ഐ ആം എ കൂള്‍ ഡയറക്ടര്‍
Tuesday, February 12, 2019 3:34 PM IST
'തൊട്ട് തൊട്ട് തൊട്ട് നോക്കാമോ - ഒന്നു തൊട്ടാവാടി നിന്നെ...'
പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുന്നത് ഡയമണ്ട് നെക്‌ലെയ്‌സിലെ ആ തൊട്ടാവാടി തമിഴത്തിക്കുട്ടിയേയാണ്. ആദ്യ ചിത്രം സെക്കന്‍ഡ് ഷോ ആയിരുന്നെങ്കിലും ഗൗതമിയെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് ഡയമണ്ട് നെക്‌ലെയ്‌സിലെ ലക്ഷ്മി എന്ന കഥാപാത്രത്തെക്കുറിച്ചു തന്നെയാണ്.
ഒരിടവേളയ്ക്കുശേഷം തിരുവനന്തപുരത്തു വച്ച് ഗൗതമിയെ കാണുമ്പോള്‍ കാമറയ്ക്കു മുന്നിലല്ല, പിന്നിലാണ് കക്ഷി. വിവാഹശേഷം കുറച്ചുനാള്‍ വെള്ളിത്തിരയില്‍ നിന്ന് കാണാതായ ഗൗതമി തിരികെ എത്തുന്നത് ആ പഴയ തൊാവാടി റോളിലല്ല, മറിച്ച് വളരെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ സംവിധായകയായിാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയുടെ വിശേഷങ്ങളും ഒരല്പം വീട്ടുകാര്യങ്ങളു മായി ഗൗതമി.
ഞാന്‍ ബ്രേക്ക് എടുത്തില്ല...
'ഗൗതമി, സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതാണോ?' എന്ന ചോദ്യം ഒരുപാടു കേട്ടു. ഒരു ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല എന്നതാണു സത്യം. കുറേ സിനിമകള്‍ ചെയ്യുന്നതിലല്ലല്ലോ, മറിച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിലല്ലേ കാര്യം. ഇതിനിടയില്‍ പല കഥകളും കേട്ടു. പക്ഷേ അതൊന്നും നൂറു ശതമാനം തൃപ്തി തോന്നിയില്ല. അതുകൊണ്ടാണ് ഒരു ഗ്യാപ് വന്നത്. എങ്കിലും വെറുതേയിരുന്നു സമയം കളഞ്ഞില്ലാട്ടോ. ആ സമയം കൊണ്ട് എംഎസ്‌സി പൂര്‍ത്തിയാക്കി. പിന്നെ കല്ല്യാണവും കറക്കവും ഒക്കെയായി അങ്ങനെയങ്ങ് പോയി. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും.
തിരിച്ചുവരവില്‍ വൃത്തം
പെെന്നൊരു ദിവസം ജനിച്ച സിനിമയല്ല വൃത്തം. 2015ലാണ് ഞങ്ങള്‍ വൃത്തത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നത്. സുകുമാരകുറുപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കള്‍ തന്നെയാണ് വൃത്തവും എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് വൃത്തം എത്താന്‍ അല്പം വൈകിയത്. ഒരാളുടെ മാത്രം സിനിമ എന്ന നിലയ്ക്കല്ല വൃത്തത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരുപാടു പേരുടെ സിനിമയാണ് വൃത്തം. ചര്‍ച്ചകള്‍ക്കൊടുവില്‍ ആര് സിനിമ സംവിധാനം ചെയ്യണം എന്നൊരു ചോദ്യം വന്നപ്പോഴാണ് എനിക്ക് നറുക്കു വീണത്. സെക്കന്‍ഡ് ഷോയില്‍ തുടങ്ങിയ ഒരു വലിയ സൗഹൃദവലയം എനിക്കു ചുറ്റുമുണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടു പോയത്.
സിനിമ സംവിധാനം ചെയ്യുന്നത് ഒരു പെണ്ണായതുകൊണ്ട് ഇതൊരു സ്ത്രീ കേന്ദ്രീകൃത സിനിമയാണോ എന്നു പലരും ചോദിക്കുന്നു. പക്ഷേ അങ്ങനെയല്ല. പെണ്ണെഴുത്ത് എന്നൊക്കെ പറയുന്നതുപോലെ ഒരു സ്ത്രീ ഒരുക്കുന്ന സിനിമ എന്ന നിലയില്‍ വൃത്തത്തിനൊരു പെണ്ണത്വം ഉണ്ടായേക്കാം. പിന്നെ സിനിമയില്‍ അണിയറപ്രവര്‍ത്തകരില്‍ അധികവും സ്ത്രീകളാണ് എന്നൊരു പ്രത്യേകത കൂടിയുണ്ട് വൃത്തത്തിന്.
വൃത്തത്തില്‍ സണ്ണി വെയ്ന്‍
സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് വൃത്തം പറയുന്നത്. നിയോ നോയര്‍ ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ് വൃത്തം. ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എട്ടു വര്‍ഷത്തെ സൗഹൃദമാണ് ഞാനും സണ്ണിച്ചേട്ടനും തിലുള്ളത്. സെക്കന്‍ഡ് ഷോയിലും കൂതറയിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു.
ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്. അതിന്‍േറതായ ഒരു കംഫര്‍ട്ട് സോണ്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അത് സിനിമയ്ക്കും വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളും സിനിമാ ചര്‍ച്ചകളും
എന്റെ സുഹൃത്തുക്കള്‍ കൂടുതലും ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളവരാണ്. സിനിമയെക്കുറിച്ച് നല്ല അറിവും അതിനോട് വല്ലാത്ത പാഷനും ഉള്ളവരാണ് എല്ലാവരും.
കുവൈറ്റില്‍ നിന്നു നാട്ടിലേക്ക് വരുന്നതു വരെ സിനിമ കാണും എന്നതിനപ്പുറം എനിക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചര്‍ച്ചകളിലൂടെയാണ് ഞാന്‍ സിനിമയെ അടുത്തറിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ചിരുന്നാല്‍ സിനിമയാണ് പ്രധാന ചര്‍ച്ചാവിഷയം. ആ സംസാരങ്ങളൊക്കെ എന്നെ ഒരുപാട് ഇന്‍സ്‌പൈര്‍ ചെയ്തിട്ടുണ്ട്.
ശ്രീനാഥ് ആണ് ധൈര്യം
എന്റെ പണി പൂര്‍ണമായി ഞാന്‍ ഗൗതമിയെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഭര്‍ത്താവ് ശ്രീനാഥ് പറയുന്നത്. അതു കേള്‍ക്കുമ്പോഴാണ് എന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ ബോധ്യമുണ്ടാകുന്നത്. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അത് ശ്രീയേയും ബാധിക്കും. അതോര്‍ക്കുമ്പോള്‍ ടെന്‍സ്ഡ് ആകും. പക്ഷേ ഓരോ ചുവടുവയ്പ്പിലും ശ്രീനാഥ് ഒപ്പമുള്ളതാണ് എന്റെ ധൈര്യം. കാരണം ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. ശ്രീ അങ്ങനെയല്ലല്ലോ. അതിന്‍േറതായ ബെനിഫിറ്റ്‌സ് ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ശ്രീയില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത്.
കൂള്‍ കൂള്‍ ഡയറക്ടര്‍
അഭിനയിക്കുമ്പോള്‍ നമുക്ക് വലിയ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ലല്ലോ. ഡയറക്ടര്‍ സീന്‍ പറഞ്ഞു തരും, സ്‌ക്രിപ്റ്റ് തരും, നമ്മള്‍ അഭിനയിക്കും. അത്രയും ഓക്കെ ആണെങ്കില്‍ പിന്നെ വേറൊന്നും ചിന്തിക്കുകയേ വേണ്ട, പക്ഷേ ഇപ്പോള്‍ അങ്ങനെയല്ലല്ലോ. സ്‌ക്രിപ്റ്റ്, കോസ്റ്റ്യൂം, ആര്‍ട്ട്, ഡയലോഗ് തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധ എത്തണം. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ഈ വലിയ സിനിമയൊക്കെ ചെയ്യുന്നവരെ സമ്മതിക്കണമല്ലോ എന്ന്. എങ്കിലും ഉള്ളിലെ ടെന്‍ഷനൊന്നും ഞാന്‍ സെറ്റില്‍ കാണിക്കാറില്ല. പുറമേ ഞാന്‍ വളരെ കൂള്‍ കൂള്‍ ഡയറക്ടറാണ്.
അനുഭവങ്ങളാണ് റോള്‍ മോഡല്‍സ്
എനിക്ക് റോള്‍ മോഡല്‍ എന്നു പറയാന്‍ ആരുമില്ല. അനുഭവങ്ങളാണ് എന്റെ റോള്‍ മോഡലുകള്‍. അനുഭവസമ്പത്തുള്ളവര്‍ക്കു മാത്രമേ നല്ല സിനിമകള്‍ സംവിധാനം ചെയ്യാന്‍ സാധിക്കു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യക്തികളെ റോള്‍ മോഡലാക്കിയാല്‍ നമ്മള്‍ അറിയാതെ തന്നെ, അവരുടേതായ ഒരു ടച്ച് നമ്മളിലേക്ക് വരുമോ എന്നൊരു പേടിയുണ്ട്. അതു പിന്നെ കോപ്പിയടി ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ. അതുകൊണ്ടു മാത്രമല്ല, എന്തോ എനിക്ക് റോള്‍ മോഡല്‍സ് ഇല്ല. മറിച്ച് എനിക്ക് പ്രചോദനം നല്‍കുന്ന ഒരുപാടു പേരുണ്ട്.
ഞാനൊരു പഠിപ്പിസ്റ്റ് കുട്ടി ആയിരുന്നു
കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് വന്നതിനു ശേഷമാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. ഒരുപക്ഷേ സിനിമ തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ഞാനൊരു പക്കാ പഠിപ്പിസ്റ്റ് ലൈനില്‍ മുന്നോട്ടു പോയേനെ. എന്തൊക്കെ ആക്ടിവിറ്റീസ് ഉണ്ടെങ്കിലും പഠനത്തില്‍ ഉഴപ്പാന്‍ അച്ഛനും അമ്മയും സമ്മതിച്ചിില്ല. വിദ്യാഭ്യാസത്തിന് എപ്പോഴും പ്രാധാന്യം നല്‍കണം എന്ന് അവര്‍ എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ എന്തായാലും ഞാന്‍ തെരഞ്ഞെടുത്ത കരിയറില്‍ അവര്‍ വളരെയധികം ഹാപ്പിയാണ്. എല്ലാത്തിലും മുകളില്‍ അവര്‍ എന്റെ സന്തോഷങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. അച്ഛനും അമ്മയുമാണ് എന്റെ സപ്പോര്‍ട്ട് പില്ലേഴ്‌സ്. പിന്നെ ചേച്ചിയുണ്ട്, ഗായത്രി. വിവാഹം കഴിഞ്ഞ് വിദേശത്താണ് താമസം. ചേച്ചിയാണ് എന്റെ ബെസ്റ്റ് ക്രിട്ടിക്കും ഫാനും.
ഒരു സൈക്കോളജിക്കല്‍ മൂവ്
ഞാന്‍ ബിഎസ്‌സിയും എംഎസ്‌സിയും ചെയ്തത് സൈക്കോളജിയിലാണ്. മനസിനെക്കുറിച്ചാണല്ലോ സൈക്കോളജിയില്‍ പഠിക്കുന്നത്. അത് ഞാന്‍ സിനിമയിലും അപ്ലൈ ചെയ്തിട്ടുണ്ട്. ഓരോ മനുഷ്യരും ഓരോ തരത്തില്‍ അല്ലേ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ. ഷൂട്ടിംഗ്‌വേളയില്‍ ഓരോരുത്തരേയും മനസിലാക്കി ഇടപഴകാന്‍ ഈ അറിവ് എന്നെ സഹായിച്ചു.
സംസാരം അവസാനിപ്പിച്ചപ്പോഴേക്കും ഡയറക്ടര്‍ക്കുള്ള വിളിയും വന്നു. തിരക്കാവുന്നതിനു മുന്‍പായി, ഇനി എന്നാ കാമറയ്ക്കു മുന്നില്‍ എന്ന ചോദ്യത്തിന് 'നല്ല ഉഗ്രന്‍ കഥാപാത്രം കിട്ടട്ടെ. ഉടന്‍ തന്നെ എത്തിയേക്കാം' എന്ന മറുപടി പറഞ്ഞ് ഗൗതമി വീണ്ടും കാമറയ്ക്കു പിന്നിലേക്ക് നടന്നു.

അഞ്ജലി അനില്‍കുമാര്‍