കോവിഡ് കാലം സിഒപിഡി രോഗികള്‍ ശ്രദ്ധിക്കണം
കോവിഡ് കാലം സിഒപിഡി രോഗികള്‍ ശ്രദ്ധിക്കണം
Monday, May 10, 2021 5:15 PM IST
ശ്വാസകോശത്തെ ബാധിക്കുന്ന ദീര്‍ഘകാല രോഗമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് അഥവാ സിഒപിഡി. പുകവലിക്കാരായ മുതിര്‍ന്ന പുരുഷന്‍മാരെയാണ് ഈ രോഗം സാധാരണയായി ബാധിക്കുന്നത്. ശ്വാസനാളിയെയും ശ്വാസകോശത്തിലെ നേരിയ ഭിത്തികളുള്ള വായു അറകളെയുമാണ് (പാരന്‍ഖൈമ) ഈ രോഗം പ്രധാനമായും ബാധിക്കുക. കഴിഞ്ഞ കാലങ്ങളില്‍ പുകവലി, അന്തരീക്ഷ മലിനീകരണം, അടുക്കളയിലെ പുക തുടങ്ങിയവയുമായി നിരന്തര സമ്പര്‍ക്കമായിരുന്നു ഈ രോഗത്തിനു പ്രധാന കാരണം.

ലോകത്ത് 65 ദശലക്ഷം സിഒപിഡി രോഗബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നതും സിഒപിഡിയാണ്. കേരളത്തില്‍ പ്രതിവര്‍ഷം 25,000ലധികം പേര്‍ ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

സിഒപിഡി ഏക രോഗമാണെങ്കിലും അതിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് ക്രോണിക്ക് ബ്രോങ്കൈറ്റിസ് (ശ്വാസനാളിയെ ബാധിക്കുന്നത്), രണ്ട് എംഫിസീമ (പാരന്‍ഖൈമയെ ബാധിക്കുന്നത്). എംഫിസീമ പതുക്കെ ശ്വാസകോശത്തിലെ വായുഅറകള്‍ നശിപ്പിക്കുന്നു. ഇത് പുറത്തേക്കുള്ള വായു സഞ്ചാരത്തെ ബാധിക്കുന്നു. ശ്വാസനാളിക്കുള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും അതിന്റെ വികാസം കുറയ്ക്കുകയും ചെയ്യുന്നതാണ് ബ്രോങ്കൈറ്റിസ്.

രോഗ ലക്ഷണങ്ങള്‍

സിഒപിഡിയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശ്വാസതടസമാണ്. ഇത് കാലക്രമേണ തുടര്‍ച്ചയായുള്ള ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവയിലേക്ക് നയിക്കും. ലക്ഷണങ്ങളുടെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കാം. അതു മാത്രമല്ല, രോഗാവസ്ഥയുടെ പ്രാരംഭകാലത്ത് ലക്ഷണങ്ങള്‍ പ്രകടമാകണമെന്നുമില്ല. രോഗത്തിന്റെ തീവ്രത കൂടുമ്പോള്‍ ഹൃദയം ഉള്‍ പ്പെടെയുള്ള അവയവങ്ങളെ ബാധിക്കുന്നു. അതീവ ഗുരുതരാവസ്ഥയില്‍ സിഒപിഡി മൂലം ഹൃദയത്തിന്റെ വലതുവശം വികസിക്കുകയും തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകാനും സാധ്യതയേറുന്നു.

സിഒപിഡിയും കോവിഡും

സിഒപിഡിയുള്ള രോഗിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മോശമായിരിക്കും. ശ്വാസകോശത്തിലെ രോഗപ്രതിരോധ സംവിധാനം സ്വാഭാവികമായും കുറഞ്ഞിരിക്കുന്ന ഈ രോഗികളില്‍ കോവിഡ്19 ബാധിക്കാന്‍ താരതമ്യേന സാധ്യത കൂടുതലാണ്. കോവിഡ്19 ബാധിച്ചാല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉടലെടുക്കുകയും ചെയ്യും. കോവിഡ്19 ബാധിച്ച സിഒപിഡി രോഗികളില്‍ രോഗഗ്രസ്ഥ നിരക്കും മരണ നിരക്കും കൂടുതലാണ്. അതുകൊണ്ടു തന്നെ സിഒപിഡി രോഗികള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.


ശ്വസന പ്രക്രിയയെ ഗുരുതരമായി ബാധിക്കാന്‍ ഇടയുള്ളതിനാല്‍ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ നോണ്‍ഇന്‍വേസിവ് വെന്റിലേഷന്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമായോ വന്നേക്കാം. പനി, ചുമ, ശ്വാസ തടസം എന്നിവ അനുഭവപ്പെട്ടാല്‍ സിഒപിഡി രോഗികള്‍ ഉടന്‍ ആശുപത്രിയിലെത്തി നെഞ്ചിന്റെ എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്. ഇത് ആന്റിവൈറല്‍ മരുന്നുകള്‍ ഉടനടി ആരംഭിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയും മെച്ചപ്പെട്ട ചികിത്സാഫലം ലഭ്യമാക്കാന്‍ സാധിക്കുകയും ചെയ്യും. കോവിഡിനുശേഷം ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തെ ദീര്‍ഘനാളത്തേക്കു ബാധിച്ചേക്കാമെന്നുള്ളതുകൊണ്ട് കോവിഡ്19 രോഗമുക്തി നേടിയതിനുശേഷവും സിഒപിഡി രോഗികള്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്.

ചികിത്സ

സിഗരറ്റ് പുക ഉള്‍പ്പെടെയുള്ള പുകകളില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും കഴിയുന്നതും മാറിനില്‍ക്കുന്നതാണ് സിഒപിഡി പിടിപെടാതിരിക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. ഇന്‍ഹേല്‍ഡ് ബ്രോങ്കോഡയലേറ്ററും സ്റ്റിറോയ്ഡുകളുമാണ് ഇതിന്റെ ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. സമയബന്ധിതമായ തുടര്‍ പരിശോധനകളും രോഗം ക്രമേണ തീവ്രമാകാമെന്നതിനാല്‍ ചികിത്സയും അതിന് അനുസൃതമായി കൂേണ്ടതാണ്. അതീവ ഗുരുതര രോഗാവസ്ഥയിലുള്ളവര്‍ക്ക് പള്‍മണറി റീഹാബിലിറ്റേഷന്‍ നടപടികളും സ്വീകരിക്കാവു ന്നതാണ്. സിഒപിഡി പരിപാലനത്തില്‍ ന്യൂമകോക്കല്‍, ഫ്‌ളു എന്നിവയ്ക്കുള്ള വാക്‌സിനേഷന്‍ എടുക്കേണ്ടതും അനിവാര്യമാണ്.

ഡോ. എലിസബത്ത് സുനില
കണ്‍സള്‍ട്ടന്റ് പള്‍മണോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി