വാഹനം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധിക്കാം
വാഹനം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധിക്കാം
Friday, January 29, 2021 5:15 PM IST
കോവിഡിന്‍റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് മോട്ടോര്‍ സൈക്കിള്‍ വിലയില്‍ കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍. എന്നാല്‍ പഴയ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലരും കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു കഴിയുമ്പോഴാണു തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നു നൂറു കൂട്ടം നൂലാമാലകളുമായി ആര്‍ടി ഓഫീസ് കയറിയിറങ്ങേണ്ട ഗതികേട് പലര്‍ക്കും വന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാവുന്നതാണ.്

പഴയ വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ശ്രദ്ധയ്ക്ക്

പഴയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പരിചയമുള്ള മെക്കാനിക്കിനെ, വിദഗ്ധനെ ഒപ്പം കൂട്ടി പരിശോധിക്കണം. അപകടത്തില്‍പ്പെട്ടതാണോ ഏതെങ്കിലും ഭാഗങ്ങള്‍ മാറ്റി വച്ചിട്ടുണ്ടോ, റിപ്പയറിംഗ് നടത്തിയിട്ടുണ്ടോ, അംഗീകൃത വര്‍ക്‌ഷോപ്പില്‍ കൃത്യമായ സര്‍വീസ് നടത്തിയ ഹിസ്റ്ററി ഉണ്ടോ, വാഹനം സ്മൂത്തായി ഓടിക്കാന്‍ പറ്റുന്നുണ്ടോ, അസ്വാഭാവികമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമായും പരിശോധിക്കണം. കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ പരസ്യം കണ്ടു. ഒരു പ്രത്യേക ബ്രാന്‍ഡ് വാഹനം വേണമെന്നായിരുന്നു പരസ്യം. ബ്രാക്കറ്റില്‍ വാഹനം ഇല്ലെങ്കില്‍ ആര്‍സി ബുക്ക് ആയാലും മതി എന്നു ചേര്‍ത്തിരിക്കുന്നു. മോഷ്ടിച്ച വണ്ടികളും അപകടത്തില്‍പ്പെ് ഗുരുതര തകരാറിലായ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത വാഹനങ്ങളും സ്‌ക്രാപ്പ് വിലയ്ക്ക് വാങ്ങി കൃത്രിമമായ രേഖകള്‍ ചമച്ചും വാഹനത്തിന്റെ എസ് എന്‍ജിന്‍ നമ്പറുകള്‍ തിരുത്തിയും വഞ്ചിക്കപ്പെടാനുള്ള സാധ്യത സൂക്ഷിക്കണം. മറ്റൊന്ന് ഓഡോ മീറ്ററിലെ തിരിമറിയാണ്. ഇത് സാധാരണക്കാര്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് ഹിസ്റ്ററി നോക്കുന്നതു മാത്രമാണ് സുരക്ഷിതം.

വാഹനം വില്‍ക്കുമ്പോള്‍

വാഹനം വില്‍ക്കുന്നവര്‍ ഉടമസ്ഥാവകാശം നിര്‍ബന്ധമായും മാറ്റിയ വാഹനം മാത്രമേ കൊടുക്കാവൂ. ഇപ്പോള്‍ വാഹനം വില്‍ക്കുന്ന ആളിന്റെയോ വാങ്ങുന്ന ആളിന്റെയോ പരിധിയിലുള്ള ആര്‍ടിഒ ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്. എന്നാല്‍ രജിസ്‌ടേഷന്‍ സര്‍ിഫിക്കറ്റ് അഥവാ ആര്‍സി ബുക്കില്‍ ഉടമസ്ഥാവകാശം മാറ്റാതെ മറ്റൊരാള്‍ വാഹനം ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ ആ വാഹനത്തിന് നിയമപരമായി ഉണ്ടാകാവുന്ന എല്ലാ ബാധ്യതകള്‍ക്കും വാഹന ഉടമ ഉത്തരവാദി ആവും.


വാഹനാപകടം മൂലം ഉണ്ടാകുന്ന നഷ്ടപരിഹാരത്തിനും രജിസ്‌ട്രേഡ് ഉടമ തന്നെയാണ് ഉത്തരവാദി എന്ന കാര്യം കോടതികളും എടുത്തു പറഞ്ഞിട്ടുള്ളതാണ്. ഇന്‍ഷ്വറന്‍സ് തുടങ്ങിയ രേഖകള്‍ ഉണ്ടെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ആള്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ വാഹന ഉടമ ആയിരിക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരിക. 17 വയസുകാരന്‍ ലൈസന്‍സ് ഇല്ലാതെ ഓടിച്ച് 1.9 കോടി രൂപ നഷ്ടപരിഹാരം കൊടുത്ത വാര്‍ത്ത കണ്ടു കാണുമല്ലോ. ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ഇത്തരം ബാധ്യതകള്‍ പഴയ ഉടമയുടെ തലയില്‍ വരും. മറിച്ച്, ഒരു വാഹന ഉടമ ബാങ്ക് ലോണ്‍ ഉള്ള വാഹനം സ്വന്തം പേരില്‍ തന്നെ നില നിര്‍ത്തി മറ്റൊരാള്‍ക്ക് വില്‍ക്കുന്നു എന്നിരിക്കട്ടെ. ദേശസാല്‍കൃത ബാങ്കുകളിലെ ലോണോ, സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള മറ്റേതെങ്കിലും തരം ബാധ്യതയോ ഉണ്ടെങ്കില്‍ നിയമപരമായി ഉടമസ്ഥാവകാശം മാറിയിില്ലാത്തതിനാല്‍ ഉടമയുടെ ബാധ്യത അത് തീര്‍ക്കുന്നതിലേക്കായി ടി വാഹനം ജപ്തി ചെയ്യപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ വാഹനം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റുന്നതാണ് ഇരുകൂട്ടര്‍ക്കും അഭികാമ്യം.

ഇതു ശ്രദ്ധിക്കാം

വാഹനത്തിന്റെ രേഖകളിലും സൂക്ഷിക്കേണ്ട പല കാര്യങ്ങളുണ്ട്. വാഹന ഉടമയെ നേരില്‍ കാണാതെ ഇടനിലക്കാരും മറ്റും വഴി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റാന്‍ ഓഫീസില്‍ നല്‍കുന്ന അപേക്ഷകളില്‍ വാഹന ഉടമയുടെ ഒപ്പ് തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല വാങ്ങുന്നയാളിനാണ്.

ഒരു വാഹനത്തിന്റെ ഉടമ മരിച്ചു പോവുകയാണെങ്കില്‍ ആ വാഹനം അനന്തരാവകാശിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി ടിയാനു മാത്രമേ വാഹനം വില്‍ക്കാന്‍ നിയമപരമായി സാധിക്കുകയുള്ളൂ. മരണസര്‍ട്ടിഫിക്കറ്റ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, ഹിയറിംഗ് തുടങ്ങിയ ഓഫീസ് നടപടിക്രമങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ വേണ്ടി പലരും മരിച്ചയാളുടെ വ്യാജ ഒപ്പിട്ടു വാഹനം കൈമാറ്റം ചെയ്യുകയും പിന്നീട് ബന്ധുക്കള്‍ തിലുള്ള തര്‍ക്കം മൂലം കേസില്‍പ്പെടുകയും ചെയ്യും.

ടോജോ എം തോമസ്
(ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, കോട്ടയം)

തയാറാക്കിയത്:
ജിബിന്‍ കുര്യന്‍