നൃത്തത്തിനൊപ്പം രൂപയ്ക്ക് കൃഷിയും അത്രമേൽ പ്രിയം
Thursday, February 8, 2024 3:58 PM IST
നൃത്തത്തിലും ചിത്രരചനയിലുമായിരുന്നു തീരെ ചെറുപ്പം മുതൽ കൊച്ചി വികെസി ചെറിയത്തറവീട്ടിൽ രൂപാ ജോസിനു കന്പം.
എന്നാൽ, ഏതാനും വർഷങ്ങൾക്കു മുന്പ്, തികച്ചും യാദൃശ്ചികമായി കൃഷിയിൽ എത്തിപ്പെട്ടതോടെ രൂപയുടെ ശ്രദ്ധ മുഴുവനും അതിലായി.
നൃത്തവും ചിത്രരചനയും നൽകുന്ന ഉണർവും ഉന്മേഷവും സന്തോഷവും ഒട്ടും കുറയാതെ കൃഷിയിൽ നിന്നും ലഭിക്കുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
ബാബു- പുഷ്പ ദന്പതികളുടെ ഏക മകളായി കോൽക്കത്തയിലാണ് രൂപ ജനിച്ചത്. അവിടെത്തന്നെയായിരുന്നു വിദ്യാഭ്യാസവും. ഒപ്പം നൃത്തത്തിലും ചിത്രരചനയിലും മികച്ച പരിശീലനം നേടുകയും ചെയ്തു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എംബിഎയും നേടി വിവിധ സ്ഥലങ്ങളിൽ ജോലി നോക്കി. മലയാളികളായ മാതാപിതാക്കൾ വീട്ടാവശ്യത്തിനുള്ളവ കൃഷി ചെയ്തിരുന്നെങ്കിലും രൂപയ്ക്ക് അതിനോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല.
ഏഴു വർഷങ്ങൾക്കു മുന്പാണു കൊച്ചിയിൽ സ്ഥിരതാമസമാക്കിയത്. ഇടവേളകളിൽ കൗതുകത്തിനു വെറുതെ കൃഷിയിൽ ശ്രദ്ധിച്ചു തുടങ്ങി. ദിവസം കഴിയുന്തോറും അത് ആവേശമായി.
നൃത്തം പോലെ മനസിന് സുഖവും സന്തോഷവും പ്രദാനം ചെയ്യാൻ കൃഷിക്കും കഴിയുമെന്നു രൂപ തിരിച്ചറിയുകയായിരുന്നു. ഇതോടെ വിവിധ കർഷക കുട്ടായ്മകളിൽ പങ്കെടുക്കുന്നതു പതിവാക്കി.
അതുവഴി പുത്തൻ കൃഷി അറിവുകൾ സ്വന്തമാക്കി. രണ്ടു വർഷം കൊണ്ടു തന്റേതായ രീതിയിൽ ഒരു അടുക്കളത്തോട്ടം അവർ രൂപപ്പെടുത്തിയെടുത്തു. ആറ് സെന്റിൽ പണി തീർത്ത വീടിന്റെ ടെറസാണ് കൃഷിക്കു തെരഞ്ഞെടുത്തത്.
പച്ചക്കറികളിലായിരുന്നു തുടക്കം. കർഷക ഗ്രുപ്പിലെ അംഗങ്ങളുമായി സംസാരിച്ച് കൃഷി രീതികൾ മനസിലാക്കി. കറി വയ്ക്കാൻ കുറഞ്ഞത് അരക്കിലോ പച്ചക്കറിയെങ്കിലും വേണമെന്ന പഴയ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് പുതിയ രീതി.
രണ്ടോ മൂന്നോ വെണ്ടയ്ക്ക കിട്ടിയാലും ഒരു കറിയാക്കാം എന്നതാണ് പുതിയ സമീപനം. നട്ടു നനയ്ക്കുന്നതിൽ നിന്ന് എന്തു കിട്ടിയാലും അളവ് നോക്കാതെ പാചകം ചെയ്യാമെന്ന ശീലം അങ്ങനെ രൂപയും നേടിയെടുത്തു.
ഗ്രോബാഗുകളിലായിരുന്നു ആദ്യകാല കൃഷി. പിന്നീട് സ്വന്തമായ ഒരു കൃഷിരീതി ചിട്ടപ്പെടുത്തി. തുള്ളിനന ഏർപ്പെടുത്തിയതോടെ അധ്വാനഭാരം കുറഞ്ഞു. തിരിനയിലും പരീക്ഷണം നടത്തി.
ടെറസ് കൃഷിക്ക് ഈ രണ്ടു രീതികളും രൂപ ഉപയോഗപ്പെടുത്തുന്നു. വിവിധതരം പച്ചക്കറികളും ചീരയിനങ്ങളും ഫലവർഗങ്ങളുമെല്ലാം ടെറസിൽ വളർന്ന് ഫലം തന്നു തുടങ്ങിയതോടെ രൂപ സോഷ്യൽ മീഡിയയിലും താരമായി.
കൃഷിയിൽ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതോടെ അല്പം സ്ഥലം വേണമെന്ന മോഹം മനസിനെ അലട്ടാൻ തുടങ്ങി. അങ്ങനെ വീടിനു മുന്നിൽ രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങി. അതിലൊരു പോളി ഹൗസും ഒരുക്കി.
വിവിധതരം പച്ചക്കറികൾ, ശീതകാലവിളകൾ, വെള്ള കാച്ചിൽ, വയലറ്റ് കാച്ചിൽ, നൂറാൻ കിഴങ്ങ്, തിപ്പലി, വെറ്റില, വേൽചീര, സൗഹൃദച്ചീര, സുന്ദരിച്ചീര, ചൈനീസ് കാബേജ്, ലെമണ്, മാവ് തുടങ്ങി ഇരുപത്തിയഞ്ചിലേറെ ഇനങ്ങൾ മാറിമാറി കൃഷി ചെയ്യുന്നു.

അക്വാപോണിക്സ്
ടെറസിൽ തുള്ളി നനയും തിരി നനയും പിന്തുടരുന്നതിനൊപ്പം അല്പം മീനും പച്ചക്കറികളും ഒന്നിച്ചായാലോ എന്ന തോന്നലിനെ തുടർന്നാണ് അക്വാപോണിക്സ് ആരംഭിച്ചത്.
മണ്ണും കീടനാശിനികളും രാസവളങ്ങളും ഇല്ലാതെ കുറഞ്ഞ സ്ഥലത്ത് പച്ചക്കറികളും മീനും വളർത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കിഴങ്ങ് വർഗങ്ങളൊഴികെ എല്ലാത്തരം പച്ചക്കറികളും ഈ രീതിയിൽ വളർത്താൻ കഴിയും. 500 ലിറ്ററിന്റെ ടാങ്കാണ് അക്വാപോണിക്സിന് ഉപയോഗിക്കുന്നത്. ടാങ്കിൽ 50 തിലോപ്പിയ മീനുകളുണ്ട്.
ടാങ്കിന് മുകളിലെ ട്രേയിൽ ഉരുളൻ കല്ലുകൾ നിരത്തിയിരിക്കുന്നു. ചെടികൾ മറിഞ്ഞു പോകാതിരിക്കാനാണത്. ഇലവർഗത്തിൽപ്പെട്ട ഇനങ്ങളാണ് ഇതിൽ മാറിമാറി നടുന്നത്.
മത്സ്യങ്ങളുടെ വിസർജ്യം ചെടികൾക്ക് വളമാകുന്ന രീതിയാണ് അക്വാപോണിക്സിലുള്ളത്. വിസർജ്യത്തിൽ ചെറിയ അളവ് ഫോസ്ഫറസും പൊട്ടാഷും ന്യൂട്രിയൻസും ഉണ്ട്.
വെള്ളത്തിലെ ഈ പോഷകഘടകങ്ങൾ ചെടികൾ വലിച്ചെടുത്ത് ആരോഗ്യത്തോടെ വളരുന്നു. ശുദ്ധമായ വെള്ളം തിരിച്ചു ടാങ്കിലെത്തുകയും ചെയ്യും.
ഓരോ വിളവെടുപ്പ് കഴിയുന്പോഴും ടാങ്കും ട്രേയും ശുദ്ധീകരിക്കും. ട്രേയിൽ നിരത്തിയ ഉരുളൻ കല്ലുകൾ വൃത്തിയാക്കിയ ശേഷമാണ് അടുത്ത നടീലിന് ഉപയോഗിക്കുന്നത്.
ടവർ കൃഷി
കുറഞ്ഞ സ്ഥലത്തു നിന്നു കൂടുതൽ വിളവ് നേടാൻ സഹായിക്കുന്ന ടവർ കൃഷിയും അക്വാപോണിക്സിനോടൊപ്പം ആരംഭിച്ചതോടെ രൂപയുടെ കൃഷി കൂടുതൽ വിപുലമായി.
ടവർ കൃഷിക്ക് വലക്കൂട് കൃഷിയെന്നും പേരുണ്ട്. ഒരടി ചുറ്റളവിൽ, അഞ്ചടി ഉയരത്തിൽ കന്പി വല മുറിച്ചു ചുരുട്ടി കെട്ടുന്നതാണ് ഈ രീതിയുടെ ആദ്യപടി. പിന്നീട് ഇത് ഗ്രീൻ നെറ്റു കൊണ്ടു പൊതിഞ്ഞ് നിലത്ത് ഉറപ്പിക്കും.
അതിനുശേഷം രണ്ടിഞ്ച് അകലത്തിൽ അടി മുതൽ മുകൾ വരെ ചെറിയ ദ്വാരങ്ങൾ ഇട്ട ഒരിഞ്ച് പിവിസി പൈപ്പ് വലക്കൂടിന്റെ നടുവിൽ ഉറപ്പിക്കും. പിന്നീട് നടീൽ മിശ്രിതം നിറയ്ക്കും. കംബോസ്റ്റും പച്ചിലകളും മണ്ണും മിക്സ് ചെയ്താണു മിശ്രിതം തയാറാക്കുന്നത്.
ശീമക്കൊന്നയുടെ ഇലകളാണ് ഏറ്റവും ഉത്തമം. ഈ ടവറിൽ കൃത്യമായ അകലത്തിൽ മുകൾ മുതൽ താഴെ വരെ വിവിധ പച്ചക്കറികൾ നടാം. നടുവിൽ സ്ഥാപിച്ച പൈപ്പിലൂടെ വളവും വെള്ളവും കൃത്യമായി നൽകുകയും ചെയ്യാം.
കാബേജ്, കാരറ്റ്, വിവിധ ഇലവർഗങ്ങൾ തുടങ്ങിയവ മാറിമാറി കൃഷി ചെയ്യാം. വിളവെടുപ്പിന് ശേഷം ടവറിലെ മണ്ണ് മാറ്റി വീണ്ടും മിശ്രിതം നിറച്ചാണ് പുതിയ ചെടികൾ നടുന്നത്.
ഹൈഡ്രോപോണിക്സ്
വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള ഹൈഡ്രോപോണിക്സ് കൃഷിയും ടെറസിൽ സ്ഥാപിച്ചിട്ടുണ്ട്. മണ്ണില്ലാതെ ചെടികൾക്ക് ആവശ്യമായ പോഷക വസ്തുക്കൾ വെള്ളത്തിലൂടെ നൽകി സസ്യപരിപാലനം നടത്തുന്ന രീതിയാണിത്.
മണ്ണ് വഴിയുള്ള കീടബാധ തടയാമെന്നതാണ് പ്രധാന ഗുണം. വലിയ ചെടികൾക്ക് ഈ രീതി പറ്റില്ലെങ്കിലും ഒട്ടു മിക്ക പച്ചക്കറികളും ഹൈഡ്രോപോണിക്സ് വഴി വളർത്തിയെടുക്കാം.
ഇവിടെ ഉപയോഗിക്കുന്ന വെള്ളവും വീണ്ടും ഉപയോഗിക്കാൻ കഴിയും. ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. 48 ചെടികൾ നടാൻ കഴിയുന്ന ഒരു യൂണിറ്റിന് 23,000 രൂപയോളം വില വരും.
പച്ചയ്ക്കു കഴിക്കാവുന്ന വിദേശിയും സ്വദേശിയുമായ നിരവധി ഇലവർഗങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.
ആവിയിൽ പുഴുങ്ങി കഴിക്കാൻ കഴിയുന്നതും ധാരാളം. ചീര, പാലക്, ബ്രോക്കോളി കോളിഫ്ളവർ, കാബേജ് തുടങ്ങിയവയാണ് ഹൈഡ്രോപോണിക്സിലെ താരങ്ങൾ.
ഗ്രോബാഗുകളെ ഒഴിവാക്കി ശുദ്ധജല ക്യാനുകളുടെ മുഗൾ ഭാഗം മുറിച്ചു മാറ്റി അതിലാണു കൃഷി. ഭംഗിക്കും പൂപ്പൽ പിടിക്കാതിരിക്കാനും ക്യാനുകൾക്കു പച്ച പെയിന്റ് അടിച്ചിട്ടുണ്ട്.
പേര, മുന്തിരി, ഓറഞ്ച്, നാരകം, ഡ്രാഗണ്ഫ്രൂട്ട്, സപ്പോട്ട, സ്വീറ്റ് അന്പഴങ്ങ, ഞാവൽ, ജാംഫ്രൂട്ട്, ആപ്പിൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ വലിയ ഡ്രമ്മുകളിലാണ് വളർന്നു നിൽക്കുന്നത്.
ദിവസവും രാവിലെ യോഗയും തുടർന്ന് വീട്ടുജോലികളും പൂർത്തിയാക്കിയ ശേഷമാണ് രൂപ കൃഷി പരിചരണത്തിന് ഇറങ്ങുന്നത്.
ഇതിനിടയിൽ നൃത്തപരിപാടികൾക്കും മോഡലിംഗിനും ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിനും കുട്ടികളെ പഠിപ്പിക്കുന്നതിനും വായനയ്ക്കും കവിതാരചനയ്ക്കുമൊക്കെ അവർ സമയം കണ്ടെത്തുന്നു.

ബ്രെഡ്നട്ട്
കടപ്ലാവ് പോലെയുള്ള ഒരു വൃക്ഷവിളയാണ് ബ്രെഡ്നട്ട്. മരത്തിന്റെ രൂപവും സ്വഭാവവുമെല്ലാം കടപ്ലാവിന്റേതു പോലെ തന്നെ. ചക്കച്ചുളപോലെ തോന്നുന്ന കരുക്കളോടുകൂടിയ ഫലങ്ങളാണ് ഇതിനുള്ളത്.
നാട്ടിൽ ഇതിനെ പ്ളാത്തചക്ക എന്നു വിളിക്കും. ഇടിച്ചക്ക പോലെ കറിക്ക് ഉപയോഗിക്കാൻ പറ്റിയതാണ്. ആമസോണ് വനാന്തരങ്ങളിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. പഴമായും സൂപ്പ് നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
ന്യൂഗിനിയയിലെ പ്രധാന വിളകളിൽ ഒന്നാണ്. ഫിലിപ്പീൻസ്, ദക്ഷിണേഷ്യ, കരീബിയ, മധ്യ-തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ബ്രെഡ്നെട്ട് ഫലങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ വിത്തുകൾ വറുത്തും പൊടിച്ചും ഉപയോഗിക്കാം. പച്ചിലകളും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കോഴിക്കാഷ്ടവുമാണ് വളമായി നൽകുന്നത്. പൊതുവെ രോഗകീടബാധകൾ കുറവാണ്.
പരാഗണം ഉറപ്പ് വരുത്താൻ ചെറുതേനീച്ച കോളനികളും കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്. പൂത്തു നിൽക്കുന്ന പാരിജാതം പരാഗണത്തെ സഹായിക്കുമെന്നാണു രൂപയുടെ അഭിപ്രായം.
പാരിജാതത്തിന്റെ സമീപത്തുള്ള വിളകളിൽ അധിക വിളവ് ലഭിക്കുന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തന്റെ കൃഷി രീതികളും അനുഭവങ്ങളും പങ്കുവയ്ക്കാനും വിത്തുകൾ നൽകാനും രൂപ എപ്പോഴും തയാറാണ്.
നിലമൊരുക്കലും മിശ്രിതം തയാറാക്കലും ഭർത്താവ് ജിമ്മി ജോസാണ് ചെയ്യുന്നത്. മകൾ റിയയും റൈനയും ഒഴിവ് സമയങ്ങളിൽ സഹായത്തിന് എത്തും.
ഫോണ്: 98959 64957
നെല്ലി ചെങ്ങമനാട്