റബർ മരത്തിന് ഇടിമിന്നലേറ്റാൽ
കെ.കെ.രാമചന്ദ്രൻപിള്ള
Friday, November 29, 2024 2:40 PM IST
കർഷകാലത്ത് പല റബർ തോട്ടങ്ങളിലും ഇടിമിന്നലേറ്റു മരങ്ങൾ ഉണങ്ങിപ്പോകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ മരങ്ങളിൽ വളരെ പെട്ടന്നാണ് പ്രത്യക്ഷപ്പെടുന്നത്. ഇടിമിന്നലിന്റെ കാഠിന്യമനുസരിച്ച് മരങ്ങൾ പൂർണമായി ഉണങ്ങിപ്പോവുകയോ ഭാഗികമായ കേടിനു വിധേയമാവുകയോ ചെയ്യും.
പലപ്പോഴും കൂട്ടമായാണു മരങ്ങൾക്ക് ഇടിമിന്നൽ ഏൽക്കാറുള്ളത്. ഒരു കൂട്ടം മരങ്ങൾക്ക് മിന്നൽ ഏറ്റാൽ ആഘാതത്തിന്റെ ഫലമായുണ്ടാകുന്ന ലക്ഷണങ്ങൾ ആദ്യം നടുക്കു നിൽക്കുന്ന മരങ്ങളിലും ക്രമേണ ചുറ്റുപാടുമുള്ള മരങ്ങളിലും പ്രത്യക്ഷപ്പെടും.
മരങ്ങളുടെ ഇലച്ചിലുകൾക്കോ ശിഖരങ്ങൾക്കോ തായ്ത്തടിക്കോ ഇടിമിന്നലേറ്റ് കേടുപാടുകൾ ഉണ്ടാകാം. ചിലപ്പോൾ തായ്ത്തടിയുടേയും ശിഖരങ്ങളുടേയും ഏതെങ്കിലുമൊരു വശത്തു മാത്രമെ ഇടിമിന്നൽ ഏറ്റു കേടുണ്ടാകാറുള്ളൂ.
ഇലച്ചിലുകൾ പച്ചനിറത്തിൽ തന്നെ ഞെട്ടുകളോടുകൂടി പൊഴിങ്ങു പോകുന്നതു കാണാം. തായ്ത്തടിയിലോ ശിഖരങ്ങളിലോ ഇടിമിന്നലേറ്റാൽ ആ ഭാഗങ്ങളിൽ നിന്നു റബർ കറ ഒലിച്ചിറങ്ങാറുണ്ട്. കേടുവന്ന ഭാഗങ്ങളിലെ പട്ട ഉണങ്ങുകയും തടിയിൽ നിന്നു വേർപെടുകയും ചെയ്യും.
ഇടിമിന്നലേറ്റതിന്റെ ഫലമായി ആദ്യം കേടു ബാധിക്കുന്ന ഭാഗം ഭവകല(തണ്ണിപ്പട്ട) ആയതിനാൽ പട്ടയിൽ ഉണക്കു ബാധിക്കുന്നത് അകത്തു നിന്നും പുറത്തേക്കായിരിക്കും. കേടുവന്ന ഭവകല ആദ്യം ചോക്കലേറ്റു നിറമാവുകയും ക്രമേണ കടും ചുവപ്പും അവസാനം കറുപ്പു നിറവുമായി തീരുന്നു.
ഉണങ്ങിപോയ പട്ട അടർത്തിനോക്കിയാൽ പട്ടയ്ക്കും തടിക്കും ഇടയിലായി ചെറിയ തടിതുരപ്പൻ വണ്ടുകൾ ധാരാളമായി അധിവസിക്കുന്നതുകാണാം. ഇടിമിന്നലേറ്റ മരങ്ങൾ പാച്ചുക്യാങ്കർ രോഗത്തിനു വേഗം വിധേയമാകുന്നതായി കണ്ടിട്ടുണ്ട്.
ഇടിമിന്നലേറ്റ് പൂർണമായി ഉണങ്ങിപോയ മരങ്ങൾ മുറിച്ചു മാറ്റണം. മരങ്ങളുടെ ഇലച്ചിലുകളോ ചില ശിഖരങ്ങളോ മാത്രമാണ് ഉണങ്ങി പോയതെങ്കിൽ ആ ഭാഗങ്ങൾ മാത്രം മുറിച്ചു മാറ്റിയാൽ മതിയാകും. തായ്ത്തടിയുടേയോ ശിഖരങ്ങളുടെയോ ചില ഭാഗങ്ങളിലുള്ള പട്ടയ്ക്കാണു കേടുവന്ന് ഉണങ്ങിപോയതെങ്കിൽ ആ പട്ട ചുരണ്ടികളയണം.
ഇനി ശിഖരങ്ങൾ മുറിച്ചു മാറ്റിയ മുറിപാടിലും പട്ട ചുരണ്ടിക്കളഞ്ഞ സ്ഥലങ്ങളിലും ഇൻഡോഫിൽ എം 45 എന്ന കുമിൾ നാശിനി പത്തുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തിയ ലായനികൊണ്ടു കഴുകണം.
പുരട്ടിയ കുമിൾ നാശിനി ഉണങ്ങിയശേഷം മുറിവുണങ്ങാൻ സഹായിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളായ സോപ്പു കോട്ട്, തന്പീസ് റബർ പേസ്റ്റ്, ജോണ്സ് റബർ കോട്ട് പാനൽ വാക്സ്, റബർ കോട്ട് അറ്റ്ലസോൾ എന്നിവയിൽ ഏതെങ്കിലും ഒന്നു പുരട്ടണം.
ഇടിമിന്നലേറ്റ മരങ്ങളുടെ മരുന്നു പുരട്ടിയ ഭാഗങ്ങളിൽ വെയിലടി ഏൽക്കുന്നുണ്ടെങ്കിൽ അവിടെയെല്ലാം വെള്ളയടിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2572060.