ഒരു വാട്സ്ആപ് അക്കൗണ്ട് ഇനി നാലു ഫോണുകളിൽ ഒരുമിച്ച് ഉപയോഗിക്കാം
Saturday, April 29, 2023 4:28 PM IST
വാട്സ്ആപ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി ഒരേ സമയം നാലു ഫോണുകളിൽ വാട്സ്ആപ് ഉപയോഗിക്കാനാകും. ബഡ്ഡി മോഡ് എന്നാണ് പുതിയ ഫീച്ചറിനു പേര് നൽകിയിരിക്കുന്നത്.
സെക്കൻഡറി സ്മാർട്ട്ഫോണ് അല്ലെങ്കിൽ ടാബ് ലെറ്റിലും വാട്സ്ആപ് ഉപയോഗിക്കാനാകും. ആൻഡ്രോയിഡ് വേർഷൻ 2.22.24.18 ലാണ് പുതിയ ഫീച്ചർ വരുന്നത്.
ഫോണുകൾ ഓഫ്ലൈനിലായിരിക്കുന്പോഴും ചാറ്റുകൾ സമന്വയിപ്പിക്കുകയും എൻക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി തുടരുകയും ചെയ്യും. ഫോണ് നന്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന പ്രാഥമിക ഫോണുകളിൽ വാട്സ്ആപ് തുറന്ന ശേഷം സെറ്റിംഗ്സിൽ പോയി ലിങ്ക് ചെയ്ത ഡിവൈസുകൾ തെരഞ്ഞെടുത്ത ശേഷം ലിങ്ക് ചെയ്യുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇത്തരത്തിൽ ഒരേസമയം നാലു ഫോണുകൾവരെ ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്ത ഡിവൈസുകൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്നിടത്തോളം കാലം വാട്സ്ആപ് അക്കൗണ്ടുകൾ കണക്റ്റഡ് ആയിരിക്കും. 14 ദിവസത്തിൽ കൂടുതൽ ഫോണ് ഉപയോഗിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്ത ഫോണുകൾ ലോഗ്ഔട്ട് ചെയ്യപ്പെടും.
കൂടാതെ, വാട്സ്ആപ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഫോണുകൾ ലിങ്ക് ചെയ്യുന്നതിനും പ്രാഥമിക ഫോണ് ആവശ്യമാണ്.