ശ്രീജിത്തിന്റെ കൃഷിയിടത്തിൽ വിളയാത്തതൊന്നുമില്ല
Monday, February 5, 2024 1:32 PM IST
കാലം മറക്കുന്ന പരന്പരാഗത കൃഷിരീതികളിലേക്കു സമൂഹത്തെ കൈപിടിച്ചു നടത്തുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശി ശ്രീജിത്ത് സുകുമാരൻ.
ഇതിനായി മുഹമ്മ പുല്ലംപാറയിൽ ശ്രീജിത്ത് സുകുമാരൻ ആവിഷ്കരിച്ച ജൈവ കൃഷിവ്യാപന പദ്ധതി ശ്രദ്ധ നേടുകയാണ്. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
ഐടി രംഗത്തെ തിരക്കുകൾക്കിടയിലും ശ്രീജിത്ത് സുകുമാരൻ നൽകുന്ന പ്രോത്സാഹനത്തിൽ എട്ടര ഏക്കറിലാണു യുവകർഷകരായ സാജനും ശാന്തപ്പനും കൃഷികൾക്കു മേൽനോട്ടം വഹിക്കുന്നത്.
വഴുതന, പാവൽ, പയർ, ചീര, കുക്കുംബർ, തണ്ണിമത്തൻ, പപ്പായ, മഞ്ഞൾ, പടവലം, പീച്ചിൽ തുടങ്ങി ഇവിടെ വിളയാത്ത പച്ചക്കറികൾ ഒന്നുംതന്നെയില്ല.
പാരന്പര്യ കർഷക കുടുംബത്തിലെ അംഗമാണു ശ്രീജിത്ത് സുകുമാരൻ. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കൃഷിയോട് പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്നു.
സ്കൂൾ തലം മുതൽ കുട്ടികൾക്ക് ജൈവകൃഷിയുടെ ആവശ്യകതയെക്കുറിച്ച് മനസിലാക്കിക്കൊടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജീവിതത്തിൽ എന്ന പോലെ കൃഷി രംഗത്തും ഭാര്യ റെനി ശ്രീജിത്തിനു കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്.
ബിസിനസ് സംബന്ധമായ ആവശ്യവുമായി ശ്രീജിത്ത് സുകുമാരൻ നാട്ടിൽ നിന്ന് മാറി നിൽക്കുന്പോൾ കൃഷിയുടെ മേൽനോട്ടം റെനി ഏറ്റെടുക്കും. രാവിലെ 10നു മുന്പു സാജൻ കൃഷിയിടത്തിലെ ജോലികൾ തീർക്കും.
അതിനായി പുലർച്ചെ നാലിന് സാജനും ഭാര്യയും കൃഷിയിടത്തിലെത്തും. പിന്നീടുള്ള സമയം ഉത്പന്നങ്ങളുടെ വിപണനത്തിനായി ഉപയോ ഗിക്കും.
അനിരുദ്ധൻ മുഹമ്മ
ചിത്രങ്ങൾ: ധനരാജ് മുഹമ്മ