നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... രണ്ടുതരം... മൂന്നുതരം...
നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ ഒരുതരം... രണ്ടുതരം... മൂന്നുതരം...
Tuesday, February 21, 2023 4:53 PM IST
കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് നാടന്‍ കാര്‍ഷികോത്പന്നങ്ങളുടെ കലവറയായി ഒരു ലേലച്ചന്ത!'കര്‍ഷകരുടെ സ്വന്തം ഗ്രാമ'മായ മംഗലത്ത്‌നടയിലാണ് വി.എഫ്.പി.സി. കെ(വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം), മഴുവന്നൂര്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ ഈ വെറൈറ്റി മാര്‍ക്കറ്റ്. കാന്താരി മുതല്‍ കന്നാര (വാഴക്കുളം പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത, ഭൗമസൂചികാ പദവിയുള്ള കൈതച്ചക്കയിനം) വരെ നീളുന്നതാണ് ഇവിടുത്തെ ഉത്പന്ന വൈവിധ്യം.

പഴം, പച്ചക്കറി, മാങ്ങയിഞ്ചി, ചാമ്പക്ക, ലോലോലിക്ക, തൈര്, മോര്, ഇറച്ചിക്കോഴി, മുട്ട അങ്ങനെ നീളുന്നു വേറിട്ട വിഭവങ്ങളുടെ ലിസ്റ്റ്. ഉത്തമകൃഷി മുറ പ്രകാരം കര്‍ഷകര്‍ വിളയിച്ച സുരക്ഷിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുപോലും കച്ചവടക്കാര്‍ എത്താറുണ്ടെന്നു മഴുവന്നൂര്‍ സമിതിയുടെ ചുമതലയുള്ള വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജര്‍ ബ്ലെസി കെ. അലക്‌സ് പറഞ്ഞു.

'പ്രദേശത്തെ ബസ് സ്റ്റോപ്പ് അറിയപ്പെടുന്നതും ഈ വിപണിയുടെ പേരിലാണ്- മംഗലത്തുനട മാര്‍ക്കറ്റ് ജംഗ്ഷന്‍. 2001ലാണ് സമിതിയും ചന്തയും പ്രവര്‍ത്തനമാരംഭിച്ചത്.



ലേലച്ചന്തം

ഞായര്‍, ബുധന്‍ ദിവസങ്ങളിലാണു മംഗലത്തുനട ആഴ്ചച്ചന്തയില്‍ ലേലം. ഞായറാഴ്ചയാണ് തിരക്ക് കൂടുതല്‍.

'ഈ കാണുന്ന കന്നാര കിലോ 30 രൂപ', ഈ കൂനയാണ് വിളിക്കുന്നത്...' ലേലം വിളി തുടങ്ങുകയായി. ആവശ്യക്കാര്‍ അടുത്തു കൂടി.

'30 രൂപ 50 പൈസ'. 'മുപ്പത് അറുപത്' ലേലം മുറുകി.

അങ്ങനെ അങ്കം കൊടുമ്പിരിക്കൊണ്ട്, ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് കച്ചവടം ഉറപ്പിക്കുന്നു.

ചന്ത ദിവസങ്ങളിലെ പതിവ് കാഴ്ചയാണിത്. ഒരുമണിക്കു ശേഷമാണ് ലേല മേളം. കൃഷിക്കാര്‍ ചീട്ടെഴുതി വയ്ക്കുന്ന ഉത്പന്നങ്ങള്‍ വിറ്റുകൊടുക്കേണ്ട ഉത്തരവാദിത്വം സമിതിക്കാണ്. ഗുണമേന്മയനുസരിച്ചു പല ഗ്രേഡുകളാക്കി തരംതിരിച്ച ഉത്പന്നങ്ങള്‍, കര്‍ഷക പ്രതിനിധികളായ കമ്മിറ്റിക്കാരാണ് ലേലം വിളിക്കുന്നത്. ഒരു കിലോയോ അതിനു മുകളിലോ തൂക്കമുള്ള കൈതച്ചക്ക എ- ഗ്രേഡ്. അതില്‍ താഴെയുള്ളത് ബി. ഗുണമേന്മ കുറഞ്ഞവ ഒന്നിച്ചു കൂട്ടി വേറെ വില്‍ക്കും. ആഴ്ചയില്‍ 12-13 ലക്ഷം രൂപയാണ് ചന്തവരവ്.

കന്നാരയുടെ കേന്ദ്രം

കൈതച്ചക്കയും വാഴക്കുലയുമാണു മംഗലത്തുനടയിലെ പ്രധാന വിളകള്‍. ആഴ്ചയില്‍ 20 ടണ്‍ പൈനാപ്പിളും 18 ടണ്‍ കുലയും (ഏത്തന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ) വിറ്റുപോകുന്നു. കാബേജ്, കോളിഫ്‌ളവര്‍, നിത്യവഴുതന, വെള്ളരി, കുമ്പളം, പടവലം, നാടന്‍ പയര്‍ തുടങ്ങി പച്ചക്കറികള്‍ അഞ്ച് ടണ്ണോളം വരും.



പരമ്പരാഗത ഉത്പന്നങ്ങള്‍


നനകിഴങ്ങ്, ചെറുകിഴങ്ങ്, വെളിചേമ്പ് തുടങ്ങി അന്യം നിന്നുപോകുന്ന കായ്കനികള്‍ പോലും ഇവിടെ കിട്ടും. തൊലികളഞ്ഞ് പാക്കറ്റിലാക്കിയ ചെറുകൂര്‍ക്ക, വാഴപ്പിണ്ടി, ചുണ്ട്, ഇടിഞ്ചക്ക, ചക്കക്കുരു എന്നിവയും മംഗലത്തുനട സ്‌പെഷല്‍. കപ്പ, ചേന, കാച്ചില്‍, തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, റമ്പൂട്ടാന്‍, അബിയു തുടങ്ങിയവയും ലഭ്യം. വിയറ്റ്‌നാം ഏര്‍ലി ചക്കകള്‍ (ഓഫ് സീസണില്‍) ലേലത്തില്‍ പോകുന്നത് 500- 800 വരെ രൂപയ്ക്കാണ്!.

വിറ്റ വിലയുടെ 5 ശതമാനം കമ്മീഷനായി സമിതി ഈടാക്കും. ഇതില്‍ ലേല ച്ചെലവുകള്‍ കഴിച്ചുള്ള തുക, വില വ്യത്യാസ വിതരണ മിച്ചമായി കൃഷി ക്കാര്‍ക്ക് തിരിച്ചു നല്‍കും. പച്ചക്കറി എത്തിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും കിലോ യ്ക്ക് ഒരു രൂപ നിരക്കില്‍ വി.എഫ്. പി.സി.കെ. പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്.

100 കിലോയോ അതിനു മുകളിലോ മറ്റ് ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍ക്കും ഇതേ നിരക്കില്‍ (മാര്‍ക്കറ്റിംഗ് സെയില്‍സ് പ്രൊമോഷന്‍) ഇന്‍സെന്റീവ് ലഭിക്കും. കൂടാതെ, പമ്പു വാങ്ങുന്നതിനും ജൈവകൃഷിക്കും, തദ്ദേശ വിള പരിപോ ഷണത്തിനും സര്‍ക്കാര്‍ സബ്‌സിഡികള്‍ ലഭ്യമാക്കുന്നുമുണ്ട്.




വിത്തുമുതല്‍ വിപണിവരെ കര്‍ഷകനോടൊപ്പം

കൃഷിയുടെ ഓരോ ഘട്ടത്തിലും കര്‍ഷകനു വഴികാട്ടിയാണ് വി.എഫ്.പി. സി.കെ. കര്‍ഷക ക്ഷേമ പദ്ധതികളുമുണ്ട്. കുറഞ്ഞ പലിശയില്‍ (2 ശതമാനം വി.എഫ്.പി.സി.കെ സബ്‌സിഡി യോടെ) ബാങ്കുകളില്‍ നിന്നു വായ്പ ലഭ്യമാക്കുക, ചെറു പ്രീമിയത്തില്‍ കര്‍ഷകനും കുടുംബത്തിനും ആരോഗ്യ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നിവ അവയില്‍ ചിലതു മാത്രം.

ഇതിനൊപ്പം കൃഷി പരിശീലനവും നല്‍കിവരുന്നു. കയറ്റുമതി നിലവാരമുള്ള ടിഷ്യുകള്‍ച്ചര്‍ കൈതച്ചക്കയിന ത്തിന്റെ കൃഷിയിട പരീക്ഷണം (വാഴക്കുളം മോഡല്‍) പുരോഗമിക്കുകയാണ്.

കൃഷി തന്നെ ജീവിതം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, കാര്‍ഷിക സംസ്‌കാരമുള്ള നാടാണ് മംഗലത്ത്‌നട. കൃഷികൊണ്ട് ജീവിതം കെട്ടിപ്പടുത്ത വരാണ് ഇവിടെ കൂടുതലും. ഗ്രാമീണ ഉത്പാദന വ്യവസ്ഥയുടെ കേന്ദ്രബിന്ദുവാണ് മഴുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതിയും ലേലച്ചന്തയും. കര്‍ഷക ഭവനങ്ങളിലാണ് സമിതിയുടെ ഗ്രൂപ്പ് യോഗങ്ങള്‍. ഇതുമൂലം, ഉദ്യോഗസ്ഥരും കൃഷിക്കാരും തമ്മില്‍ നല്ല ആത്മ ബന്ധവുമുണ്ട്.



എസ്. സിന്ധു ആണ് വി.എഫ്.പി. സി.കെ എറണാകുളം ജില്ലാ മാനേജര്‍. എ.കെ. ഐസക് (പ്രസിഡന്റ്), കെ.വി. ജോയി(വൈസ് പ്രസി ഡന്റ്), എം.പി മധുസൂദനന്‍ നായര്‍ (ട്രഷറര്‍) എന്നിവര്‍ 21 അംഗ കര്‍ഷക സമിതിയിലെ ഭാരവാഹി കള്‍. ധനുജ ദേവരാജന്‍, വത്സ ജോര്‍ജ്, ജിന്‍സി വിനോജ് എന്നിവര്‍ ഓഫീസ് ജീവനക്കാരും.

രജീഷ് നിരഞ്ജന്‍