കുട്ടി എപ്പോഴും മൊബൈല്‍ ഫോണിലാണോ?
കുട്ടി എപ്പോഴും മൊബൈല്‍ ഫോണിലാണോ?
Tuesday, February 26, 2019 2:43 PM IST
സ്മാര്‍ട്ട് ഫോണ്‍ കൈയില്‍ കൊടുക്കുമ്പോള്‍ ചിരിക്കുകയും തിരികെ വാങ്ങുമ്പോള്‍ നിലത്തുകിടന്നു കരയുകയും ചെയ്യുന്ന കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താക്കോല്‍ കൈയില്‍ പിടിപ്പിച്ചാല്‍ മാറില്ല, മൊബൈല്‍ ഫോണ്‍ കൊടുത്താല്‍ മാറും എന്ന കമന്റ് താഴെ. വളരെ നിസാരമെന്നു നാം കരുതിയിരുന്ന കുട്ടികളിലെയും കൗമാരക്കാര്‍ക്കിടയിലെയും സ്‌ക്രീന്‍ ഉപയോഗം (മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്, ഗെയിം കണ്‍സോള്‍, ടിവി തുടങ്ങിയവ) മയക്കുമരുന്നിനേക്കാള്‍ മാരകമാകുകയാണ്. ശിശുക്കളിലും കൗമാരക്കാര്‍ക്കിടയിലും സ്‌ക്രീന്‍ അഡിക്ഷന്‍ വര്‍ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും വ്യക്തമാക്കുന്നു. ഒന്നു ശ്രദ്ധിക്കാം.. ഈ കുട്ടിക്കളി.

കുട്ടികള്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കോ...

മുന്‍പൊക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശുപത്രികളിലെത്തിയാല്‍ മയക്കുമരുന്നിന് അടിമകളായ കുട്ടികളെ കാണുക സ്വാഭാവികമായിരുന്നു. എന്നാല്‍ ഇന്ന് ഇവരേക്കാള്‍ കൂടുതലാണ് സ്‌ക്രീന്‍ അഡിക്ഷന് ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് സൈക്യാട്രി വിഭാഗത്തില്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതില്‍ നാലു വയസു മുതലുള്ളവരുണ്ട്. എന്നാല്‍ ഒരു വയസിനുള്ളില്‍ തന്നെ സ്‌ക്രീന്‍ അഡിക്ഷന് ഇരയാകുന്നവരാണ് അധികവുമെന്നതാണ് വാസ്തവം. മൊബൈലിലോ ടാബിലോ നഴ്‌സറി പാഠങ്ങളും കാര്‍ട്ടൂണുകളും കണ്ടുതുടങ്ങുന്ന കുരുന്നുകള്‍ പിന്നീട് പതുക്കെപ്പതുക്കെ ഇതിന് അടിമകളായി മാറുന്ന സംഭവങ്ങളാണ് അധികവും.

മൊബൈല്‍ എന്ന കളിപ്പാട്ടം

ഒരു വയസാകും മുന്‍പേ മൊബൈല്‍ ഫോണ്‍ കുരുന്നു കൈകളില്‍ കൊടുക്കുന്നവരാണ് നല്ലൊരു ശതമാനം മാതാപിതാക്കളും. തങ്ങളുടെ കുട്ടികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ മോശമാണെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ രണ്ടു വയസിനു മുന്‍പ് ഒരു കാരണവശാലും കുട്ടികളെ സ്‌ക്രീനിനു മുന്നില്‍ ഇരുത്തരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ജയപ്രകാശ് പറയുന്നു. ഇതു കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ ജോലിത്തിരക്കുള്ള മാതാപിതാക്കള്‍ കണ്ടെത്തിയ വിദ്യയാണ് കൈയില്‍ ഒരു സ്മാര്‍ട് ഫോണോ ടാബോ നല്‍കുകയെന്നത്. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈല്‍ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ഇക്കാര്യത്തില്‍ ബോധവത്കരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

സ്‌ക്രീന്‍ ഡിജിറ്റല്‍ ഹെറോയിന്‍

അമിതമായ സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു സ്‌ക്രീന്‍ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കന്‍ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കര്‍ദരസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായ സ്‌ക്രീന്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് ഡിജിറ്റല്‍ വിനോദ ഉപാധിയില്‍ പതിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. സ്‌ക്രീന്‍ എന്നാല്‍ ഡിജിറ്റല്‍ ഹെറോയിന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. യഥാര്‍ഥ ഹെറോയിന്‍ അഡിക്റ്റുകളെ ചികിത്സിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്‌ക്രീന്‍ അഡിക്റ്റുകളെ ചികിത്സിക്കാനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കണ്ണിനും ദോഷകരം

എപ്പോഴും സ്‌ക്രീന്‍ നോക്കിയിരിക്കുന്ന കുട്ടികള്‍ക്ക് കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ നേത്ര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. അമിതമായ സ്‌ക്രീന്‍ ഉപയോഗം കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയുടെ ദൂരക്കുറവാണ് ഇവിടെ കണ്ണിനെ ബാധിക്കുന്നത്. 25 സെന്റീമീറ്റര്‍ മുതല്‍ 30 സെന്റീമീറ്റര്‍ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാല്‍ ഇതില്‍ കുറഞ്ഞ ദൂരത്തിലാണ് സ്‌ക്രീനിന്റെ ഉപയോഗം. ഇമവൊതെ സ്‌ക്രീനിലേക്കുള്ള നോട്ടം കൃഷ്ണമണിക്കു മുകളിലെ ദ്രവപാളിയിലെ നനവ് ബാഷ്പീകരിച്ചു പോകുന്നതിനു കാരണമാകുന്നു. ഇതു കണ്ണുകള്‍ക്കു വലിയ സമ്മര്‍ദമാണുണ്ടാക്കുന്നത്.

കുറയുന്ന ഭാവന


വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ഭാവനയില്‍ ദൃശ്യങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് സ്‌ക്രീന്‍ കണ്ടു വളരുന്ന കുട്ടികള്‍ക്ക് നഷ്ടമാകുന്നുവെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌ക്രീനില്‍ റെഡിമെയ്ഡായി കാണുന്ന കാഴ്ചകള്‍ക്കപ്പുറം മറ്റൊന്നും അവരില്‍ താല്‍പര്യമുണര്‍ത്താതെ പോകുന്നു. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ തലച്ചോറിന്റെ വികാ സത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയും വരെ സ്‌ക്രീന്‍ അഡിക്ഷന്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍. തീരെ ചെറിയ കുട്ടികളില്‍ സെല്‍ഫോണില്‍ നിന്നുളള റേഡിയേഷനുകള്‍ എളുപ്പത്തില്‍ എത്തിച്ചേരും. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മറ്റും വരുന്ന ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ മുതിര്‍ന്നവരേക്കാള്‍ രണ്ടിരിയിലധികം വേഗത്തില്‍ കുട്ടികളെ ബാധിക്കും. വലിയ അസുഖങ്ങള്‍ക്കും ഇതു വഴിമാറിയേക്കാം.

ഇല്ലാതാക്കാം ഈ പ്രവണത

കുട്ടികള്‍ വാശിപിടിക്കുമ്പോള്‍ ഒരു തവണത്തേക്കു നല്‍കാം എന്നു കരുതി ഒരു കാരണവശാലും ഡിജിറ്റല്‍ സ്‌ക്രീനുകള്‍ കുട്ടികള്‍ക്കു നല്‍കരുത്. എല്ലാ അര്‍ഥത്തിലും അത് തെറ്റായ സന്ദേശമായിരിക്കും കുട്ടികള്‍ക്കു നല്‍കുക. വെറുതേ വാശിപിടിച്ചാല്‍ എന്തും സാധിക്കാമെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാക്കുന്നതിന് ഇതു കാരണമാകും. പിന്നീട് മുഴുവന്‍ സമയവും സ്‌ക്രീനുകള്‍ക്കു മുന്നില്‍ സമയം ചെലവഴിക്കുകയും ചെയ്യും. ആവശ്യമുള്ളവ മാത്രം കുട്ടികള്‍ക്കു കൊടുക്കുക. സ്‌ക്രീന്‍ അഡിക്ഷന്‍ കുടുതലുള്ള കുട്ടികള്‍ക്ക് സ്‌ക്രീനുകള്‍ നല്‍കുന്നതു നിയന്ത്രിക്കുക. സ്‌ക്രീന്‍ നല്‍കുന്നതു ക്രമേണ കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യാം. അഞ്ചു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് അത്യാവശ്യമെങ്കില്‍ ചുരുങ്ങിയ സമയം മാത്രമായി സ്‌ക്രീന്‍ ഉപയോഗം പരിമിതപ്പെടുത്തുക. നമ്മുടെ കുരുന്നുകള്‍ ആരോഗ്യമുള്ളവരായിരിക്കട്ടെ.

കുട്ടികള്‍ക്കു വേണ്ടത് പരിസ്ഥിതി സൗഹാര്‍ദം
ഡോ.ടി.വി.അനില്‍ല്‍ കുമാര്‍

പ്രഫസര്‍ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം

കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രകൃതിദത്തമായ പരിസ്ഥിതിയാണ് വേണ്ടത്. എന്നാല്‍ കുട്ടികള്‍ ആര്‍ട്ടിഫിഷ്യല്‍ ആയി വളരുന്നത് അവരുടെ ആരോഗ്യത്തെയും തലച്ചോറിന്റെ വളര്‍ച്ചയെയും ബാധിക്കുന്നു. വരുംതലമുറയെ ഇതു ഗുരുതരമായി ബാധിക്കും. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള യാതൊരു സ്‌ക്രീനുകളും കുട്ടികള്‍ക്കു നല്‍കരുത്. മൊബൈല്‍ ഫോണുകളും ടാബുകളും കൂടുതല്‍ മാരകമാകുന്നു. കുട്ടികള്‍ക്ക് ഇതൊരു കളിപ്പാ മായി മാറുന്നതാണ് പ്രശ്‌നമാകുന്നത്. മുന്‍പൊക്കെ പരീക്ഷാക്കാലമാകുമ്പോള്‍ ടെലിവിഷന്‍ കേബിള്‍ കട്ട്് ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുടുംബത്തിലും മൊബൈല്‍ ഫോണ്‍ ഒഴിവാക്കാനാകാത്ത അവസ്ഥയാണ്. ശിശുക്കളില്‍ പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നം തോന്നില്ലെങ്കിലും വളര്‍ച്ചയുടെ പ്രായത്തില്‍ ലൈംഗിക ദുരുപയോഗങ്ങള്‍ക്കും അക്രമവാസനയ്ക്കും കാരണമാകുന്നു. അനാരോഗ്യമായ ഒരു തലമുറയെത്തന്നെയാണ് നാം വളര്‍ത്തിയെടുക്കുന്നത്.

ഡിജിറ്റല്‍ ലോകത്തു നിന്ന് തിരികെയെത്താന്‍ പ്രയാസം
ഫാ.പി.ഡി.തോമസ്

ഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍

സ്‌ക്രീന്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇപ്പോള്‍ ഡി അഡിക്ഷന്‍ സെന്ററിലെത്തുന്നത്. ആദ്യം തമാശയ്ക്ക് കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് കുട്ടികളുടെ കൈയ്യില്‍ നിന്നും വാങ്ങാനാകാത്ത അവസ്ഥ വരുന്നു. പുകയില പോലെയോ മറ്റു മയക്കുമരുന്നുകള്‍ പോലെയോ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്‌ക്രീനുകള്‍ മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. മൊബൈലോ ടാബോ ലഭിക്കാതെ വരുന്നതോടെ മാതാപിതാക്കളോട് വളരെ മോശമായി പെരുമാറുന്ന കുട്ടികളും നിരവധി. മൊബൈല്‍ ലഭിക്കാതെ വരുമ്പോള്‍ ഒരു പ്രത്യേക അവസ്ഥയിലേക്കെത്തുന്ന കുട്ടികളെയാണ് കാണുന്നത്. ചെറുതായി ഒന്ന് അടക്കി നിര്‍ത്താന്‍ വേണ്ടി കുരുന്നുകള്‍ക്കു മൊബൈല്‍ ഫോണോ ടാബ്‌ലറ്റോ കൊടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ വലിയ തെറ്റാണ് ചെയ്യുന്നത്. ഈ ഡിജിറ്റല്‍ ലോകത്തു നിന്നും കുട്ടികളെ തിരികെയെത്തിക്കുക പ്രയാസമാണ്.

റിച്ചാര്‍ഡ് ജോസഫ്