മഹാകവികൾക്കൊപ്പം ഒരു യുവകവി
Wednesday, April 12, 2023 5:34 PM IST
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കുണ്ട്. വളരെ മൃദുലമാണ് അവരുടെ ഹൃദയമെങ്കിലും ആ ആർദ്രതയിലേക്ക് നടന്നെത്തുക ഒട്ടും എളുപ്പമല്ല. എന്നാൽ മലയാളത്തിന്റെ മഹാകവികളുടെ തൊട്ടരികെ, മനസരികെ ചേർന്നു നിൽക്കുവാൻ സാധിച്ചിട്ടുണ്ട് യുവകവി സുമേഷ് കൃഷ്ണന്.
കേരളത്തിന്റെ പ്രിയ കവി പ്രഫ.ഒ.എൻ.വി കുറുപ്പിൽ നിന്നും അക്കഥ തുടങ്ങാം. തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ടുള്ള ഇന്ദീവരം എന്ന ഒഎൻവിയുടെ വീട്ടിൽ ഫോണിലൂടെ നേരത്തെ അനുവാദം വാങ്ങാതെ കയറിച്ചെല്ലാൻ അനുവാദം ഉണ്ടായിരുന്നു സുമേഷിന്.
ഭാവാത്മകമായും മനോഹരമായും കവിത ചൊല്ലുന്ന സുമേഷ് കൃഷ്ണൻ ഒഎൻവിയുടെ മുന്നിലിരുന്ന് അദ്ദേഹത്തിന്റെ കവിതകൾ ചൊല്ലിയിട്ടുണ്ടോ? സുമേഷ് കൃഷ്ണൻ മറുപടി പറയുന്നു-
""ഒഎൻവി സാർ ഒരിക്കലും സാറിന്റെ കവിത ചൊല്ലുവാൻ എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞിരുന്നത് പി.കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും ബാലാമണിയമ്മയും ഉൾപ്പെടുന്ന കവികളുടെ കവിതകൾ ചൊല്ലുവാൻ ആണ്. ഒഎൻവി സാറിന്റെ വലിയൊരു ഗുണമായി ഞാൻ ഇതിനെ കാണുന്നു. സ്വന്തം കവിതകളെ കുറിച്ചും അവയുടെ മേന്മയെ കുറിച്ചുമൊന്നും സാർ സംസാരിച്ചിട്ടേയില്ല.
എന്റെ കവിതകൾ സാർ ചൊല്ലി എന്നെ കേൾപ്പിക്കുമായിരുന്നു. വാഗ്ദേവത എന്ന കവിത ചൊല്ലി അതിലെ ചില വരികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുറമേ കാർക്കശ്യം തൊന്നുമെങ്കിലും നിറഞ്ഞ വാത്സല്യമായിരുന്നു സാറിന്റെ ഹൃദയം നിറയെ. സാറിനോട് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എനിക്ക്. ഇതുവരെ ആർക്കും ശരിയായി വായിച്ചെടുക്കാൻ കഴിയാത്ത ഒരു പുസ്തകമായിരുന്നു ഒഎൻവി സാർ എന്ന് തോന്നാറുണ്ട്.''
ഇതുപോലെ തന്നെ ഹൃദയം കൊണ്ടുള്ള അടുപ്പം ബി.സുഗതകുമാരിയുമായുണ്ടായിരുന്നു സുമേഷ് കൃഷ്ണന്. അധികമാരും സ്വാതന്ത്ര്യത്തോടെ കയറി ചെല്ലാത്ത തിരുവനന്തപുരം നഗരത്തിലെ "വരദ' സുമേഷ് കൃഷ്ണനും സ്വന്തം ഇടമായിരുന്നു. സുഗതകുമാരിയുടെ അവസാന കാലയളവിൽ രചിച്ച പല കവിതകളുടേയും കൈയെഴുത്തു പ്രതികൾ വായിക്കാനുള്ള ഭാഗ്യവും സുമേഷിന് ലഭിച്ചിരുന്നു.
"പശ്ചിമഘട്ടം', "എനിക്ക് രണ്ടാണേ ഗുരുക്കന്മാർ', "പട്ടുപാവാട' തുടങ്ങിയ കവിതകളുടെ കൈയെഴുത്തു പ്രതികൾ യുവകവിക്ക് സുഗതകുമാരി ടീച്ചർ നൽകിയിരുന്നു. സുഗതകുമാരി ടീച്ചറിന്റെ അതേ ശബ്ദത്തിൽ സുമേഷ് കൃഷ്ണൻ ടീച്ചറിന്റെ വാക്കുകൾ ഓർമിക്കുന്നു.
""കുട്ടീ ഇത് പുതിയ കവിതയാണ് ചൊല്ലി നോക്കൂ.'' കാവാലം നാരായണപ്പണിക്കരെ കുറിച്ച് സുമേഷ് എഴുതിയ കാവാലക്കളം എന്ന കവിത അന്പത് തവണയെങ്കിലും സുമേഷ് കൃഷ്ണനെക്കൊണ്ടുതന്നെ ചൊല്ലിച്ചിട്ടുണ്ട് ടീച്ചർ.
""സുഗതകുമാരി ടീച്ചറിന്റെ വീട്ടിൽ ഏത് വിശിഷ്ട വ്യക്തികൾ വന്നാലും ടീച്ചർ എന്നെക്കൊണ്ട് കാവാലക്കളം ചൊല്ലിക്കുമായിരുന്നു. സൂര്യ ഫെസ്റ്റിവലിൽ ഞാൻ ഈ കവിത ചൊല്ലുന്നത് ടീച്ചർ കേട്ടിരുന്നു. കവിത ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെ പിന്നീട് ഞാൻ ടീച്ചറിനെ കാണുവാൻ വീട്ടിൽ ചെല്ലുന്പോൾ എല്ലാം കവിത ചൊല്ലിക്കും. "സുമേഷേ ഇത് ഹൃയത്തിൽ നിന്നും വന്ന കവിതയാണ് 'എന്നാണ് ടീച്ചർ പറഞ്ഞത്.
കാവാലം സാറുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. എന്റെ ഒപ്പം നാട്ടിൽ വരുമായിരുന്നു. മഹാകവി വള്ളത്തോളിന്റെ ശബ്ദം കാവാലം സാർ അനുകരിച്ച് കേൾപ്പിക്കുന്നത് മറക്കാൻ സാധിക്കില്ല. വള്ളത്തോളിന്റെ വീട്ടിൽ കാവാലം താമസിച്ചിട്ടുണ്ടല്ലോ. ഒരു എഴുത്തുകാരന് എത്രത്തോളം എളിമയാകാം എന്നതിന്റെ അടയാളമായി ഞാൻ കാവാലം സാറിനെ കാണുന്നു.''
സുമേഷ് കൃഷ്ണൻ എംഎ വിദ്യാർഥിയായിരുന്ന കാലം മുതൽ തുടങ്ങുന്നു കവി ഡി.വിനയചന്ദ്രനുമായുള്ള സുമേഷിന്റെ ഗാഢബന്ധം.
""പല വൈകുന്നേരങ്ങളിലും ഞാൻ വിനയചന്ദ്രൻ സാറിന്റെ വീട്ടിൽ പോയിരുന്നു. സാർ ചിലപ്പോൾ ഭാരതീയ കാവ്യശാസ്ത്രത്തെ കുറിച്ച് സംസാരിക്കും. ചിലപ്പോൾ പാശ്ചാത്യ സാഹിത്യമായിരിക്കും വിഷയം. എത്രയോ പുസ്തകങ്ങൾ വായിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്. യാത്ര പറയുന്ന സമയത്ത് വണ്ടിക്കൂലിക്ക് എന്ന് പറഞ്ഞ് സാർ അന്പത് രൂപ നൽകും. മാത്രമല്ല പ്രഭാഷണത്തിനു പോകുന്പോൾ വണ്ടിക്കൂലി വാങ്ങണം എന്നും ഉപദേശിക്കും. കവിക്ക് ആരും ഫ്രീയായി ചായ തരില്ല എന്നാണ് സാർ പറയുക.''
സുമേഷ് കൃഷ്ണൻ
പ്രഥമ ഒഎൻവി യുവ പ്രതിഭാ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം, തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ കുമാരകവി പുരസ്കാരം, പുനലൂർ ബാലൻ പുരസ്കാരം, കടത്തനാട് മാധവി അമ്മ പുരസ്കാരം എന്നിവ ഉൾപ്പെടെ 12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് യുവകവി എൻ.എസ്.സുമേഷ്കൃഷ്ണൻ. കൊൽക്കത്തയിൽ നടന്ന സാഹിത്യ സദസിൽ വച്ച് ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവപരുരസ്കാരം ഇക്കഴിഞ്ഞ ദിവസം അദ്ദേഹം ഏറ്റുവാങ്ങി.
രുദ്രാക്ഷരം, ചന്ദ്രകാന്തം, എന്റെയും നിങ്ങളുടേയും മഴകൾ ഉൾപ്പെടെ പതിനൊന്നോളം പുസ്തകങ്ങൾ. കഴിഞ്ഞ 20 വർഷങ്ങളായി ആയിരത്തി അഞ്ഞൂറിലധികം വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോൾ കോതമംഗലം തൃക്കാരിയൂർ ഡിബിഎച്ച്എസിൽ മലയാളം അധ്യാപകനാണ്.
റിപ്പോർട്ട് - എസ്. മഞ്ജുളാദേവി