വാര്‍ധക്യകാലം ആനന്ദദായകമാക്കാം
Tuesday, March 5, 2019 5:03 PM IST
ജീവിതത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം തീര്‍ന്നശേഷം വിശ്രമത്തിനും നിങ്ങള്‍ ജീവിതത്തിലാഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യുന്നതിനുമുള്ള കാലമാണ് വാര്‍ധക്യം. വാര്‍ധക്യകാലം ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടമായി കണക്കാക്കണം. കൗമാരത്തിലും യൗവനത്തിലുമൊക്കെ ലഭിച്ച അനുഭവങ്ങള്‍ നിങ്ങളെ കൂടുതല്‍ വിവേകികളും അനുഭവസമ്പന്നരുമാക്കിത്തീര്‍ക്കും. ജീവിതത്തില്‍ നിങ്ങള്‍ക്കു വേണ്ട സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പംതന്നെ ജീവിതം ആസ്വദിക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനുമായി ഈ കാലഘട്ടം ഉപയോഗിക്കാം. നിങ്ങളാലാവുന്ന ജോലികള്‍ ചെയ്യണം. പഴയകാല നഷ്ടങ്ങളെ ഓര്‍ത്തു വിലപിക്കാതിരിക്കുക. ജീവിതത്തെക്കുറിച്ച് പോസിറ്റീവായ ഒരു കാഴ്ചപ്പാടു സ്വീകരിക്കുന്നതിനും സന്തോഷമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. ജീവിതത്തില്‍ കിട്ടിയ നന്മകളെ ഓര്‍ത്ത് സന്തോഷിക്കുക. സന്തോഷവും സംതൃപ്തിയും നഷ്ടപ്പെടുമ്പോഴാണ് പല വേദനകളും അസുഖങ്ങളും പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യത്തോടെ ജീവിക്കാന്‍ ചില നുറുങ്ങുകളിതാ:
സംതൃപ്തി നഷ്ടമാക്കരുത്
സ്ഥിരമായി വ്യായാമം ചെയ്യുന്നവരില്‍ ജീവിതദൈര്‍ഘ്യം കൂടുകയും സന്തോഷം വര്‍ധിക്കുകയും ചെയ്യും. പല രോഗങ്ങളും പമ്പകടക്കും. നിങ്ങള്‍ക്കു നിങ്ങളെപ്പറ്റി അഭിമാനം തോന്നും. അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. അലസത ഉപേക്ഷിക്കുക. നിങ്ങള്‍ ആസ്വദിക്കുന്ന വ്യായാമം തെരഞ്ഞെടുക്കണം. നിങ്ങള്‍ ഒരു പങ്കാൡയെയുംകൂട്ടി വ്യായാമം ചെയ്താല്‍ കുറേനാള്‍ കഴിയുമ്പോള്‍ മടിപിടിക്കുകയില്ല. ആദ്യമൊക്കെ ചെറിയ വ്യായാമങ്ങള്‍ ചെയ്യാം. പിന്നീട് വ്യായാമത്തിന്റെ കാഠിന്യം കൂട്ടിക്കൊണ്ടുവരാം. ആദ്യമൊരു ഡോക്ടറെ കണ്ടശേഷം വ്യായാമം ചെയ്തുതുടങ്ങാം.
ഇടയ്ക്ക് മക്കളും ചെറുമക്കളുമായി ഒത്തുകൂടാം. ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാം. ഇഷ്ടമുള്ള സ്ഥലങ്ങൡലേക്ക് സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒന്നിച്ച് യാത്രപോകാം. ചില പുതിയ കാര്യങ്ങള്‍ പഠിക്കാം. പുതിയ ഭാഷ പഠിക്കുകയോ പുതിയ വാദ്യോപകരണം ശീലിക്കുകയോ ചെയ്യാം. സാമ്പത്തിക കാര്യങ്ങളില്‍ അല്പം അച്ചടക്കം പാലിക്കാം. മക്കളെ ആശ്രയിക്കേണ്ടിവരാതിരിക്കാനായി നേരത്തേതന്നെ സമ്പാദ്യശീലം പഠിക്കണം.
ജീവിതലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം
ഇനിയുള്ള ജീവിതമിങ്ങനെ മുരടിച്ചു തള്ളിനീക്കാതെ നിങ്ങള്‍ എന്തിനു ജീവിക്കുന്നു എന്ന് സ്വയം തീരുമാനിച്ച് ഒരു ലക്ഷ്യമുണ്ടാക്കണം. കൂടുതല്‍ നിരാശയോ വിഷാദമോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ട. നിങ്ങളുടെ ശാരീരിക രോഗങ്ങള്‍ക്കെതിരേയുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കണം.
എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് ആ ദിവസം ചെയ്യാനുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കണം. വൈകിട്ട് കിടക്കുന്നതിനു മുമ്പ് ഈ ലിസ്റ്റ് ഒന്നുകൂടി നോക്കണം. രാത്രിയില്‍ നേരത്തേ കിടക്കാനും നേരത്തേ എഴുന്നേല്‍ക്കാനും ശീലിക്കണം. നിങ്ങള്‍ ചെറുമക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കണം. കുട്ടികളുമായി ചെലവഴിക്കുന്ന സമയം നിങ്ങളെ സന്തോഷിപ്പിക്കും. എല്ലാ ദിവസവും കുറച്ചുസമയം പറമ്പിലോ മരങ്ങളുടെ ഇടയിലൂടെയോ നടക്കണം. പ്രകൃതി നമ്മുടെ വിരസതകളെല്ലാം മായ്ക്കും. ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാന്‍ ശ്രമിക്കണം. പത്രം വായിക്കാം.
നിങ്ങളുടെ പ്രായത്തെക്കാള്‍ ചെറിയ പ്രായമുള്ള സുഹൃത്തുക്കളുമുണ്ടാകണം. കാരണം നിങ്ങളുടെ പ്രായമായവര്‍ പെെട്ടന്നു മരിച്ചുപോയെന്നിരിക്കാം. സുഹൃത്തുക്കളെ വിളിക്കാനും കാണാനും സമയം കണ്ടെത്തണം. വാര്‍ധക്യത്തില്‍ നിങ്ങളുടെ പങ്കാളി മരിച്ചാല്‍ വീണ്ടും വിവാഹം കഴിക്കുന്നതിലും തെറ്റില്ല. ഇതു നിങ്ങളുടെ സാഹചര്യങ്ങളും താത്പര്യങ്ങളുമനുസരിച്ച് തീരുമാനിക്കേണ്ടതാണ്. വാര്‍ധക്യം മനസിനെ ഗ്രസിക്കരുത്. നിങ്ങളുടെ പ്രായമുള്ളവരെ കാണാനായി ചില പകല്‍വീട് കൂട്ടായ്മകളിലും പോകാം. ചില കളികളിലേര്‍പ്പെടുന്നതിലും നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം കണ്ടെത്താം. എന്നാല്‍, മറ്റുള്ളവരുടെ കുറ്റം പറഞ്ഞുനടക്കാതിരിക്കുക.
നല്ല പാട്ടുകള്‍ കേള്‍ക്കാം, ഷോപ്പിംഗിനു പോകാം. സോഷ്യല്‍ മീഡിയയില്‍ അല്പസമയം ചെലവഴിക്കുന്നതില്‍ തെറ്റില്ല. ശരിയായ ദിശയില്‍ നിങ്ങളെ നയിക്കുന്ന ടിവി പരിപാടികള്‍ കാണാം. സീരിയലും സിനിമയും അമിതമായി കണ്ട് ജീവിതത്തിന്റെ രസം നശിപ്പിക്കാതിരിക്കുക. മക്കള്‍ വിദേശത്തുള്ളവര്‍ വീഡിയോകോള്‍ വഴി മക്കളും ചെറുമക്കളുമായി സ്ഥിരമായി സംസാരിക്കണം.
ആകാരത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കാം
അല്പം സ്റ്റൈലില്‍ നടക്കാം. കൃത്യമായി വ്യായാമം ചെയ്യുന്നതോടൊപ്പം സമീകൃതാഹാരം ശീലിക്കാം. സ്ത്രീകള്‍ അല്പം ഒരുങ്ങുന്നതിനോ നല്ല വസ്ത്രം ധരിക്കുന്നതിനോ വിമുഖത കാണിക്കേണ്ട. മുടിയില്‍ ഡൈ പുരാം. അല്പം ട്രെന്‍ഡിയായി മുടിവെട്ടാം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമാംവണ്ണം മിതമായി ഉപയോഗിക്കാം. പല്ലുകള്‍ വെളുപ്പിക്കാം. നല്ല ബാഗും ചെരിപ്പും ഉപയോഗിക്കാം. ഇതു നിങ്ങളുടെ സ്വാഭിമാനത്തെ ഉയര്‍ത്തും. കംപ്യൂട്ടറോ മൊബൈലിന്റെ ഉപയോഗമോ പഠിക്കാം.
ദിവസവും പുതിയതെന്തെങ്കിലും പഠിക്കാം
നിങ്ങളുടെ തലച്ചോറിനെ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലും വലുതായൊന്നുമില്ല. പുതിയ ഒരു കളിയോ വാദ്യോപകരണമോ ഒരു പുതിയ ഭാഷയോ പഠിക്കാം. പാചകപരീക്ഷണങ്ങള്‍, ബേക്കിംഗ് മുതലായവ പഠിക്കാം. എന്നും പോകുന്ന കടയില്‍ പോകാതെ മറ്റൊരു വഴിയിലൂടെ ഒരു പുതിയ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാം. മട്ടുപ്പാവിലോ മുറ്റത്തോ ചെറിയ കൃഷിയാകാം. ഇടയ്ക്ക് പങ്കാളിയുമായി നടക്കാന്‍ പോകാം. പുതിയ കോഴ്‌സില്‍ ചേരുന്നതിനും തെറ്റില്ല.
ധാരാളം ചിരിക്കുക
എല്ലാ കാര്യങ്ങളെയും വളരെ ഗൗരവമായി കാണാതെ അപ്രസക്തമായ ചിലതിനെ നിസാരമായി കാണാം. ഫലിതങ്ങള്‍ വായിക്കാം, ചിരിക്കാം. പങ്കാളിയുമായും കുട്ടികളുമായും സൊറ പറഞ്ഞു ചിരിക്കാം. ചില ഫലിതകഥകള്‍ വായിക്കാനും തമാശകള്‍ പറയാനും ശ്രമിക്കാം. ജീവിതത്തില്‍ മറ്റുള്ളവരെ കാണാനും സംസാരിക്കാനുമുള്ള ഒരവസരവും മുടക്കരുത്. ജീവിതത്തില്‍നിന്ന് ഉള്‍വലിയരുത്. മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറണം.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കണം. ഇടയ്ക്ക് പഴയ സുഹൃത്തുക്കളുമായി കണ്ടുമുട്ടാം. അവരോടൊത്ത് ആഹാരം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കാത്സ്യം, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ സ്ഥിരമായി കഴിക്കാം.ധാരാളം പഴങ്ങളും പച്ചക്കറികളും ശീലിക്കണം. കൊഴുപ്പും ഉപ്പും, അമിതമായ മധുരവും ഒഴിവാക്കാം. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കണം.
ഇതു ശ്രദ്ധിക്കാം
അല്പസമയം ധ്യാനത്തിനും പ്രാര്‍ഥനയ്ക്കുമായി ചെലവഴിക്കണം. ആത്മീയഗ്രന്ഥങ്ങള്‍ വായിക്കാം. സ്ഥിരമായി ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണം.
നിങ്ങള്‍ക്ക് ഒരു ഹോബിയുണ്ടാകണം. ഇണങ്ങിയ കുറച്ചു സുഹൃത്തുക്കളെ കണ്ടെത്തണം. മരണത്തെ ഭയക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ പ്രോത്സാഹിപ്പിക്കണം. നിഷേധാത്മകമായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നവരെ ഒഴിവാക്കാം. നിങ്ങളുടെ ഇന്നുള്ള അവസ്ഥയെ അംഗീകരിക്കണം. അതില്‍ സന്തോഷിക്കണം. നിങ്ങളുടെ പഴയ ജീവിതമല്ല, ഇന്നത്തെ വൈകാരികവും മാനസികവുമായ ആരോഗ്യമാണു പ്രധാനമന്നു കരുതണം. കിട്ടിയ എല്ലാ സൗഭാഗ്യങ്ങള്‍ക്കായും നന്ദിയുള്ളവരായി ജീവിക്കാം. പരാതികള്‍ പറയാതെ മറ്റുള്ളവരെ സഹായിക്കുന്നവരായി ജീവിക്കാം. നിങ്ങള്‍ക്കിനിയും ജീവിതത്തില്‍ അനേക കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നു ചിന്തിച്ച് മുന്നോട്ടുപോയാല്‍ വാര്‍ധക്യം ഏറെ ആസ്വാദ്യകരമാക്കാം. ഇങ്ങനെ വാര്‍ധക്യം ജീവിതത്തെ സുവര്‍ണ കാലഘട്ടമാക്കാം... തീര്‍ച്ച.
ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ന്റ് സൈക്യാട്രിസ്റ്റ്, എച്ച്.ജി.എം ഹോസ്പിറ്റല്‍, മുുചിറ, കോയം