മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് പട്ടം സ്വപ്നം കണ്ട് ഡോ. ശശിലേഖ നായർ
മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് പട്ടം സ്വപ്നം കണ്ട് ഡോ. ശശിലേഖ നായർ
Wednesday, August 25, 2021 11:20 AM IST
കുടുംബിനിയായി മാറിയാൽ സൗന്ദര്യ സങ്കല്പങ്ങൾക്ക് പലരും അധികം വില കല്പിക്കാറില്ല. പക്ഷേ മലയാളിയായ ഡോ. ശശിലേഖ നായർ തികച്ചും വ്യത്യസ്തയാണ്. വിവാഹിതരായ സ്ത്രീകൾക്കുള്ള ലോകസുന്ദരിപട്ട മത്സരത്തിനായി ഒരുങ്ങുകയാണ് അവർ. ഐടി സംരംഭകയെന്ന തൊഴിലിലും കുടുംബ ജീവിതത്തിലുമുള്ള തിരക്കുകൾക്കിടയിൽ നിന്നാണ് ശശിലേഖ മത്സരവേദിയിലേക്ക് എത്തുന്നത്.

തനി ഗ്രാമീണ പെണ്‍കുട്ടിയായി വളർന്ന് ബംഗളൂരുവിൽ സ്ഥിരം താമസമാക്കി, വിദ്യാഭ്യാസത്തിലും തൊഴിലിലും കുടുംബജീവിതത്തിലും ഒരേപോലെ ശ്രദ്ധിക്കുന്ന ശശിലേഖയുടെ സൗന്ദര്യ മത്സരത്തിലേക്കുള്ള കടന്നുവരവ് സ്വയം പ്രചോദനം ഉൾക്കൊണ്ടുതന്നെയാണ്.

അടുത്ത സെപ്റ്റംബറിൽ ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന മിസിസ് ഗ്രാൻഡ് യൂണിവേഴ്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ് ഇവർ.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിലാകും മത്സരം. ഇത്തവണത്തെ മിസിസ് ക്ലാസിക് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി ശശിലേഖ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു ഈ മത്സരവും. പത്തനംതിട്ട നാരങ്ങാനം കാട്ടൂർ സ്വദേശിയായ ശശിലേഖ ബംഗളൂരുവിലാണ് സ്ഥിരതാമസം. ബിരുദതലംവരെയുള്ള വിദ്യാഭ്യാസം നാട്ടിലാണ് പൂർത്തീകരിച്ചത്. വിവാഹശേഷം ബംഗളൂരുവിൽ താമസമാക്കി. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷൻ മാനേജിംഗ് ഡയറക്ടർ കൂടിയാണ്. മൈക്രോ ബയോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി ഹ്യുമാനിറ്റീസിൽ ബംഗളൂരു മദർ തെരേസ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോണററി ഡോക്ടറേറ്റും സ്വന്തമാക്കി.

ജീവിത പശ്ചാത്തലം

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ കടന്നുവന്നത്. നാരങ്ങാനം കാട്ടൂർ വിജയസദനത്തിൽ റിട്ട. സുബേദാർ മേജർ ശശിധരൻനായരും റിട്ട. അധ്യാപിക കെ.വി. വിജയമ്മയുമാണ് മാതാപിതാക്കൾ. അച്ഛൻ ജോലി സ്ഥലത്തായിരുന്നതിനാൽ ഞാനും സഹോദരിയും അമ്മയുമായിരുന്നു വീട്ടിൽ. പഠന കാര്യങ്ങളിൽ അല്പംപോലും പിന്നോക്കം പോകാൻ അമ്മ അനുവദിച്ചിരുന്നില്ല. നാരങ്ങാനം ഗവണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. അമ്മ അവിടെ അധ്യാപികയായിരുന്നു. അധ്യാപകരുടെ സ്നേഹവാത്സല്യങ്ങൾ കൂടുതൽ അനുഭവിച്ചു.

പഠനത്തോടൊപ്പം കലാമത്സരങ്ങളിലും മറ്റും പങ്കെടുക്കുമായിരുന്നു. നൃത്തത്തോടു താത്പര്യമുണ്ടായിരുന്നതിനാൽ അതു പഠിച്ചു. പക്ഷേ ഇടയ്ക്ക് അതു മുടങ്ങി. അച്ഛന്‍റെ ജോലിസ്ഥലത്തേക്ക് അവധിക്കു ഞങ്ങൾ കുടുംബമായി പോകുമായിരുന്നു. നാരങ്ങാനത്തിനു പുറത്തേക്കുള്ള ലോകം അങ്ങനെയുള്ള യാത്രകളായിരുന്നു. കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി പഠിച്ചത്. പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. പ്രീഡിഗ്രിക്കു ശേഷം നാട്ടിൽ തന്നെ അധ്യാപക പരിശീലന കോഴ്സ് (ടിടിസി) പൂർത്തീകരിച്ചു.

ബിരുദ പഠനത്തിനു ബംഗളൂരുവിലേക്ക് പോയി. സയൻസ് പഠനത്തോടു താത്പര്യം ഏറെയുണ്ടായിരുന്നു. മൈക്രോബയോളജി, സുവോളജി, കെമിസ്ട്രി എന്നിവയിലെ ട്രിപ്പിൾ ഡിഗ്രിയാണ് മാംഗളൂർ സർവകലാശാലയിൽ നിന്നു നേടിയത്. മൈക്രോ ബയോളജിസ്റ്റായി ജോലി ചെയ്തു. വിവാഹശേഷമാണ് ബിരുദാനന്തരബിരുദം പൂർത്തീകരിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദാനന്തര ബിരുദം നേടിയത്.

സൗന്ദര്യ മത്സരങ്ങളിലേക്കുള്ള കടന്നുവരവ്

വിവാഹിതയായശേഷമാണ് സൗന്ദര്യ മത്സരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ പിന്തുണ ലഭിച്ചു. ഭർത്താവ് ഓമല്ലൂർ സ്വദേശി രാജീവ് കുമാർ പിള്ള ബംഗളൂരുവിൽ ഐബിഎം ഡെലിവറി പ്രോജക്ട് മാനേജരാണ്. പ്ലസ്ടു വിദ്യാർഥിനി സ്വാതിയും ഏഴാംക്ലാസ് വിദ്യാർഥിനി ജഹ്നിയുമാണ് മക്കൾ.

പഠനത്തോടൊപ്പം നൃത്തത്തെയും ഇഷ്ടപ്പെട്ടിരുന്ന ഞാൻ ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയതോടെ ഭരതനാട്യത്തിൽ തുടർ പഠനം നടത്തി. ഭരതനാട്യം വിവിധ വേദികളിൽ അവതരിപ്പിച്ചു തുടങ്ങിയതോടെ സൗന്ദര്യ മത്സരത്തെ ഗൗരവമായി കണ്ടു.

മിസിസ് ഇന്ത്യ കേരള മത്സരത്തിൽ നേടിയ ഒന്നാംസ്ഥാനത്തോടെയായിരുന്നു തുടക്കം. പിന്നീട് മിസിസ് ഏഷ്യ ഇന്‍റർനാഷണൽ മോസ്റ്റ് ചാമിംഗ് 2018 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്വന്തമാക്കി. മോഡലിംഗ് രംഗത്തേക്ക് നിരവധി ഓഫറുകൾ ലഭിച്ചെങ്കിലും താത്പര്യം കാട്ടിയിരുന്നില്ല. സൗന്ദര്യ മത്സരം കേവലം ശരീര പ്രദർശനമായി ചിത്രീകരിക്കേണ്ടതല്ല. ബുദ്ധിയും വിജ്ഞാനവും ആശയങ്ങളുമെല്ലാം ഇവിടെ കൂടിക്കലരുന്നുണ്ട്. മത്സരവേദികളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് നമ്മുടെ കഴിവും വിജ്ഞാനവും യോജിപ്പിച്ചുകൊണ്ടുള്ള മറുപടികൾ നൽകേണ്ടിവരും. പുതുതലമുറയ്ക്കു പ്രചോദനമാകുന്ന തരത്തിൽ മാതൃകാപരമായ മത്സങ്ങളായി ഞാൻ ഇതിനെ കാണുന്നു. നാട്ടിൻപുറത്തുകാരിയായ ഒരു പെണ്‍കുട്ടിക്ക് ഇവയെല്ലാം പ്രാപ്യമാണ് എന്ന സന്ദേശം നൽകാനാണ് ശ്രമിച്ചിട്ടുള്ളത്.


വിവാഹവും കുടുംബജീവിതവുമൊക്കെ ആയിക്കഴിഞ്ഞാൽ പിന്നീട് സ്ത്രീകൾക്ക് സൗന്ദര്യ വിഷയത്തിൽ ശ്രദ്ധ വേണ്ടെന്നും മത്സരങ്ങളിൽ പങ്കെടുക്കരുതെന്നുമൊക്കെയുള്ള കാഴ്ചപ്പാടുകൾ മാറണം. എല്ലാ മേഖലയിലും കാൽവയ്പു നടത്തിയിട്ടുള്ള സ്ത്രീകൾക്ക് ഒരു ജോലി മാത്രമല്ല ഒരേസമയം ചെയ്യാൻ കഴിയുക. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയതിനുശേഷമാണ് അവർ മറ്റു കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടിവരിക. ഇപ്പോഴും എനിക്ക് അതിനു കഴിയുന്നുവെന്നത് ഭാഗ്യമാണ്. ഇടയ്ക്ക് ഭർത്താവിനും മക്കൾക്കും വേണ്ടി കുറെസമയം മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട്. അതിൽ നിരാശ തോന്നാറില്ല. ചിലപ്പോൾ മാസങ്ങളോളം മറ്റു കാര്യങ്ങളിൽ നിന്നു മാറി വീട്ടുകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നു. അപ്പോഴും സാങ്കേതികവിദ്യകളുടെ ലോകത്ത് സമയം ക്രമീകരിച്ച് മുന്നോട്ടു പോകാൻ ഇന്ന് സ്ത്രീകൾക്ക് അവസരമുണ്ട്.

സംരംഭക

മൈക്രോ ബയോളജിയിൽ ബിരുദം നേടിയ ഞാൻ ആദ്യം ആ രംഗത്താണ് പ്രവർത്തിക്കാൻ ആഗ്രഹിച്ചത്. ലണ്ടനിൽ കുറെക്കാലം ഈ മേഖലയിൽ ജോലിയെടുത്തു. പ്രോക്ടർ ആൻഡ് ഗാന്പിൾ കന്പനിയിൽ മൈക്രോബയോളജിസ്റ്റായിരുന്നു. പിന്നീട് സാങ്കേതിക മേഖലകളിലേക്കും ശ്രദ്ധിച്ചു തുടങ്ങി. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇൻഫോവോയ്സ് സൊല്യൂഷൻ മാനേജിംഗ് ഡയറക്ടറാണ്. വനിതാ സംരംഭകയ്ക്കുള്ള 2020ലെ ദേശീയ അവാർഡ് ലഭിച്ചു. സാമൂഹിക പ്രവർത്തന മേഖലയിലും ഏറെ ശ്രദ്ധിച്ചു. വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

? ഇപ്പോഴും നാട്ടിൻപുറത്തുകാരിയായി കഴിയുന്നതെങ്ങനെ



ഡോ.ശശിലേഖ നായർ പത്തനംതിട്ടക്കാരിയാണ് എന്നു പറയുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. ഞാൻ വളർന്നുവന്നതും എന്‍റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുമായ ഗ്രാമീണ സംസ്കാരമാണ് എന്‍റെ മനസിലുള്ളത്. എന്‍റെ നാടും പന്പാനദിയും വള്ളംകളിയും വള്ളസദ്യയും തിരുവോണവും ഊഞ്ഞാലുമെല്ലാം എനിക്ക് എത്രയോ പ്രിയമാണ്. നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. ഏതു പുരസ്കാരം നേടിയാലും അതിന്‍റെ സന്തോഷം പങ്കുവയ്ക്കാൻ ഓടിയെത്താറുണ്ട്. കോവിഡും ലോക്ഡൗണും കാരണം ഇത്തവണ അതിനു കഴിയാതെ പോയി. എന്നിരുന്നാലും എത്രയുംവേഗം നാട്ടിലെത്താനാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.

2018ൽ നാട് മഹാപ്രളയത്തെ നേരിട്ടതിനു തൊട്ടുമുന്പിലാണ് മിസിസ് ഇന്ത്യ കേരള പുരസ്കാരം ലഭിച്ചത്. പ്രളയക്കെടുതിയിലായ നാട്ടിലേക്ക് വന്നപ്പോൾ പുരസ്കാരത്തിന്‍റെ സന്തോഷത്തേക്കാൾ കെടുതികൾ അടുത്തറിഞ്ഞ് നാടിനെ സഹായിക്കാനാണ് തോന്നിയത്. ആറന്മുളയിലടക്കം നിരവധി സ്ഥലങ്ങളിൽ പോയി. ആറന്മുള ബാലാശ്രമത്തിൽ എത്തി ആ കുട്ടികളുമായി ഏറെനേരെ ചെലവഴിച്ചു. അവർക്കാവശ്യമായ മാനസിക പിന്തുണയും സഹായവും നൽകി. വിവിധ സമയങ്ങളിൽ നാട്ടിലെത്തിയപ്പോൾ കാൻസർ രോഗികൾ, ആദിവാസിക്കുട്ടികൾ എന്നിവർക്കൊക്കെ സഹായങ്ങൾ എത്തിക്കാനായി.

ആറന്മുള വള്ളംകളിയും ഉത്രാടംനാൾ സന്ധ്യയിൽ കാട്ടൂരിൽ നിന്നുള്ള തിരുവോണത്തോണി പുറപ്പാടും വള്ളസദ്യയുമെല്ലാം ഇന്നും എന്‍റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്. തോണി പുറപ്പെടുന്പോൾ ആചാരപരമായ ചടങ്ങുകൾക്ക് അവകാശമുള്ള തറവാടുകളിലൊന്നാണ് എന്‍റേത്. 2019ലും വള്ളസദ്യയിൽ പങ്കെടുത്തിരുന്നു. ഓണം നാട്ടിൽ ആഘോഷിക്കാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്.

ബിജു കുര്യൻ