ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
Wednesday, March 24, 2021 5:49 PM IST
ശരിയായ ഭക്ഷണക്രമം നമ്മുടെ ചര്‍മത്തിനു പ്രസരിപ്പും ഓജസും പ്രധാനം ചെയ്യുന്നു. ചര്‍മം വരളാതിരിക്കാന്‍ ഭക്ഷണക്രമത്തിന് ഏറെ പ്രാധാന്യമുണ്ട്. ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ച് വായിക്കാം...

പഴങ്ങളും പച്ചക്കറികളും

നമ്മുടെ അനുദിന ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. അവയില്‍ ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും അടങ്ങിയിുട്ടണ്ട്. ഇവ നമ്മുടെ ചര്‍മത്തെ സംരക്ഷിക്കുന്നു. സിട്രസ് അടങ്ങിയ പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി, മന്താറിപ്പഴം എന്നിവ ചര്‍മത്തിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ സഹായിക്കും. ഇവയുടെ കുറവ് ത്വക്ക് രോഗങ്ങള്‍ക്കും ചര്‍മം ചുളിയാനും വരണ്ടതാക്കാനും കാരണമാകുന്നു.

മാംസ്യത്തിന്‍റെ പ്രാധാന്യം

പാന്‍േറാന്തെനിക് ആസിഡ് (വിറ്റാമിന്‍ ബി5) ഊര്‍ജോല്‍പാദനത്തിനും ഫാറ്റ് മെറ്റബോളിസം നടക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത് കോഴിയിറച്ചി, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവയിലാണ്.

റൈബോഫ്‌ളാവിന്റെ കുറവ് ചുണ്ടുകളിലെ വിള്ളല്‍, ഉണങ്ങാത്ത മുറിവ്, ത്വക്കിലെ അസ്വസ്ഥത (ചര്‍മവീക്കം) എന്നിവയിലേക്കു നയിക്കുന്നു. ഇതു കുടൂതലായി അടങ്ങിയിരിക്കുന്നത് പാല്‍, പാലുത്പന്നങ്ങള്‍ (പാല്‍ക്കട്ടി, തൈര്) എന്നിവയിലും ചീര, വെണ്ണപ്പഴം, കൂണ്‍, ചിക്ക്പീസ് എന്നിവയിലുമാണ്.

വെള്ളം കുടിക്കണം

ചര്‍മത്തിന്റെ ആരോഗ്യത്തിന് നിര്‍ജലീകരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍തന്നെ വെള്ളം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ (ജൂസ്) എന്നിവ ധാരാളമായി ഉപയോഗിക്കുക. ഒരുദിവസം കുറഞ്ഞത് ഒന്നര- രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. വിറ്റാമിന്‍ എ സമൃദ്ധമായ കാരറ്റ് ത്വക്കിനു ക്ഷീണമുണ്ടാക്കാതെ സംരക്ഷിക്കുന്നു.


മുഴുധ്യാനങ്ങള്‍, നട്‌സ്, പച്ചക്കറികള്‍, യീസ്റ്റ് എന്നിവയില്‍ നിന്നുമാണ് വിറ്റമിന്‍ ബി നമുക്കു ലഭിക്കുന്നത്. ബയോട്ടിന്‍, റൈബോഫ്‌ളാവിന്‍, പാന്റൊന്തെനിക് ആസിഡ് എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബയോട്ടിന്‍ (ബി 7) കൂടുതലായി ഉള്ളത് സോയാബീന്‍, ഓട്‌സ്, ബാര്‍ലി, കോണ്‍ എന്നിവയിലാണ്.

കൊളാജെന്‍ ഒരു സ്‌പോഞ്ചുപോലെ പ്രവര്‍ത്തിച്ച് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. കൊളാജെന്‍ ഉത്പാദനത്തിനു സഹായിക്കുന്നത് വിറ്റാമിന്‍ സി ആണ്. സിങ്കിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ത്വക്കിന്റെ മൃദുത്വം നിലനിര്‍ത്തുന്നു.

കൊഴുപ്പ്

കൊഴുപ്പ് ത്വക്കിന്റെ ഒരു ഭാഗമാണ്. ഇത് ത്വക്കിന്റെ സംരക്ഷകരാണ്. ത്വക്കില്‍ ആവശ്യത്തിന് കൊഴുപ്പില്ലാതിരുന്നാല്‍ ജലാംശം പെെട്ടന്ന് നഷ്ടപ്പെടുകയും ചര്‍മം വരണ്ടു പോവുകയും ചെയ്യും. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്‌സ് ചര്‍മത്തില്‍ ഇന്‍ട്രാസെല്ലുലാര്‍ ലിക്വിഡ് ഉണ്ടാക്കാന്‍ സഹായിക്കുന്നു. രണ്ടു തരത്തിലുള്ള ഫാറ്റി ആസിഡുകളായ ഒമേഗ 3യും ഒമേഗ 6 ഉം നമുക്കു കിട്ടുന്നത് ഭക്ഷണത്തില്‍ നിന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത് സാല്‍മണ്‍, അയില, മത്തി എന്നീ മത്സ്യങ്ങളിലും ചെറുചന വിത്ത് (ഫ്‌ളാ സീഡ്) എന്നിവയിലുമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത് സണ്‍ഫ്‌ളവര്‍ ഓയില്‍, കോണ്‍ ഓയില്‍ എന്നിവയിലാണ്.

ആല്‍ക്കഹോളിലും ബിവറേജിലും (ചായ, കാപ്പി മുതലായവ) കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ വരള്‍ച്ചയ്ക്കും നിര്‍ജലീകരണത്തിനും വഴിതെളിക്കുന്നു. അതുകൊണ്ട് ഇവ കുറഞ്ഞ അളവില്‍ മാത്രം ഉപയോഗിക്കുക. വിറ്റമാിന്‍ ഇ ചര്‍മത്തിന് അത്യാവശ്യമായ മറ്റൊരു ഘടകമാണ്. ഇതു ധാരാളമടങ്ങിയിരിക്കുന്നത് ചീര, നട്‌സ്, ഒലീവ് എന്നിവയിലാണ്.

നമ്മുടെ ചര്‍മത്തിനു ചെറിയൊരളവ് വെളിച്ചെണ്ണ അത്യാവശ്യമാണ്. ഇത് ചര്‍മത്തിന് അയവുവരുത്തുകയും കുരുക്കളില്‍നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു

സീമ