അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
Tuesday, October 6, 2020 3:15 PM IST
കോവിഡ് (കൊറോണ വൈറസ് ഡിസീസ്) ഒരു വൈറസ് രോഗമാണെന്നു നമുക്കറിയാം. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഇതെങ്ങനെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നെന്നു മനസിലാക്കണം. കര്‍ഷകര്‍ക്കും ഇത്തരം അറിവുകള്‍ അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചും വൈറസില്‍ നിന്നകന്നും ഈ മഹാമാരി നമ്മിലേക്കെത്താതിരിക്കാന്‍ നോക്കണം. വൈറസ് കാലത്ത് നാം എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. കൊറോണ വൈറസ് എന്ന ആര്‍എന്‍എ വൈറസ് ജലദോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു. അവ നിലനില്‍പിനുവേണ്ടി രൂപമാറ്റം അഥവാ നിറംമാറ്റം നടത്തി, അതിന്റെ ഉപരിതല ഘടനയില്‍ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. ഈ വൈറസിന്റെ ഇത്തരം സ്വഭാവം കാരണമാണ് ലോകജനത പേടിച്ചകത്തിരിക്കുന്നത്.

രോഗവ്യാപനം തടയാന്‍ രോഗാണുവിനെ അറിയുക

രോഗാണു മനുഷ്യരിലേക്കു പ്രവേശിക്കുന്ന കവാടത്തെ പറ്റിയും രോഗാണുവിനെപ്പറ്റിയും അറിഞ്ഞാലേ നമുക്കതിന്റെ വ്യാപനം തടയാനാകൂ. രോഗമുള്ളൊരാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു നിറഞ്ഞ ഉമിനീര്‍ക്കണങ്ങള്‍ അഥവാ ശ്രവകണങ്ങള്‍ അന്തരീക്ഷത്തില്‍ നിറയുന്നു. രോഗാണുക്കള്‍ നിറഞ്ഞ ശ്രവകണങ്ങളടങ്ങിയ ഈ വായൂ രോഗമില്ലാത്ത മറ്റൊരാള്‍ ശ്വസിച്ചാല്‍ രോഗബാധയുണ്ടാകാം. ഇത്തരത്തില്‍ സ്രവകണങ്ങള്‍ അന്തരീക്ഷത്തിലെത്തിയാല്‍ തണുപ്പുള്ള കാലാവസ്ഥയില്‍ രണ്ടോ മൂന്നോ ദിവസം വരെ നിലനില്‍ക്കും. ഇങ്ങനെ വായുവിലെ രോഗാണുക്കള്‍ നമ്മിലേക്കെത്താതിരിക്കാനാണ് മാസ്‌ക് ധരിക്കണമെന്നും തുമ്മുമ്പോള്‍ തുണി ഉപയോഗിച്ച് മുഖം മറയ്ക്കണമെന്നും പറയുന്നത്. രോഗിയുടെ കൈയിലൂടെയും തൂവാലയിലൂടെയും രോഗം മറ്റുള്ളവരിലേക്കെത്താം. രോഗിതൊട്ട സാധനങ്ങള്‍ മണക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. രോഗി തൊട്ട സാധനങ്ങള്‍ തൊട്ട് കൈ മൂക്കിലോ, കണ്ണിലോ, മുഖത്തോ, വായിലോ തൊട്ടാല്‍ വൈറസ് നമ്മിലേക്കുമെത്താം. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവകണങ്ങള്‍ ഒരുമീറ്റര്‍ ചുറ്റളവില്‍ നില്‍ക്കുന്നതിനാല്‍ രോഗിയുമായി ഇടപെഴകുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിക്കണം.

കോവിഡ്-19 വൈറസ് അതിന്റെ ഇന്‍കുബേഷന്‍ കാലാവധിയില്‍ തന്നെ രോഗവ്യാപനം നടത്തുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഒരു രോഗിയില്‍ നിന്നു രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. രോഗിയില്‍ രോഗാണു പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതു വരെയുള്ള കാലാവധിയാണ് ഇന്‍കുബേഷന്‍ പീരീയഡ്. ഇതു കൂടുന്നതായാണ് കണക്കുകള്‍. രോഗലക്ഷണങ്ങള്‍ വരുന്നതിനു മുമ്പുതന്നെ രോഗവ്യാപനം നടത്താന്‍ കഴിവുള്ള ഈ മഹാമാരിയെ തുടച്ചു നീക്കണമെങ്കില്‍ വളരെ പണിപ്പെടണം. നിറം മാറുന്ന ഈ വൈറസ്, ന്യൂമോണിയയും കിഡ്‌നിക്ക് തകരാറും സംഭവിപ്പിക്കും. അങ്ങനെയാണ് രോഗി മരിക്കുന്നത്. രോഗാണു മൂക്കിലൂടെയോ വായിലൂടെയോ കണ്ണിലൂടെയോ ശരീരത്തിനുള്ളില്‍ പ്രവേശിക്കാം. മൂക്കിലൂടെയാണ് ഇവ ശരീരത്തില്‍ പ്രവേശിക്കുന്നതെന്നാണ് പഠനങ്ങള്‍. എന്നാല്‍ വായിലൂടെയോ കണ്ണിലൂടെയോ പ്രവേശിക്കുന്നുണ്ടോ എന്നു പരീക്ഷിക്കേണ്ടതുണ്ട്.

കൊറോണ എല്ലായിടത്തും

കൊറോണ വൈറസുകള്‍ പല സ്പീഷീസുകളുണ്ട്. അതാതു ജീവികളില്‍ അതായത് പക്ഷികള്‍, വവ്വാലുകള്‍, പാമ്പുകള്‍, ഒട്ടകങ്ങള്‍, മനുഷ്യര്‍ എന്നിവയില്‍ പ്രശ്‌നമൊന്നും കൂടാതെ അവ നിലനിന്നു. എന്നാല്‍ ഒരു വര്‍ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഇവ കടക്കാനുള്ള സാഹചര്യം മനുഷ്യനുണ്ടാക്കി. അപ്പോളവ പ്രജനനം നടത്തി പുതിയ രൂപത്തിലെത്തി. ഇങ്ങനെ പുതിയ രൂപം നേടിയ ഇവ മനുഷ്യരില്‍ അസാധാരണ അന്തരീക്ഷത്തില്‍ വീണ്ടും മറ്റൊരു രൂപം പൂണ്ട് സംഹാരതാണ്ഡവമാടുന്നു. രൂപമാറ്റം വന്ന ഇവ പക്ഷികളിലും വാവലിലും മനുഷ്യനിലും ഒട്ടകത്തിലും പാമ്പിലും ഒക്കെ ആക്രമണം നടത്തി പലപേരുകളില്‍ മനുഷ്യനിലെത്തി. അതിന്റെ വ്യാപനശേഷിയും വര്‍ധിച്ചു. കുട്ടികളിലും പ്രായമായവരിലും ഇതിനു പ്രഹരശേഷി കൂടും. രോഗമുക്തരായവരില്‍പ്പോലും രോഗപ്രതിരോധശേഷി ഉണ്ടാകണമെന്നു നിര്‍ബന്ധമില്ല. ഇതൊന്നും നമുക്കിപ്പോള്‍ തീര്‍ത്തു പറയാനുമാകില്ല. കാരണം കോവിഡ് എന്നത് ഒരു പുനര്‍ജനിച്ച, പുനര്‍സംയോജനം നേടിയ വൈറസാണ്. ഈ രോഗാണുവിന്റെ സ്വഭാവമെല്ലാം മനസിലാക്കാന്‍ സമയം കിട്ടിയിട്ടുമില്ല. രോഗാണു അതിവേഗം അതിന്റെ ഉപരിതലഘടനമാറ്റി പുതിയരൂപമണിയുന്നതിന് എത്രസമയമെടുത്തു എന്നതും പഠനവിധേയമാക്കേണ്ടതുണ്ട്. കൂടെക്കൂടെ പുതിയകുപ്പായമണിയുന്ന വൈറസിനെതിരേ വാക്‌സിന്‍ നിര്‍മിക്കുക എന്നതും പ്രയാസമാണ്. എന്നാല്‍ ഇവയുടെ ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നമുക്ക് രണ്ടുകാര്യങ്ങള്‍ ചെയ്യാം.


1. അകലം പാലിക്കാം, ആത്മാര്‍ഥതയോടെ

രോഗിയുടെ സ്രവകണങ്ങളിലൂടെ വൈറസ് പകരുന്നതിനാല്‍ ആളുകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം പാലിച്ചാല്‍ വൈറസ് നമ്മിലേക്ക് എത്തില്ല.

2. രക്ഷനേടാന്‍ സോപ്പും സാനിറ്റെസറും

കൊഴുപ്പും പ്രോട്ടീനും കൊണ്ടുള്ളതാണ് വൈറസിന്റെ ഉപരിതലം. സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവയില്‍ ഈ ഉപരിതലം അലിയുന്നു.

പ്രജനന സമയത്ത് കോശത്തിന്റെ സെല്‍ മെബ്രൈനില്‍ നിന്നു എടുക്കുന്ന കൊഴുപ്പും പ്രോട്ടീനും കൊണ്ടുള്ളതാണ് വൈറസിന്റെ പുറം. അതിനാല്‍ ഇത് സോപ്പുവെള്ളത്തില്‍ അലിഞ്ഞ് ഇല്ലാതാകുന്നു.

ഈ വൈറസിന് തുണികളില്‍ ആഴ്ചകളോളം നിലനില്‍ക്കാന്‍ സാധിക്കും. പുറത്തുപോയി വന്നയുടനെ വസ്ത്രങ്ങളും മറ്റും സോപ്പുപയോഗിച്ചു കഴുകി വെയിലത്തുണക്കി സൂക്ഷിക്കുനന്ത് വൈറസില്‍ നിന്ന് രക്ഷ നേടാന്‍ നല്ലതാണ്. എല്ലാ പ്രതലങ്ങളിലും ഇവ ഒട്ടിപ്പിടിച്ചിരിക്കുമെന്നതിനാല്‍ വീട്ടുപകരണങ്ങളും വീടുമെല്ലാം അണുനാശിനിയുപയോഗിച്ച് വൃത്തിയാക്കണം.

രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നതെങ്ങനെ?

വൈറസിന്റെ ഉപരിതലത്തില്‍ കമ്പുപോലെ കാണുന്നതാണ് റിസപ്‌റ്റേഴ്‌സ്. മനുഷ്യന്റെ നാസാദ്വാരത്തിലെ സിലിയേറ്റഡ് എപ്പിത്തീലിയല്‍ കോശങ്ങളില്‍ ഒട്ടിപ്പിടിച്ചശേഷം കോശത്തിനകത്ത് പ്രവേശിക്കുന്നു. ഇവിടെ സൈറ്റോപ്ലാസത്തില്‍ പ്രജനനം നടത്തുന്നു. ഇവയില്‍ നിന്നു പുറത്തേക്കുവരുന്ന പുതിയരോഗാണുക്കള്‍ കോശത്തിന്റെ സുതാര്യമായ സെല്‍ മെബ്രൈനില്‍ കൂടി പുറത്തുചാടുന്നു. ആ സമയത്ത് കോശസ്തരം(സെല്‍മെബ്രൈന്‍) കൊണ്ട് പൊതിഞ്ഞ് വൈറസ് പുറത്തേക്കിറങ്ങുകയും അടുത്ത കോശങ്ങളിലേക്ക് കയറുകയും ചെയ്യും. ഇങ്ങനെയാണ് വൈറസിന് ലിപ്പോപ്രോട്ടീന്‍ ആവരണമുണ്ടാകുന്നത്. ആഥിഥേയകോശത്തിലെ ലിപ്പിഡ് ലയര്‍ ഉള്ളതുകൊണ്ടാണ് വൈറസുകള്‍ക്ക് വീണ്ടും ആതിഥേയ കോശങ്ങളെ ആക്രമിക്കാന്‍ എളുപ്പമാകുന്നത്. ആക്രമണ വിധേയമായ കോശങ്ങളുടെ സിലിയയും കോശങ്ങളും നശിക്കുകയും മറ്റുരോഗാണുക്കള്‍ ആ കോശത്തെ ആക്രമിക്കുകയും ചെയ്യുന്നു. അകലം പാലിച്ച് കൊവിഡിനെതിരേ നമുക്ക് പൊരുതാം.

പ്രഫ. കെ. നസീമ
മുന്‍ പ്രഫസര്‍ ആന്‍ഡ് ഹെഡ്, മൈക്രോബയോളജി കേരള യൂണിവേഴ്‌സിറ്റി,
മുന്‍ സീനിയര്‍ മൈക്രോ ബയോളജിസ്റ്റ്
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്
തിരുവനന്തപുരംഫോണ്‍: 96335 52460.