സന്ധിവാതം; പേടി വേണ്ട
സന്ധിവാതം മൂലം വിഷമിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. സന്ധിവാതത്തെക്കുറിച്ച് അറിയാം.

എന്താണ് സന്ധിവാതം

സന്ധികളില്‍ ഉണ്ടാകുന്ന വേദനയാണ് സാധാരണയായി സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. വേദനയ്ക്ക് പുറമേ തരിപ്പ്, സന്ധികളിലെ നീര്‍വീക്കം എന്നിവയാണ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍. ശരീരത്തിലെ ഒരു സന്ധിയെയോ ഏതാനും സന്ധികളെയോ നിരവധി സന്ധികളെയോ ഇത് ബാധിച്ചേക്കാം.

സന്ധിവാതത്തിന് നിരവധി കാരണങ്ങളുണ്ട്. ചില തരത്തിലുള്ള സന്ധിവാതം ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുകയും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റു ചിലവ സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതും ചിലപ്പോള്‍ സ്ഥിരമായുള്ള അംഗവൈകല്യത്തിന് ഇടയാക്കുന്നതുമാണ്.

ലക്ഷണങ്ങള്‍

സന്ധിവാതത്തിന്റെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും തരിപ്പുമാണ്. ഇതിന് പുറമേ സന്ധി ബലഹീനതയും നീര്‍വീക്കവും ഒന്നോ അതില്‍ കൂടുതലോ സന്ധികളുടെ ചലനം പരിമിതപ്പെടുത്തുന്നതുമാകാം. സന്ധികളുടെ പുറത്തുള്ള ചര്‍മത്തില്‍ ചുവപ്പ് നിറവും ചൂടും അനുഭവപ്പെടും.

രണ്ടുതരം

സന്ധിവാതം പ്രധാനമായും രണ്ടു തരത്തിലുണ്ട്. വേദനയുള്ളതും വേദനരഹിതവും. അണുബാധയുള്ള സന്ധിവാതം, ആമവാതം, രക്തവാതം തുടങ്ങിയവയാണ് വേദനയുള്ള സന്ധിവാതത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍. മുട്ടിലെ തേയ്മാനമാണ് വേദനരഹിത സന്ധിവാതത്തിന്റെ ഒരു ഉദാഹരണം. ഇതാണ് സാധാരണയായി കൂടുതല്‍ കണ്ടുവരുന്നതും. സന്ധിവേദന ഉണ്ടാകുന്ന ഭാഗം, സമയം, ക്രമം എന്നിവ കൂടാതെ സന്ധികളുടെ പുറമേ കാണുന്ന നീര്‍വീക്കം, ചൊറിച്ചില്‍ എന്നിവയിലൂടെ വേദനയുള്ളതും വേദനരഹിതവുമായ സന്ധിവാതത്തെ വേര്‍തിരിച്ചറിയാം.

കാരണങ്ങള്‍

സന്ധികളുടെ ക്ഷയത്തിന് നിരവധി കാരണങ്ങള്‍ ആക്കം കൂട്ടാം. ദൈനംദിന ഭാരിച്ച ജോലികളില്‍ നിന്നുമുണ്ടാകുന്ന തേയ്മാനം, സന്ധികള്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരിക്ക്, മുന്‍കാല അണുബാധ, മോണോസോഡിയം യൂറേറ്റ് അല്ലെങ്കില്‍ കാല്‍സ്യം പൈറോഫോസ്‌ഫേറ്റ് ഡൈഹൈഡ്രേറ്റ് ക്രിസ്റ്റലുകള്‍ എന്നിവയുടെ അടിഞ്ഞുകൂടല്‍, അല്ലെങ്കില്‍ ഓട്ടോഇമ്യൂണ്‍ പ്രക്രിയ തുടങ്ങിയവയാണ് സാധാരണയായി സന്ധിവേദനകള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍.


അമേരിക്കയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകള്‍ക്ക് സന്ധിവാതമുണ്ട്. ഇത് കാലക്രമേണ കൂടാനാണ് സാധ്യത. സന്ധിവാതത്തില്‍ മുട്ടുകളിലെ തേയ്മാനമാണ് വളരെ സാധാരണയായി കണ്ടുവരുന്നത്. 45 വയസിന് മുകളിലുള്ള ആളുകളില്‍ 19 മുതല്‍ 30% പേരും കാല്‍മുട്ടിലെ തേയ്മാനം ഉള്ളവരാണ്. 40% പുരുഷന്‍മാരിലും 47% സ്ത്രീകളിലും തങ്ങളുടെ ജീവിതകാലയളവില്‍ മുട്ടിലെ തേയ്മാനമുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര സൂചിക (ബോഡി മാസ് ഇന്‍ഡെക്‌സ്) 30ല്‍ കൂടുതലാണെങ്കില്‍ ഇത് 60% ആയി വര്‍ധിക്കാം.


സന്ധിവാതത്തിന് മുന്നോടിയായി ക്ഷീണം, ശാരീരിക അസ്വസ്ഥത, വിഷാദരോഗം എന്നിവ അനുഭവപ്പെേക്കാം. ഇത് രോഗമുള്ളതിന്റെ സൂചനകളുമാകാം. ഈ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമുണ്ടാകാം. മിക്ക രോഗികളിലും രോഗലക്ഷണം സന്ധികളിലായിരിക്കില്ല മറ്റ് ശരീരഭാഗങ്ങളിലാകാം കണ്ടുവരുന്നത്. മുടികൊഴിച്ചില്‍, ഒരു കണ്ണില്‍ കാഴ്ചക്കുറവ്, വേദന, ചൊറിച്ചില്‍, വായിലെ അള്‍സര്‍, ജനനേന്ദ്രിയങ്ങളിലെ അള്‍സര്‍, പേശികളിലെ വേദന, ശ്വസന പ്രശ്‌നം, ഭാരം കുറയുക, പനി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

രോഗസ്ഥിരീകരണത്തിന്റെ പ്രസക്തി

രോഗ സ്ഥിരീകരണമാണ് ഫലപ്രദമായ ചികിത്സയിലേക്കുള്ള ആദ്യപടി. സന്ധിവാതം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ രോഗിയുടെ ലക്ഷണങ്ങള്‍ പരിഗണിക്കുകയും ശാരീരിക പരിശോധനയും തുടര്‍ന്ന് രക്ത പരിശോധനയും എക്‌സ് റേയും നടത്തി ഏത് തരം സന്ധിവാതമാണെന്ന് കണ്ടെത്തുന്നു. ഉദാഹരണത്തിന് ആമവാതമുള്ള ആളുകളിലെ രക്തത്തില്‍ റ്യൂമറ്റോയ്ഡ് ഫാക്ടേഴ്‌സ് എന്നറിയപ്പെടുന്ന ആന്റിബോഡികളും ആന്റിസൈക്ലിക് സിട്രള്ളിനേറ്റഡ് പെപ്‌റ്റൈഡ് (സിസിപി) ആന്റിബോഡികള്‍, സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസസിനുള്ള (എസ്എല്‍ഇ) ആന്റി ന്യൂക്ലിയര്‍ ആന്റിബോഡി എന്നിവയും ഉണ്ടാകും.

ഡിസീസ് മോഡിഫൈയിങ് ആന്റിറ്യൂമാറ്റിക് മരുന്നുകള്‍ (ഡിഎംഎആര്‍ഡി), ബയോളജിക് റസ്‌പോണ്‍സ് മോഡിഫൈയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സന്ധിവാതത്തിനുള്ള ചികിത്സ.

ഇതു ശ്രദ്ധിക്കാം

സന്ധിവാതം തടയാന്‍ വ്യക്തമായ മാര്‍ഗങ്ങളൊന്നും ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ ചില സന്ധിവാതങ്ങള്‍ ഉണ്ടാകുന്നത് വൈകിപ്പിക്കാനും രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. നിലവില്‍ ആരോഗ്യകരമായ സന്ധികള്‍ ഉള്ളവരാണെങ്കില്‍ അത് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. അതിലൂടെ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയും വൈകല്യവും ഒഴിവാക്കാം.

രോഗത്തിന് കാരണമാകുന്ന ഒഴിവാക്കാനാകാത്ത ഘടകങ്ങളുണ്ട്. അതേക്കുറിച്ച് ഒന്നും ചെയ്യാനാകില്ലെന്ന് അര്‍ഥം. പാരമ്പര്യമായി സന്ധിവാതമുള്ള കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ചില സന്ധിവാതം ഉണ്ടാകാന്‍ അങ്ങനെയാകണമെന്നുമില്ല. അതായത്, ചില സാഹചര്യങ്ങളില്‍ രോഗം വരാനുള്ള ചില സാധ്യതാഘടകങ്ങള്‍ മാറ്റാനാകും. അവയാണ് പെരുമാറ്റവും സാഹചര്യങ്ങളും. രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും വരുന്നത് വൈകിപ്പിക്കാനും അല്ലെങ്കില്‍ പൂര്‍ണമായി തടയാനും ഇവ മാറ്റാനാകും.

ഏതാനും സന്ധിവാതങ്ങളുടെയും ബന്ധപ്പെട്ട മറ്റ് രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മാറ്റാന്‍ കഴിയുന്ന അപകടഘടകങ്ങളുടെയും ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

* മുട്ടുകളിലെ തേയ്മാനം ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
* ആമവാതം പുകവലി പാടില്ല
* രക്തവാതം പഞ്ചസാരയുടെ അളവ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക, മദ്യം ഒഴിവാക്കുക.

ഡോ.ജോ തോമസ്
കണ്‍സള്‍ട്ടന്റ് റുമറ്റോളോജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം