ടെന്നിസ് എല്‍ബോ; അത്ര നിസാരക്കാരനല്ല
ടെന്നിസ് എല്‍ബോ; അത്ര നിസാരക്കാരനല്ല
ടെന്നിസ് എല്‍ബോ ഇന്ന് വളരെ സുപരിചിതമായ ഒരുപദമായിക്കഴിഞ്ഞു. അസ്ഥിരോഗവിഭാഗത്തില്‍ ഒരുപാട് പേര്‍ ഇന്ന് ഈ അവസ്ഥയ്ക്ക് ചികിത്സ തേടിയെത്തുന്നുണ്ട്. അത്ര നിസാരക്കാരനല്ലാത്ത ടെന്നീസ് എല്‍ബോയെക്കുറിച്ച് അറിയാം.

എന്താണ് ടെന്നിസ് എല്‍ബോ?

ഈ അസുഖത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍പോലും ഞാന്‍ ടെന്നിസ് കളിച്ചിട്ടില്ല ഡോക്ടര്‍ എന്നാണ് പലരും പറയാറുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ ടെന്നിസ് കളിക്കുന്നവര്‍ക്കു മാത്രം വരുന്ന ഒരു സ്ഥിതിവിശേഷം അല്ല ഇത് . ടെന്നിസ് റാക്കറ്റ് ആവശ്യമില്ലാത്തവിധം മുറുക്കിപ്പിടിച്ചു ബാക്ക് ഹാന്‍ഡ് ഷോട്‌സ് സ്ഥിരമായി കളിക്കുന്നവരില്‍ ഇത് കണ്ടുവരാറുള്ളത് കൊണ്ടാണ് ഈ പേര് പതിഞ്ഞത്. എന്നാല്‍ ഏതൊരു കായികവിനോദത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇത് വരാം. ഉത്തമോദാഹരണം നമ്മുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കരിയറിനെതന്നെ ബാധിക്കുന്ന രീതിയില്‍ ഒരുകാലത്ത് ഈ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു.

എന്നാല്‍ കായികതാരങ്ങളെമാത്രം അല്ല ഇത് ബാധിക്കുന്നത്. ജീവിതത്തില്‍ ഒരുതവണപോലും ഗ്രൗണ്ട് കണ്ടിില്ലാത്തവരും ഇതിന്റെ പിടിയില്‍ അകപ്പെടാറുണ്ട്. ഇലക്ട്രീഷന്‍, പ്ലംബര്‍, ആശാരി തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇത് കൂടുതലായി കാണാറുമുണ്ട്. വയലിന്‍പോലുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരിലും ചുരുക്കമായി ഇത് കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

കൈമുട്ടിന്റെ പുറംഭാഗത്തു അസഹ്യമായ വേദനയായിട്ടാണ് മിക്കവര്‍ക്കും ഇത് പ്രത്യക്ഷപ്പെടുന്നത്. കൈമുട്ട് മടക്കുന്ന ഭാഗത്തു വെളിയിലാണ് ഇതനുഭവപ്പെടുക. കൈ ഉയര്‍ത്തുമ്പോഴോമടക്കുമ്പോഴോ കഠിനമായ വേദന തോന്നാം. സാധനങ്ങള്‍ വലിച്ചെടുക്കുക, ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വേദന അധികമാവാന്‍ കാരണമാകും. ചിലര്‍ക്ക് പിടിച്ചെഴുതുകപോലും ബുദ്ധിമുട്ടായേക്കാം. തുണി പിഴിയുക, താക്കോല്‍ ഉപയോഗിച്ച് പൂട്ടുകയും തുറക്കുകയും ചെയ്യുക, അടപ്പു തിരിച്ചുതുറക്കുക, സ്‌ക്രൂഡ്രൈവര്‍ പോലെയുള്ളവ ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്യുമ്പോള്‍ അസഹ്യമായ വേദന അനുഭവപ്പെടുന്നതും സാധാരണമാണ്. ഇതിനു സമാനമായി ചിലര്‍ക്കു കൈമുട്ടിന്റെ ഉള്ളിലായി വേദന അനുഭവപ്പെടാറുണ്ട്. ഇതിനെ ഗോള്‍ഫേഴ്‌സ് എല്‍ബോ എന്നാണ് പറയുക.


എന്താണ് പരിഹാരം?

ടെന്നിസ് എല്‍ബോ ഒരുപരിധിവരെ കൈമുട്ടില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍വഴി നിയന്ത്രിക്കാന്‍ കഴിയും. ഒരുപാട് ആള്‍ക്കാരില്‍ ഇത് ഒരു ചികിത്സയും കൂടാതെ സാവധാനം ഭേദമായിക്കാണാറുമുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം പേരിലും ഇത് ദൈനംദിന ജീവിതവൃത്തിക്കും ജോലിക്കും വിഘാതമുണ്ടാവുന്നതരത്തില്‍ അസഹനീയമാവുന്നതിനാല്‍ ചികിത്സവേണ്ടിവരും. മിക്കവര്‍ക്കും നീര്‍ക്കെട്ട് കുറയ്ക്കുവാനുള്ള മരുന്നുകള്‍ നല്കുന്നതിലൂടെയും അസുഖം ബാധിക്കപ്പെട്ട മസിലുകള്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ കൈയുടെ ഉപയോഗം ക്രമീകരിക്കുന്നതിലൂടെയും വളരെവേഗം രോഗമുക്തി ലഭിക്കാറുണ്ട്. വേദനയുള്ള ഭാഗത്തു ദിവസം പല പ്രാവശ്യം ഐസ് അമര്‍ത്തി വയ്ക്കുന്നത് നീര് വലിയാനും വേദന കുറയാനും സഹായിക്കും. പക്ഷേ ഒരു തുടര്‍ ചികിത്സയ്ക്ക് തണുപ്പിനെക്കാളും ചൂട് നല്‍കുന്നതാവും ഉചിതം. ചൂട് നല്‍കുന്നതിലൂടെ ആ ഭാഗത്തെ രക്തയോട്ടം വര്‍ധിപ്പിക്കുകയും കലകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കുകയും ചെയ്യും.


ഫിസിയോതെറാപ്പി ഈ അസുഖത്തിന് വളരെ ഫലപ്രദമാണ്. അള്‍ട്രാ സോണിക് തരംഗങ്ങള്‍ ഉപയോഗിച്ചുള്ള മസാജ്, ചില പ്രത്യേകതരം സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവ വേദന കുറയ്ക്കുന്നതിനും മസിലിനു വന്നിട്ടുള്ള തകരാറു പരിഹരിക്കുന്നതിനും സഹായിക്കും. വിപണിയില്‍ ലഭ്യമായിുള്ള ചില പ്രത്യേകതരം ബെല്‍റ്റുകള്‍ ചലനത്തെ നിയന്ത്രിക്കുമെങ്കിലും ഇത് അസുഖത്തിന്റെ യഥാര്‍ഥ ചികിത്സയ്ക്ക് ഉപയോഗ പ്രദമാണെന്നുള്ളതിനു തെളിവുകള്‍ ഒന്നുമില്ല.

ശസ്ത്രക്രിയ

മറ്റെല്ലാവഴികളും അടയുമ്പോഴാണ് ഈ അസുഖത്തിന് ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെടുക. വളരെ അപൂര്‍വമായി മാത്രമേ ഇത് വേണ്ടിവരു. മുന്‍പൊക്കെ കൈമുട്ട് തുറന്നുള്ള ശസ്ത്രക്രിയായിരുന്നു ചെയ്തിരുന്നത്. പക്ഷേ സാങ്കേതികവിദ്യയുടെ വികാസംമൂലം ഇപ്പോള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയും കത്തിതൊടാതെയുള്ള പരിഹാരമാര്‍ഗങ്ങളും ലഭ്യമാണ് . ഇതുമൂലം ശസ്ത്രക്രിയമൂലമുള്ള വിഷമതകള്‍ വളരെയധികം കുറയുകയും ഫലപ്രാപ്തി വളരെയധികം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.

ടെന്നിസ് എല്‍ബോ വളരെ നിസാരവും അതേസമയം വളരെയധികം വേദനാജനകവുമായ ഒരവസ്ഥയാണ് . ഇത് ബാധിച്ച ഒരാള്‍ക്ക് പൂര്‍ണസുഖം ലഭിക്കാന്‍ ആറുമാസം മുതല്‍ രണ്ടു വര്‍ഷംവരെ സമയമെടുത്തേക്കാം. ഒരു നല്ലവിഭാഗം ആളുകള്‍ക്ക് ചികിത്സകൂടാതെയും സുഖപ്രാപ്തി കൈവരുന്നുണ്ട് .പക്ഷേ ഇത് വരാതെ നോക്കുന്നതാണ് ബുദ്ധി. കൈമുട്ടിന് അമിതമായ ആയാസം വരുത്തുന്ന ചെറുതോ വലുതോ ആയ പ്രവൃത്തികള്‍ ആവര്‍ത്തിച്ചു ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ പ്രതിരോധമാര്‍ഗം.

പുതിയ ചികിത്സാരീതികള്‍

പിആര്‍പി ഇന്‍ജെക്ഷന്‍, സ്റ്റെംസെല്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവ ഈ വിഭാഗത്തിലുള്ള പുതിയ ചികിത്സാരീതികളാണ്. മരുന്നും ഫിസിയോ തെറാപ്പിയും ഒട്ടും പ്രയോജനം ചെയ്യാത്ത ചുരുക്കം രോഗികള്‍ക്കാണ് ഇത്‌നിര്‍ദ്ദേശിക്കപ്പെടുന്നത്. ഈ രീതികളൊക്കെ അതിന്റെ പ്രാരംഭദശയിലാണ്. അതുകൊണ്ടുതന്നെ നൂറുശതമാനം ഫലപ്രദമെന്ന് പറയാവുന്ന നൂതനരീതികളൊന്നുംതന്നെ ഇതുവരെ പ്രാവര്‍ത്തികമായിില്ല. പക്ഷേ
പൂര്‍ണമായും സുരക്ഷിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ രീതിയെന്ന നിലയ്ക്ക് ഇവയൊക്കെ ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടുന്നുണ്ട്.

ഡോ. വിജയമോഹന്‍. എസ്
കണ്‍സള്‍ട്ടന്റ് ഓര്‍ത്തോ പീഡിക്‌സ്, ആസ്റ്റര്‍ മെഡ്‌സിറ്റി. എറണാകുളം