ശബ്ദം സ്‌നേഹം
ശബ്ദം കൊണ്ട് തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. സ്‌നേഹ പലിയേരി ഇപ്പോള്‍ അങ്ങനെയാണ്. ശബ്ദം കൊണ്ടാണ് ഇപ്പോള്‍ മലയാള സിനിമ സ്‌നേഹ പലിയേരിയെ തിരിച്ചറിയുന്നത്. വെറും തിരിച്ചറിവ് മാത്രമല്ല അത്, അംഗീകാരത്തോടെയുള്ള തിരിച്ചറിവ് കൂടിയാണ്. ശബ്ദം നല്‍കിയ രണ്ട് സിനിമകളിലും തുടര്‍ച്ചയായി മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്‌നേഹയെ തേടിയെത്തിയിരിക്കുന്നു.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ ഡബ്ബിംഗിനാണ് സ്‌നേഹയ്ക്ക് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം ബി. അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ഈട എന്ന ചിത്രത്തില്‍ നിമിഷ സജയന് ശബ്ദം നല്‍കി പുരസ്‌കാരാര്‍ഹയായി. ലില്ലിയില്‍ സംയുക്ത മേനോനാണ് സ്‌നേഹ ശബ്ദം നല്‍കിയത്. ഓര്‍ഷ എന്ന സിനിമയില്‍ അനുശ്രീക്കും ഒരു നക്ഷത്രമുള്ള ആകാശത്തില്‍ അപര്‍ണ ഗോപിനാഥിനും സ്‌നേഹ ശബ്ദം നല്‍കിയിട്ടുണ്ട്.

തുടക്കം അഭിനയത്തിലൂടെ

കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയാണ് സ്‌നേഹ. വെറും ശബ്ദം മാത്രമല്ല സ്‌നേഹയെ കലാലോകത്ത് സുപരിചിതയാക്കുന്നത്. അഭിനയം, മോണോആക്ട് എന്നിവയിലൂടെയാണ് കലാരംഗത്തേക്കുള്ള സ്‌നേഹയുടെ കാല്‍വയ്പ്പ്. കരിവെള്ളൂര്‍ എ.വി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സ്‌നേഹയുടെ പഠനം. അവിടെ വച്ചാണ് മോണോആക്ട് അവതരണം തുടങ്ങുന്നത്. ചഞ്ചാല്‍ സ്‌കൂള്‍ അധ്യാപകനായ നീലേശ്വരത്തെ കെ.പി. ശശികുമാര്‍ മാസ്റ്ററാണ് മോണോആക്ടില്‍ സ്‌നേഹയുടെ ഗുരു. സ്‌കൂള്‍ കലോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്‌നേഹ കോളജിലെത്തിയപ്പോഴും മോണോആക്ടിലെ തന്റെ കഴിവ് കൂടുതല്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഏഴു വര്‍ഷമായി കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിലെ മോണോആക്ട് മത്സരത്തില്‍ സ്‌നേഹയ്ക്കാണ് ഒന്നാം സ്ഥാനം. പയ്യന്നൂര്‍ കോളജിലായിരുന്നു ബിഎസ്‌സി, എംഎസ്‌സി പഠനം. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ മാതമംഗലം കുറ്റൂരിലെ ജേബീസ് ബിഎഡ് ട്രെയിനിംഗ് കോളജില്‍ ബിഎഡിന് പഠിക്കുന്നു. പയ്യന്നൂര്‍ കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെിരുന്നു.


ഈടയില്‍ കണ്ണൂര്‍ ഭാഷ

പഠനവും കലാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് ഈട എന്ന സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ട് എന്നൊരു അറിയിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. പയ്യന്നൂരില്‍ നടന്ന ഓഡീഷനില്‍ പങ്കെടുത്തു. കണ്ണൂര്‍ ഭാഷയാണ് സിനിമയിലെ കഥാപാത്രം സംസാരിക്കേണ്ടത്. ഓഡീഷനിലെ മികച്ച പ്രകടനം സ്‌നേഹയെ സിനിമയിലെത്തിച്ചു. അങ്ങനെ ഈടയില്‍ നിമിഷയ്ക്ക് ശബ്ദം നല്കി.

തിയറ്ററിലെ മങ്ങിയ വെളിച്ചത്തില്‍ കണ്ടാസ്വദിച്ച സിനിമ കൈയെത്തും ദൂരത്ത് കിട്ടിയപ്പോള്‍ ടെന്‍ഷനായിരുന്നു സ്‌നേഹയ്ക്ക്. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ശബ്ദം കൂടി അനിവാര്യമാണ് എന്ന തിരിച്ചറിവ് സ്‌നേഹയ്ക്കുണ്ടായിരുന്നു. ആദ്യത്തെ സിനിമാ ഡബ്ബിംഗ് എന്നത് അതുകൊണ്ട് തീര്‍ത്തും വെല്ലുവിളി നിറഞ്ഞതും ടെന്‍ഷനുമായിരുന്നു എന്നും സ്‌നേഹ പറയുന്നു. എന്നാല്‍, കഥാപാത്രത്തിനൊപ്പം ശബ്ദം കൂട്ടിയിണക്കാന്‍ സാധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തന്നെ സ്‌നേഹയ്ക്ക് ലഭിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ലില്ലിയിലെ അംഗീകാരവും.

അഭിനയം തുടരണം

അഭിനയമാണ് സ്‌നേഹയെ കലാരംഗത്തേക്കെത്തിച്ചതെങ്കിലും ആ ശബ്ദമാണ് കൂടുതല്‍ കീര്‍ത്തിയാര്‍ജിച്ചത്. എങ്കിലും അഭിനയത്തില്‍ നിന്നും മാറിനില്‍ക്കാന്‍ സ്‌നേഹ ഉദ്ദേശിക്കുന്നുമില്ല. 'കവി ഉദ്ദേശിച്ചത് ' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത സ്‌നേഹ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനി സിനിമാ അഭിനയത്തിലും സജീവമാകാന്‍ തയാറാണ്.

കുടുംബം

ദുബായിയിലെ എന്‍ജിനിയറായ നവീന്‍ കുമാറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. നീലേശ്വരം പരത്തിക്കാമുറി ഗവ.എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം. പത്മനാഭന്‍േറയും കൊഴുല്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപിക ജയന്തിയുടേയും മകളാണ് സ്‌നേഹ. എംബിബിഎസ് വിദ്യാര്‍ഥിനിയായ സാന്ദ്ര സഹോദരിയാണ്.

ഷിജു ചെറുതാഴം