ്ങള്‍ക്കും അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികളുടെ അളവിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2050 ഓ ടെ കേരളത്തില്‍ അന്തരീക്ഷതാപനില രണ്ടുഡിഗ്രി സെല്‍ഷ്യസ് എങ്കിലും കൂടുമെന്ന് കാലാവ സ്ഥാ വ്യതിയാനം സംബന്ധിച്ച കേരള സംസ്ഥാന ആക്ഷന്‍ പ്ലാന്‍ പറയുന്നു. കേരളത്തില്‍ വയനാടും ഇടുക്കിയും ഉള്‍പ്പെടു ന്ന ഹൈറേഞ്ചുകളിലായിരിക്കും താപവ്യതിയാനം ഏറ്റവും കൂടുതല്‍. ഹൈറേഞ്ചുകളില്‍ 2050 ഓടെ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടിയേക്കാം. എന്നാല്‍ കൃഷിയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അടുത്തുതന്നെ അനുഭപ്പെട്ടുതുടങ്ങും.
പാലക്കാട്, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളും കാലാവസ്ഥാവ്യതിയാനത്തിന്റെ വലിയ ആഘാതം നേരിടേണ്ടിവരും. ആഗോളതാപനവും കാലാവ സ്ഥാ വ്യതിയാനവും ഭക്ഷ്യവിളകളെ പെട്ടെന്നു ബാധിക്കും.
അന്തരീക്ഷ താപനിലയിലെ ഒരു ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവ് നെല്ല് ഉത്പാനത്തില്‍ 3.2 ശതമാനം കുറവുവരുത്തും. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാ ജ്യങ്ങളിലും കാലാവസ്ഥാവ്യതിയാനം പഴം-പച്ചക്കറി ഉത്പാദനത്തില്‍ 20-50 ശതമാനം കുറവു വരുത്തിക്കഴിഞ്ഞു. 24 മണിക്കൂര്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ത ക്കാളി ഉള്‍പ്പെടെയുള്ള മിക്ക പച്ചക്കറിവിളകളുടെയും കൃഷി നശിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ മാംസവിഭവങ്ങള്‍ പരിമിതപ്പെടുത്തി പച്ചക്കറികള്‍ കൂടു തല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്ത ണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ തുറന്ന സ്ഥലത്തു ള്ള പച്ചക്കറി കൃഷി ഭാവിയില്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കാലാവസ്ഥാ വ്യതിയാനം കാരണം മിക്കവിളകളുടെയും ഉത്പാദനം സമീപഭാവിയില്‍ ഗണ്യമായി കുറയുമെന്ന് കേന്ദ്ര കൃഷിവകുപ്പ് പറുയുന്നു. ചൂടു കൂടിയ കാലാവസ്ഥയില്‍ നെല്ല് ഉത്പാദനം ആറു ശതമാനവും ഉരുളക്കിഴങ്ങ് ഉത്പാദനം 11 ശതമാനവും മക്കച്ചോളം ഉ ത്പാദനം 18 ശതമാനവും കണ്ട് കുറയും. ആപ്പിള്‍ ഉത്പാദനം സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററില്‍ അധികം ഉയരമുള്ള പ്രദേശങ്ങളില്‍ ഒതുങ്ങും. പത്തേക്കറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് കൃഷി കൊണ്ടു മാത്രം ജീവിക്കാനാവാത്ത അവസ്ഥയുമു ണ്ടാകും.
മഹാപ്രളയം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ 19,000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് സു ഗന്ധ, തോട്ട വിളകള്‍ക്കാണ്. കു രുമുളകുള്‍പ്പെടെയുള്ള മിക്ക സുഗന്ധവിളകളും മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. അധി ക ചൂടും ദീര്‍ഘകാലത്തെ വരള്‍ ച്ചയും പ്രളയവുമൊന്നും നേരിടാനാകാത്ത വിളകളാണ് പശ്ചിമ ഘട്ടങ്ങളില്‍ കൃഷി ചെയ്യുന്ന കു രുമുളകും കാപ്പിയും തേയിലയും കൊക്കോയും ഏലവുമെല്ലാം.
കൊടും വേനലില്‍ മേല്‍മണ്ണു വരളുന്നതും മണ്ണിന്റെ ഉപരിതല താപനില വര്‍ധിക്കുന്നതും കുരുമുളകിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധിയുണ്ടാക്കും. നല്ല മഴ അടുത്ത സീസണിലെ കുരുമുളക് ഉത്പാദനത്തിന് ഗുണകരമാണെങ്കിലും മഴ കൂടിയാല്‍ രോഗബാധയും കൂടും. ഏലത്തിന്റെ വളര്‍ച്ചക്ക് അനുകൂലം 18- 25 ഡിഗ്രി സെല്‍ ഷ്യസിന് ഇടയിലുള്ള താപനിലയാണ്. ചൂട് 28 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ കായ്കള്‍ പെട്ടെന്നു വളര്‍ന്ന് നേരത്തെ മൂ പ്പെത്തും. 32 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്കു പോയാല്‍ ഇലകള്‍ ഉണങ്ങിക്കരിയും. ചൂടു കൂടിയ കാലാവസ്ഥയില്‍ ഏലത്തില്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമാകും. ഇടുക്കിയേക്കാള്‍ വയനാട്ടിലെയും കര്‍ ണാടകത്തിലെയും ഏലക്കൃഷിക്കായിരിക്കും കാലാവസ്ഥാ വ്യ തിയാനം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക.
അടുത്ത കാല്‍നൂറ്റാണ്ടിനകം അന്തരീക്ഷ താപനിലയിലെ വര്‍ധനവ് രണ്ടു ഡിഗ്രിയില്‍ കൂടുതലാകുന്നതോടെ ഇപ്പോള്‍ കൊ ക്കോ കൃഷി ചെയ്യുന്ന പല മേഖലകളും ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ലാതായിത്തീരും. ചൂടിനേക്കാള്‍ കൂടുതല്‍ പ്രശ്‌നം മണ്ണിലും കൊക്കോച്ചെടിയിലും ഉണ്ടാകുന്ന അതിവേഗ ബാഷ്പീകരണത്തിലൂടെ ജലം നഷ്ടപ്പെടുന്നതായിരിക്കും. മഴക്കുറവും രാത്രി-പകല്‍ താപനിലകളിലെ അന്തരവും തേയിലയുടെയും കാപ്പിയുടെയും ഉത്പാദനം കുറയ്ക്കും. കശുമാവിന്റെ തളിര്‍ക്ക ലും പുഷ്പിക്കലും അടക്കമുള്ള നിര്‍ണായക വളര്‍ച്ചാ കാലഘട്ടങ്ങളിലെ കാ ലാവസ്ഥാ വ്യതിയാനം കഴി ഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ കശുമാവ് കൃഷിയെ പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്.
തെങ്ങില്‍ ഉത്പാദനം വര്‍ധിക്കും
തെങ്ങ് സി-3 വിഭാഗത്തില്‍ പ്പെട്ട വിളയായതിനാല്‍ അന്തരീക്ഷ താപനില ഒരു പരിധിവരെ ഉയര്‍ന്നാലും നാളികേര ഉത്പാദനം കൂടുമെന്നാണ് ഒരു പ്രവചനം. അന്തരീക്ഷത്തിലെ ഉയര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്ദ്രത മുതലെടുത്ത് കൂടുതല്‍ പ്രകാശ സംശ്ലേഷണം നടക്കു ന്നതിനാലാണിത്. എന്നാല്‍ കൂടെക്കൂടെയുണ്ടാകുന്ന വരള്‍ച്ചയും മഴയ്ക്കു ശേഷമുള്ള വരണ്ട ഇടവേളകളും ഉയര്‍ന്ന താപസമ്മര്‍ദ്ദവും മണ്ണിലെ ഈര്‍പ്പക്കുറവുമെല്ലാം കാര്‍ബണ്‍ സാന്ദ്രത കൂടുന്നതുകൊണ്ടുള്ള എല്ലാ പ്രയോജനവും ഇല്ലാതാക്കും. നീണ്ടു നില്‍ക്കുന്ന വരള്‍ച്ച നാലുവര്‍ഷത്തേക്ക് തെങ്ങിന്റെ ഉത്പാദനത്തെ ബാധിക്കും. മഴക്കുറവും ആര്‍ദ്രത കുറഞ്ഞ വരണ്ട കാലാവസ്ഥയും തെങ്ങില്‍ പുതിയ കീടങ്ങളുടെ ആക്രമണത്തിന് വഴിതെളിക്കും.
ഒരു വര്‍ഷം 150 ദിവസം തുട ര്‍ച്ചയായി പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസ് കടക്കുകയോ വരള്‍ച്ച 200 ദിവസത്തിലേറെ നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ നാളികേര ഉത്പാദനത്തില്‍ കുറവുണ്ടാകും. പേമാരിയും മഹാപ്രളയവും നാളികേര ഉത്പദാനം കുറയ്ക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രണ്ടാമത്തെ വിളയായ റബറും അടുത്ത കാലത്തായി കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്. തുലാമഴയിലെ കുറവും നീണ്ടു നില്‍ക്കുന്ന വരള്‍ച്ചക്കാലവും ഇടയ്ക്കുണ്ടാകുന്ന അതിവര്‍ഷവും റബര്‍ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നെല്ല്, ഗോതമ്പ്, മക്കച്ചോളം, ഉരുളക്കിഴങ്ങ്, സോയാബീന്‍ തുടങ്ങിയ വിളകളില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്ര ത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക പ്രാധാന്യമുള്ള ദീര്‍ഘകാലവിളകളില്‍ ഇത്തരം പഠനങ്ങള്‍ പരിമിതമാണ്.
കാലം മാറുന്നു, കഥയും
അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ കേരളത്തിലെ കൃഷിക്ക് നല്‍കുന്നത് നല്ല സൂചനകളല്ല. നൂറ്റാണ്ടുകളായി ചില പ്രത്യേക വിളകളുടെ കൃഷിക്ക് അനുകൂലമായി നിന്നിരുന്ന കാ ലാവസ്ഥാ ഘടകങ്ങള്‍ സാവധാനം ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ ഇപ്പോഴത്തെ അനുകൂല സാഹചര്യങ്ങളുണ്ടാകൂ.
2030 നു മുമ്പ് അന്തരീക്ഷതാപനിലയിലെ വര്‍ധനവ് ഒന്നരഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്‍മെന്റില്‍ പാനല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക വിസര്‍ജനം കുറയ്ക്കുന്നതിന് വേഗത്തില്‍ ഗൗരമേറിയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷതാപരനില 4-5.8 ഡിഗ്രി സെല്‍ഷ്യസ് കണ്ട് ഉയരും. തിരുത്താനാകാത്ത പ്രത്യാഘാതങ്ങളായിരിക്കും ഇത് കൃഷിയിലും സമസ്ത മേഖലകളിലും സൃഷ്ടിക്കുക.
കാലാവസ്ഥാ വ്യതിയാനം ഏ റ്റവും കൂടുല്‍ ദുരന്തങ്ങള്‍ സൃ ഷ്ടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. 2016 ല്‍ 110 വര്‍ഷത്തിനിടയില്‍ ഏറ്റ വും വലിയ വരള്‍ച്ചയെ സംസ്ഥാ നം നേരിട്ടു. 2017 ല്‍ ഓഖിയും 2018 ല്‍ മഹാപ്രളയവും കേരളത്തില്‍ നാശം വിതച്ചു. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ നിന്നു ഭാഗ്യം കൊണ്ടാണ് കേരളം രക്ഷപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം നാളെ സംഭവിക്കാനിരിക്കുന്ന ദുരന്തമല്ല, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇതിനകം തന്നെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കൃത്യമായ ആസൂത്രണത്തിലൂടെ മൂന്നൊരുക്കം നടത്തിയില്ലെങ്കില്‍ നമ്മുടെ കൃഷി ഭൂമിയും കൃഷിയും ഇല്ലാതാകും.
പ്രതികൂല സാഹചര്യങ്ങളോടു പൊരുതി നില്‍ക്കാന്‍ശേഷി യുള്ള വിത്തിനങ്ങള്‍ കൃഷി ചെയ്യണം. കഴിഞ്ഞ മഹാപ്രളയത്തില്‍ പല നെല്ലിനങ്ങളും നശിച്ചപ്പോള്‍ 'സിഗപ്പി' എന്ന നെല്ലിനം വെള്ളക്കെട്ടിനെ ചെറുത്തുനിന്നു.
ഹ്രസ്വകാല വിളകള്‍ നടുന്ന സമയം, മണ്ണിലെ ഈര്‍പ്പത്തിന്റെ ലഭ്യതയനുസരിച്ച് ക്രമീകരിക്കണം. കാ ലാവസ്ഥാ പ്രവചനങ്ങളും മുന്നറിപ്പുകളും ഗൗരവമായി കണക്കിലെടുത്ത് കൃഷി ക്രമീകരിക്കണം. കാലാവസ്ഥാ വ്യതിയാനം ഏറ്റ വും ദോഷകരമായി ബാധിക്കുക ജലത്തിന്റെ ലഭ്യതയെയായിരിക്കും. ജലവിഭവങ്ങള്‍ പരിപാലിക്കുന്നതില്‍ കേരളത്തിന്റെ സ്ഥാ നം അത്ര മികച്ചതല്ല.
മണ്ണിനെയും ജലത്തെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്ന, പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികള്‍ നടപ്പാക്കണം. മലനിരകള്‍, പുഴകള്‍, നീര്‍ ത്തടങ്ങള്‍, ജലാശയങ്ങള്‍, വാസസ്ഥലങ്ങള്‍, കൃഷിയിടങ്ങള്‍ എ ന്നിവയെല്ലാം കണക്കിലെടുത്തു വേണം കൃഷി ആസൂത്രണം ചെയ്യാന്‍. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളും ഇനങ്ങളും കണ്ടെത്തണം. വരള്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യാം.
പയര്‍വര്‍ഗങ്ങള്‍ പോലെ ഈര്‍പ്പം കുറച്ചു വേണ്ട വിളകളെയും വിളപരിക്രമണത്തില്‍ ഉള്‍പ്പെടുത്തണം. ബഹുവിള കൃഷി സമ്പ്രദായം നടപ്പാക്കണം. കൃഷിയിടങ്ങളിലെ ജൈവവൈവിധ്യത്തിന്റെ അടിത്തറ പരമാവധി വികസിപ്പിക്കണം. വെള്ളം കുറച്ചുപയോഗിക്കുന്ന കൃഷി രീതികള്‍ പിന്തുടരണം. മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തണം.
വളപ്രയോഗം കൂടുതല്‍ കാര്യക്ഷമമാക്കണം. അമോണിയം രാസവളങ്ങള്‍ പരമാവധി കുറയ്ക്കണം. കൃഷിയിടങ്ങളില്‍ മഴവെള്ളക്കൊയ്ത്തിനും ഭൂഗര്‍ഭ ജ ലസ്രോതസുകള്‍ സംരക്ഷിക്കാ നും പുനരുജ്ജീവിപ്പിക്കാനുമുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.
പുതയിടല്‍, ചാലുകളില്‍ ജൈവാവശിഷ്ടം നിറയ്ക്കല്‍, തെങ്ങിന്‍ തോപ്പില്‍ ചാലെടുത്ത് ചകിരിനിറയ്ക്കുന്ന രീതി തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഈര്‍പ്പം സംരക്ഷിക്കണം. കാലാവസ്ഥാ വ്യതിയാനം ഒരുയാഥാര്‍ഥ്യമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ അതിവേഗം അതിനോട് പൊരുത്തപ്പെടാനുള്ള ശ്രമമുണ്ടായില്ലെങ്കില്‍ കേരളത്തിലെ കാര്‍ഷിക മേഖല വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും.
മരുഭൂമികളിലെ പ്രതിഭാസം കേരളത്തിലും
1984 നും 2009 നും ഇടയിലുള്ള കാല്‍ നൂറ്റാണ്ടിനിടയില്‍ കേരളത്തിലെ ഹൈറേഞ്ചുകളില്‍ 1.46 ഡിഗ്രി സെല്‍ഷ്യസിന്റെ താപവര്‍ധനവാണുണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇതു വീണ്ടും കൂടി. ഹൈറേഞ്ചില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പകലത്തെ കൂടിയ താപനില ഓ രോ വര്‍ഷവും കൂടുന്നു. രാത്രിയിലെ കുറഞ്ഞ താപനില കുറയുന്നു. പകല്‍-രാത്രി താപനിലകളിലെ ഈ വ്യതിയാനം കാലാവസ്ഥാ മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്ന കൊക്കോ, തേയില, കാപ്പി, ഏലം തുടങ്ങിയ തോട്ടവിളകളെ പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ന് ഹൈറേഞ്ചിന്റെ കുത്തകയായ പലവിളകളുടെയും കൃഷി അവിടെ അസാധ്യമാക്കും. പകല്‍- രാത്രി താപനിലകളിലെ ഈ വലിയ അന്തരം മരുഭൂമിയില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്. ഹൈ റേഞ്ചുകളില്‍ മാത്രമല്ല, കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേ ക്കും അപകടകരമായ ഈ പ്രതിഭാസം വ്യാപിക്കുന്നു.
ഡോ. ജോസ് ജോസഫ്
(ഫോണ്‍: -93871 00119).