ഉദ്യാനത്തിനഴക് ബേബി പൈനാപ്പിള്‍
ഉദ്യാനത്തിനഴക് ബേബി പൈനാപ്പിള്‍
Thursday, February 13, 2020 3:08 PM IST
സവിശേഷ സ്വാദുള്ള കൈതച്ചക്ക ഉദ്യാനഭംഗിക്ക് മാറ്റുകൂട്ടുന്ന ഒന്നായി ക്കൂടി മാറുന്നു. ഉദ്യാനശോഭ വര്‍ധിപ്പിക്കുന്ന ഇവ പുഷ്പാലങ്കാരങ്ങളിലും ഇന്ന് അവിഭാജ്യചേരുവയായിരിക്കുന്നു. വെട്ടുപൂക്കള്‍ പോലെ ദീര്‍ഘനാള്‍ വാടാതെയും ചന്തം കൈവിടാതെയും നില്‍ക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബേബി പൈനാപ്പിള്‍ എന്നാണിതിനു പേര്. പഴം എന്നതിനേക്കാളുപരി ഈ പൈനാപ്പിള്‍ ഉദ്യാനസസ്യമാണ്. 'അനാനസ് നാനസ്'എന്ന് സസ്യനാമം. ഡ്വാര്‍ഫ് പൈനാപ്പിള്‍, പിങ്ക് പൈനാപ്പിള്‍ എന്നെല്ലാം വിളിപ്പേരുകളുണ്ട്. അലങ്കാരസസ്യമാണിത്. ഒരര്‍ഥത്തില്‍ നമുക്ക് സുപരിചിതമായ സാക്ഷാല്‍ കൈതച്ചക്കയുടെ മിനിയേച്ചര്‍ രൂപമാണ് ബേബി പൈനാപ്പിള്‍. ഭക്ഷ്യയോഗ്യമായ കൈതച്ചക്കയുടെ ബന്ധു. പിങ്ക് നിറത്തില്‍ പൂങ്കുല കാണാം. പിന്നീടത് മഞ്ഞ നിറത്തിലേക്കു ചുവടുമാറ്റും. പൂര്‍ണവളര്‍ച്ചയെത്തിയ കായ്ക്ക് നാലു മുതല്‍ ആറിഞ്ചുവരെ നീളമുണ്ടാകും. അകത്തളച്ചെടിയായും മിനിയേച്ചര്‍ പൈനാപ്പിള്‍ വളര്‍ത്താം.

30-60 സെന്റീ മീറ്റര്‍ ഉയരത്തിലും 40 മുതല്‍ 60 സെന്റീ മീറ്റര്‍ വീതിയിലും ചെടിവളരും. കടുംപച്ചിലകള്‍ സര്‍പ്പിളാകൃതിയില്‍ ഉണ്ടാകും. തറയിലും ചട്ടിയിലും ഈ ഉദ്യാനഫലസസ്യം വളര്‍ത്താം. കാര്യമായ പരിചരണമൊന്നും വേണ്ട. വളര്‍ന്നു കഴിഞ്ഞാല്‍ നിരന്തരം കായ് പിടിക്കും. ചുവപ്പ്, മഞ്ഞ, പിങ്ക് നിറങ്ങളില്‍ കായ്കളുണ്ടാകും. ചുവപ്പു നിറമുള്ള നാനസ് ഇനത്തിനാണ് വാണിജ്യപ്രാധാന്യം ഏറെ.

ഉഷ്ണമേഖലാ കാലാവസ്ഥയോടാണ് ചെടിക്ക് പ്രിയം. അന്തരീക്ഷ ആര്‍ദ്രത നിര്‍ബന്ധം. മണലും കമ്പോസ്റ്റും കലര്‍ത്തിയ മാധ്യമത്തില്‍ കന്നു നടാം. സാധാരണ കൈതച്ചക്കപോലെ മകുടം, കന്ന്, സ്ലിപ്പ് എന്നിവയെല്ലാം ബേബി പൈനാപ്പിളിന്റെയും നടീല്‍ വസ്തുക്കളാണ്. കന്നാണ് നടുന്നതെങ്കില്‍ വേഗം ചെടി വളര്‍ന്ന് കായ്കള്‍ ഉത്പാദിപ്പിക്കും. വളര്‍ന്ന് 2-4 മാസത്തിനുള്ളില്‍ കായ്കള്‍ പഴുക്കുകയും ചെയ്യും.


അടുത്തടുത്ത് കന്നുകള്‍ നടുമ്പോള്‍ തടങ്ങള്‍ തമ്മില്‍ ഒന്നര-രണ്ടു മീറ്റര്‍ അകലം നല്‍കണം. അടിവളമായി കമ്പോസ്റ്റും ഫാക്ടംഫോസും കലര്‍ത്തിയ മിശ്രിതം ചേര്‍ക്കാം. ഇത് തടത്തില്‍ ചേര്‍ത്ത് രണ്ടു നിരയായി കന്നുകള്‍ നടണം. വളര്‍ച്ച അനുസരിച്ച് ഒരു കന്നിന് 20 ഗ്രാം ഫാക്ടംഫോസും അഞ്ചു ഗ്രാം പൊട്ടാഷും മണലില്‍ ചേര്‍ത്തു കൊടുക്കണം.

ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്നില്ല എന്നതിനാല്‍ ഹോര്‍മോണ്‍ പ്രയോഗത്തിന്റെ ആവശ്യമില്ല. ചെടി കുഞ്ഞനെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഇതിന് കൂടിയേ തീരൂ. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം നിര്‍ബന്ധം. വെളിച്ചം കുറഞ്ഞാല്‍ ഇലകള്‍ നിശ്ചിത രൂപമില്ലാതെ വളരും. അമിതമായ പച്ചനിറമാകും. പിന്നീട് പൂവും കായും ഉണ്ടാകാന്‍ വൈഷമ്യമാകുകയും ചെയ്യും.

ഫ്‌ളോറല്‍ ബൊക്കേകള്‍ക്ക് സവിശേഷ ഭംഗി പകരാന്‍ മിനിയേച്ചര്‍ പൈനാപ്പിളിനു കഴിയും. വിദേശ രാജ്യങ്ങളില്‍ കോക്‌ടെയില്‍ ഡ്രിങ്കുകള്‍ അലങ്കരിക്കാന്‍ ബേബി പൈനാപ്പിള്‍ ഉപയോഗിക്കുന്ന പതിവുണ്ട്. ബ്രൈഡല്‍ ബൊക്കേയിലും ചിലയിടങ്ങളില്‍ ഇത് ചേരുവയാക്കുന്നു. ചെടിയില്‍ ദീര്‍ഘനാള്‍ ഫ്രഷ് ആയി നില്‍ക്കുന്ന ബേബി പൈനാപ്പിള്‍ മുറിച്ചെടുത്താലും തണ്ടോടുകൂടെ 10-14 ദിവസം വരെ തെല്ലും കുലുക്കമില്ലാതെയും ഭാവവ്യത്യാസമില്ലാതെയും തുടരും. പുഷ്പാലങ്കാരങ്ങള്‍ക്ക് അത്യുത്തമവുമാണിത്.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
തിരുവനന്തപുരം