ടിക് ടോക്കിൽ മിന്നിക്കാൻ കേരള പോലീസ്
Saturday, August 3, 2019 3:23 PM IST
തിരുവനന്തപുരം: ഏറെ ചിരിപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളിലൂടെ മലയാളികളുടെ മനം കവർന്ന കേരള പോലീസ് ടിക് ടോക്കിലും സാന്നിധ്യം ഉറപ്പിച്ചു. സമൂഹത്തെ ബോധവത്കരിക്കാനുള്ള വീഡിയോകളും സുരക്ഷാ പാഠങ്ങളും മുന്നറിയിപ്പുകളുമൊക്കെയായി ഇനി മുതൽ കേരള പോലീസ് ടിക് ടോക്കിൽ തരംഗമാകും. ഇതിനകം ടിക് ടോക്കിലൂടെ കേരള പോലീസ് പങ്കുവച്ച വീഡിയോ ഇരുകൈയും നീട്ടിയാണു കാഴ്ചക്കാർ സ്വീകരിച്ചത്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. നിയമലംഘനങ്ങളും മോശം പ്രവണതകളും നിരീക്ഷിക്കാൻകൂടി ഈ അക്കൗണ്ട് വിനിയോഗിക്കുമെന്ന് കേരള പോലീസ് ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
എഡിജിപി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിൽ ഉള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി.എസ്.വിമൽ , കെ.ആർ. കമൽനാഥ് എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ ബി.ടി. അരുണ്‍, പി.എസ്. സന്തോഷ് എന്നിവരുമാണ് ഉള്ളത്. ടിക് ടോക് വീഡീയോകൾക്കായി ആശയങ്ങൾ കണ്ടെത്തി തിരക്കഥ ഒരുക്കുന്നതും വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതും ഇവർതന്നെയാണ്.
കേരള പോലീസിന്റെ ഫേസ് ബുക്ക് പേജ് നിലവിൽ പതിനൊന്നര ലക്ഷത്തിലധികം ഫോളോവർമാരുമായി ലോകത്തിലെതന്നെ സംസ്ഥാനതല പോലീസ് പേജുകളിൽ ഒന്നാമതാണ്.