കുഞ്ഞിന്‍റെ ആദ്യ 1000 ദിനങ്ങള്‍
കുഞ്ഞിന്‍റെ ആദ്യ 1000 ദിനങ്ങള്‍
Friday, April 30, 2021 4:21 PM IST
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമാണ് ആദ്യത്തെ 1000 ദിവസങ്ങള്‍. അമ്മയുടെ ഉദരത്തിലുള്ള 270 ദിവസങ്ങളും ആദ്യ രണ്ടു വര്‍ഷങ്ങളും ഉള്‍പ്പെട്ടതാണ് ഈ 1000 ദിനങ്ങള്‍ (270 + 365 + 365= 1000 ദിവസങ്ങള്‍). അവസരങ്ങളുടെ ജാലകം തുറക്കുന്ന ഈ 1000 ദിനങ്ങളാണ് ഒരു കുട്ടിയെ വളര്‍ത്തുകയോ തളര്‍ത്തുകയോ ചെയ്യുന്നത്. എന്നാല്‍ 1000 ദിവസം കഴിയുമ്പോഴാകട്ടെ ഈ ജനാല അടഞ്ഞുപോകും.

കുട്ടിയുടെ ആരോഗ്യ പോഷകനില, ബുദ്ധിശക്തി, ഉയരം, സ്‌കൂള്‍ വിദ്യാഭ്യാസം, ഒരു വ്യക്തിയുടെ സമ്പാദിക്കാനുള്ള ശേഷി എന്നീ സുപ്രധാന കാര്യങ്ങളെ ഈ 1000 ദിവസങ്ങള്‍ നിര്‍ണയിക്കുന്നു. കുട്ടികളുടെ വൈകാരികസാമൂഹിക വികസനത്തിലും വലുതാകുമ്പോഴുള്ള പെരുമാറ്റം, മനോഭാവം, വിജയം, സന്തോഷം എന്നിവയിലും ആദ്യ 1000 ദിവസങ്ങള്‍ സ്വാധീനം ചെലുത്തുന്നു.

വളര്‍ച്ചാ മുരടിപ്പ്

കുട്ടികളില്‍ പോഷകാഹാരക്കുറവുമൂലമുള്ള വളര്‍ച്ചാമുരടിപ്പ് ഉണ്ടാകുന്നത് ഈ 1000 ദിവസങ്ങളിലാണ്. ആദ്യ 1000 ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളിലുണ്ടാകുന്ന പോഷകാഹാരക്കുറവും വളര്‍ച്ചാ മുരടിപ്പും കുട്ടികളുടെ ബുദ്ധി കുറയാനും പഠിപ്പില്‍ പുറകിലാകാനും ഉയരക്കുറവിനും കാരണമാകുന്നു.

അതേസമയം, ആദ്യവര്‍ഷങ്ങളിലെ ഉയരക്കൂടുതല്‍ ബൗദ്ധികപരീക്ഷകളിലെ മികച്ച പ്രകടനത്തിനു കാരണമാകുന്നു. വളര്‍ച്ചാമുരടിപ്പുണ്ടായ കുട്ടികള്‍ വലുതാകുമ്പോള്‍ അവരുടെ ഉയരത്തില്‍ ഒരു ശതമാനം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ ഉയരത്തില്‍ ഒരു ശതമാനം ഉണ്ടാകുന്ന വര്‍ധന ശമ്പളത്തില്‍ 2.4 ശതമാനം വര്‍ധനയ്ക്കു കാരണമാകുന്നു.(Brazil Large Cross Sectional Study, 1997).

ഇതുകൂടാതെ ആദ്യ 1000 ദിവസങ്ങളിലുണ്ടാകുന്ന പോഷകാഹാരക്കുറവ് മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ (ജിഡിപി) ആറു ശതമാനത്തിന്റെ നഷ്ടമുണ്ടാക്കുന്നു.(WHO, 2004).

ചുരുക്കത്തില്‍ ആദ്യ 1000 ദിവസങ്ങള്‍ കുട്ടിയുടെ മാത്രമല്ല വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെതന്നെയും സാമൂഹിക, മാനവിക, സാമ്പത്തിക വികസനത്തിന്റെ അടിത്തറയാണ്.

ആദ്യത്തെ 1000 ദിവസങ്ങള്‍;
നിര്‍ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍

1. നവജാതശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക്
2. കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാമുരടിപ്പും
3. ബാല്യത്തിലും മുതിരുമ്പോഴും ഉണ്ടാകുന്ന രോഗങ്ങള്‍
4. വലുതാകുമ്പോഴുണ്ടാകുന്ന ഉയരക്കുറവ്.
5. ബുദ്ധിയുടെ അളവും (ഐക്യു) വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള കഴിവും
6. കുട്ടിയുടെ സാമൂഹിക, വൈകാരിക, ധാരണാവികാസം
7. മുതിരുമ്പോഴുള്ള പെരുമാറ്റരീതികളും മനോഭാവവും
8. സന്തോഷവും ജീവിതവിജയവും
9. മുതിരുമ്പോള്‍ വരുമാനം നേടാനുള്ള കഴിവ്
10. രാജ്യത്തിന്റെ ഉല്പാദനം, ഉല്പാദനക്ഷമത, മൊത്ത ആഭ്യന്തര ഉല്പാദനം
11. രോഗം കാരണം നഷ്ടമാകുന്ന സ്‌കൂള്‍ദിനങ്ങളും ജോലി ദിവസങ്ങളും.

ആദ്യ 1000 ദിവസങ്ങളില്‍ ഒരു വ്യക്തിക്ക് മികച്ച അടിത്തറയൊരുക്കാന്‍ സുപ്രധാനമായ 21 കാര്യങ്ങള്‍ ഈ കാലയളവില്‍ ചെയ്യേണ്ടതുണ്ട്. അമ്മമാരും കുടുംബാംഗങ്ങളും ഈ 21 കാര്യങ്ങള്‍ ഉറപ്പാക്കണം. ആഗോളതലത്തിലുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ 21 കാര്യങ്ങള്‍.



മുടക്കരുത് ഈ 21 കാര്യങ്ങള്‍

1. ഇരുമ്പ് ധാരാളം അടങ്ങിയ ആഹാരം, ഐഎഫ്എ ടാബ്ലറ്റുകള്‍ (കൃീി എീഹശര അരശറ ഠമയഹലെേ) എന്നിവ കഴിച്ച് ഗര്‍ഭിണികളിലെ വിളര്‍ച്ച കുറയ്ക്കുക.
2. അമ്മമാര്‍ക്കു പോഷകാഹാരം, വിറ്റാമിന്‍ എ, കാല്‍സ്യം, സിങ്ക് എന്നിവ നല്‍ക്കുക.
3. ഗര്‍ഭിണികള്‍ക്കു വിശ്രമം, വൈദ്യപരിശോധന എന്നിവ ഉറപ്പാക്കുക.
4. സമയമെത്താതെയുള്ള പ്രസവവും കുട്ടികളുടെ തൂക്കക്കുറവും തടയുക.
5. മികച്ച നവജാതശിശു പരിചരണം ഉറപ്പുവരുത്തുക.
6. കുട്ടികളിലെ ജനനവൈകല്യങ്ങളും ജന്മനായുള്ള ഹൃദയരോഗങ്ങളും പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക.
7. കുട്ടികളിലെ ന്യൂമോണിയ, വയറിളക്കം, വിരശല്യം എന്നിവയെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക.
8. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക.
9. ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക.
10. ഏഴുമാസം മുതല്‍ കുഞ്ഞിന് ഗുണനിലവാരമുള്ള ഭക്ഷണം സമയക്രമമനുസരിച്ച് നല്‍കുക.
11. കുട്ടികളിലെ പോഷകാഹാരക്കുറവും വളര്‍ച്ചാമുരടിപ്പും തടയുക.
12. ഒന്നാം ജന്മദിനത്തിനു മുമ്പ് അഞ്ച് പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കുക.
13. അഞ്ചുവയസില്‍ താഴെയുള്ള കുികള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണവീതം ഒമ്പതു പ്രാവശ്യം വിറ്റാമിന്‍ എ നല്‍കുക.
14. അയഡിന്‍ ചേര്‍ത്ത ഉപ്പ് ഉപയോഗിക്കുക.
15. ആദ്യ 1000 ദിവസങ്ങളില്‍ കുഞ്ഞുമായി കളിക്കുകയും ലാളിക്കുകയും പാട്ടുപാടുകയും കഥപറയുകയും ചെയ്യുക.
16. പ്രാഥമിക കൃത്യങ്ങള്‍ കക്കൂസില്‍മാത്രം നിര്‍വഹിക്കുക.
17. വീട്ടിലുള്ള എല്ലാവരും ശുദ്ധജലംമാത്രം കുടിക്കുക.
18. ഭക്ഷണത്തിനു മുമ്പും പ്രാഥമികകൃത്യങ്ങള്‍ക്കുശേഷവും സോപ്പുപയോഗിച്ച് കൈ കഴുകുക.
19. പെണ്‍കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുകയും വിളര്‍ച്ച തടയുകയും ചെയ്യുക.
20. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതിരിക്കുക.
21. 18 വയസുവരെയുള്ള എല്ലാ പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തുക.
വ്യക്തി, കുടുംബം, സമൂഹം എന്നീ തലത്തിലുള്ള പെരുമാറ്റരീതികളാണ് ഈ 21 കാര്യങ്ങളില്‍ ഭൂരിപക്ഷവും. ഇവയില്‍ 10 എണ്ണം കുട്ടികളും നാലെണ്ണം അമ്മമാരും മൂന്നെണ്ണം കൗമാരത്തിലുള്ളവരും നാലെണ്ണം എല്ലാവരും ചെയ്യേണ്ടതാണ്.

ഈ 21 കാര്യങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ അവസരങ്ങളുടെ ഈ ജനാല അടഞ്ഞുപോകും. കുഞ്ഞിന്‍റെ ആദ്യ രണ്ടുവര്‍ഷങ്ങളിലുണ്ടാകുന്ന വളര്‍ച്ചാമുരടിപ്പും ദോഷഫലങ്ങളും 1000 ദിവസത്തിനുശേഷം പരിഹരിക്കാനാവില്ല.

ഈ 21 കാര്യങ്ങളില്‍ മിക്കതിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. എന്നാല്‍ കേരളം താരതമ്യപ്പെടുത്തേണ്ടത് വികസിതരാജ്യങ്ങളുമായാണ്. ഈ 21 മേഖലകളിലുള്ള പുരോഗതി, സാമൂഹിക, മാനവിക, സാമ്പത്തിക മേഖലകളിലെ അടുത്ത തലത്തിലുള്ള വികസനത്തിന് സഹായിക്കും.

സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക് കടപ്പാട്: യൂണിസെഫ്, കേരള