ഓണപ്പലഹാരങ്ങള്‍
ഓണക്കാലത്ത് ഉണ്ടാക്കാവുന്ന ഏതാനും പലഹാരങ്ങള്‍ ഇതാ...

ബനാന ചിപ്‌സ്

ചേരുവകള്‍

നാടന്‍ ഏത്തക്കായ -നാല് എണ്ണം
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
എണ്ണ (വറുക്കാന്‍)- ആവശ്യത്തിന്

തയാറാക്കുന്നവിധം
ഏത്തക്കായ തൊലി പൊളിച്ചെടുക്കുക. (മൂന്നുവശം കീറി കൈ അധികം തൊലി പൊളിച്ച ഭാഗത്ത് പിടിക്കാതെ എടുക്കുക. ഒത്തിരി കൈയിലിട്ട് ഉരുട്ടിയാല്‍ കറപിടിക്കും) ഈ ഏത്തക്കായ ഒരു ഗ്രേറ്ററില്‍ അരിയണം. ചൂടായ എണ്ണയില്‍ അല്പം മഞ്ഞള്‍പൊടി ചേര്‍ക്കുക. ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ ഏത്തക്കായ ഇടണം. അല്‍പം കഴിഞ്ഞശേഷം ഇളക്കുക. മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ആവശ്യത്തിന് ഉപ്പുനീര് ചേര്‍ക്കണം. അതിനുശേഷം ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ടിഷ്യു പേപ്പര്‍ വച്ച പാത്രത്തിലേക്ക് കോരുക.

ശര്‍ക്കര വരട്ടി

ചേരുവകള്‍
നാടന്‍ ഏത്തക്കായ- മൂന്ന് എണ്ണം
ശര്‍ക്കര -200 ഗ്രാം
ചുക്കുപൊടി -രണ്ടു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപൊടി -ഒരു ടേബിള്‍സ്പൂണ്‍
പഞ്ചസാര -രണ്ടു ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം
ഏത്തക്കായ തൊലി കളഞ്ഞ് അര ഇഞ്ച് കനത്തില്‍ ഒരേപോലെ കഷണങ്ങളാക്കുക. ഇത് നന്നായി ചൂടായ എണ്ണയിലേക്ക് ഇടണം. അല്‍പം കഴിക്കുമ്പോള്‍ മീഡിയം ഫ്‌ളെയിമില്‍ ഇടുക. നന്നായി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കണം. ഏത്തക്കായ നന്നായി മൊരിഞ്ഞിരിക്കണം. അല്പം വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുട്ടിയെടുക്കുക. പാനി നല്ല പരുവമായിരിക്കണം. അതിലേക്ക് വറുത്ത ഏത്തക്കായ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പൊടികളെല്ലാം ചേര്‍ക്കണം. അവസാനം പഞ്ചസാര ചേര്‍ത്ത് ഇളക്കി ചൂടാറിക്കുക. ചൂടാകുമ്പോള്‍ ശര്‍ക്കര വരട്ടി തയാറായി.

പക്കാവട

ചേരുവകള്‍
അരിപ്പൊടി -ഒരു കപ്പ്
കടലമാവ് -ഒരു കപ്പ്
മുളകുപൊടി -രണ്ടു ടേബിള്‍സ്പൂണ്‍
പെരുംജീരകപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
കായം -ഒരു ടീസ്പൂണ്‍
നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യമായത്
കറിവേപ്പില -നാലു തണ്ട്

തയാറാക്കുന്നവിധം
അരിപ്പൊടിയും കടലമാവും ബാക്കി പൊടികളും നെയ്യും ചേര്‍ത്ത് കുഴച്ചെടുക്കുക. ഇടിയപ്പത്തിന്റെ അച്ചില്‍ പക്കാവട ചില്ലിട്ട് അതില്‍ മാവ് നിറച്ച് ചൂടായ എണ്ണയിലേക്കു ചുറ്റിച്ച് വറുത്തെടുക്കണം. മാവ് ഒഴിച്ചുകഴിയുമ്പോള്‍ മീഡിയം ഫ്‌ളെയിമില്‍ ഇടുക. ഇത് മൂത്ത് കോരിയെടുത്ത് പീസാക്കി എടുക്കണം. ഇതിലേക്ക് കറിവേപ്പില വറുത്ത് ചേര്‍ക്കാം.

മുന്തിരികൊത്ത്


ചേരുവകള്‍
ചെറുപയര്‍ -അര കിലോഗ്രാം
തേങ്ങ ചെറുതായി അരിഞ്ഞത് -അരമുറി
തേങ്ങ ചുരണ്ടിയത് -ഒരെണ്ണം
അരി വറുത്ത് പൊടിച്ചത് -150 ഗ്രാം
ഏലയ്ക്കാ - എട്ട് എണ്ണം
ശര്‍ക്കര -ഒരു കിലോഗ്രാം
നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍
അരിപ്പൊടി വറുത്തത് -കാല്‍ കപ്പ്
മൈദ -ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി -ഒരുനുള്ള്
എണ്ണ -വറുക്കാന്‍

തയാറാക്കുന്നവിധം
ചെറുതായി അരിഞ്ഞ തേങ്ങ നെയ്യില്‍ വറുക്കുക. ശര്‍ക്കര പാനിയാക്കണം. അതിലേക്ക് തേങ്ങ ചുരണ്ടിയത് ചേര്‍ക്കുക. ചെറുപയര്‍ വറുത്ത് പൊടിച്ചതും ഏലക്കയും അരിവറുത്ത് പൊടിച്ചതും ചേര്‍ത്ത് യോജിപ്പിക്കണം. ഇത് ചെറിയ ഉരുളകളാക്കുക. അരിപ്പൊടിയും മൈദയും മഞ്ഞളും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് ബാറ്റര്‍ തയാറാക്കി ഈ ഉരുളകള്‍ അതില്‍ മുക്കി എണ്ണയില്‍ വറുത്തുകോരണം. മുന്തിരിക്കൊത്ത് തയാര്‍.

ഉണ്ണിയപ്പം

ചേരുവകള്‍
പച്ചരി -450 ഗ്രാം
കറുത്ത ശര്‍ക്കര- 350 ഗ്രാം
പാളയന്‍കോടന്‍ പഴം -രണ്ട് എണ്ണം
തേങ്ങ ചെറുതായി അരിഞ്ഞ് വറുത്തത് - മൂന്ന് ടേബിള്‍ സ്പൂണ്‍
നെയ്യ് -രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്കായ -എട്ട് എണ്ണം
ഉപ്പ് -ഒരു നുള്ള്
തേങ്ങ ചിരകിയത്- ഒരു മുറിയുടേത്
എള്ള് -ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.(വെള്ളം അധികമാകരുത്). പച്ചരി കുതിര്‍ത്ത് വച്ചിരിക്കുന്നതും തേങ്ങയും അല്‍പം ഉപ്പും മിക്‌സിയില്‍ ശര്‍ക്കര പാനി ചേര്‍ത്ത് അരയ്ക്കണം. നന്നായി അരഞ്ഞു പോകരുത്. തരി വേണം. ദോശമാവിന്റെ പരുവത്തിലായിരിക്കണം. വെള്ളം അധികമാകരുത്. പഴവും അരച്ചു ചേര്‍ക്കുക. ഇതിലേക്ക് ഏലക്കാപ്പൊടിയും എള്ളും നെയ്യില്‍ വറുത്ത തേങ്ങയും ചേര്‍ത്ത് നാലഞ്ചു മണിക്കൂര്‍ വയ്ക്കണം. അതിനുശേഷം ഉണ്ണിയപ്പ ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മാവ് ഒഴിക്കുക. മൊരിഞ്ഞു വരുമ്പോള്‍ കോരി എടുക്കണം.

എള്ളുണ്ട

ചേരുവകള്‍
എള്ള് കറുത്തത് അല്ലെങ്കില്‍ വെളുത്തത് - 220 ഗ്രാം
ശര്‍ക്കര -300 ഗ്രാം
നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍
ഏലക്കായ - മൂന്ന് എണ്ണം

തയാറാക്കുന്നവിധം
എള്ള് കഴുകിവാരി വെള്ളം നന്നായി പോയി കഴിയുമ്പോള്‍ വറുത്തെടുക്കുക. ശര്‍ക്കര അല്‍പം വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കണം. ഇത് ഒരു പാനില്‍ ഒഴിച്ചു പാനിയാക്കുക. പാനിയുടെ പരുവം കൃത്യമായിരിക്കണം (അത് ഒരു തുള്ളി പാത്രത്തില്‍ ഒഴിച്ചാല്‍ ഒഴുകിപോകാത്ത പരുവം). ഇതിലേക്ക് എള്ളും നെയ്യും ഏലക്കാപൊടിയും ചേര്‍ത്ത് ഇളക്കുക. ഇളക്കിക്കൊണ്ടിരിക്കണം. അല്പം ചൂടാറുമ്പോള്‍ ഉരുട്ടിയെടുക്കുക. എള്ളുണ്ട തയാര്‍.

സോജി മനോജ് പാലത്ര
ചങ്ങനാശേരി