പവർഫുൾ അര്ച്ചന
Wednesday, April 20, 2022 2:42 PM IST
അര്ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല് ക്ലാസിക് പവര് ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് ദേശീയ റിക്കാര്ഡോടെ സ്വര്ണമെഡല് അര്ച്ചനയെ തേടിയെത്തിയിരിക്കുകയാണ്. ആലപ്പുഴയില് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്ഷിപ്പില് സീനിയര് വിഭാഗത്തില് 84 പ്ലസ് ഇനത്തിലാണ് അര്ച്ചന സമ്മാനാര്ഹയായത്. എറണാകുളം തേവര സേക്രട്ട് ഹാര്ട്ട് കോളജില് രണ്ടാം വര്ഷ സോഷ്യോളജി വിദ്യാര്ഥിയാണ് അര്ച്ചന സുരേന്ദ്രന്.
വഴികാട്ടിയായി അച്ഛന്
അച്ഛന് സുരേന്ദ്രനാണ് അര്ച്ചനയുടെ വഴികാട്ടി. ഏഴാംക്ലാസില് പഠിക്കുമ്പോള് അച്ഛന് അര്ച്ചനയെ കരാട്ടെ പഠിക്കാന് ചേര്ത്തു. ആ കരാട്ടെ ക്ലാസില് നിന്നാണ് അര്ച്ചന തന്നിലെ കരുത്തിനെ തിരിച്ചറിഞ്ഞത്. അവിടത്തെ അധ്യാപിക സുമാ സുരേന്ദ്രന് പ്രചോദനമായി. കരാട്ടെ ബ്ലാക്ക് ബെല്റ്റാണ് അര്ച്ചന. തുടര്ന്ന് എറണാകുളം ഗവ. ഗേള്സ് ഹൈസ്കൂളില് പത്താംക്ലാസില് പഠിക്കുമ്പോഴാണ് അര്ച്ചന കായികലോകത്ത് സജീവമാകാന് തുടങ്ങിയത്. അര്ച്ചനയിലെ പവര്ലിഫ്റ്ററെ കണ്ടെത്തിയത് കായികാധ്യാപകനായ ജോഷിയാണ്.
പുരസ്കാരങ്ങള് നിരവധി
2018-ല് മംഗോളിയയില് നടന്ന ചാമ്പ്യന്ഷിപ്പിലും ദേശീയ മത്സരത്തിലും വെള്ളി മെഡല് സ്വന്തമാക്കി. 2019 ലും സംസ്ഥാന മത്സരത്തില് സ്ട്രോംഗ് വിമന് പട്ടവും, നാഷണല് ചാമ്പ്യന്ഷിപില് സബ് ജൂനിയര് വിഭാഗത്തിലും റിക്കാര്ഡ് നേടി. കസഖ്സ്താനില് നടന്ന ഏഷ്യന് ക്ലാസിക് പവര്ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് മൂന്ന് വെങ്കലവും ഒരു വെള്ളിയും കരസ്ഥമാക്കി. വേള്ഡ് ഗെയിംസില് പങ്കെടുക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് അര്ച്ചന പറയുന്നു.
കുടുംബത്തിന്റെ പിന്തുണ
അര്ച്ചനയുടെ വിജയത്തിനു പിന്നില് കുടുംബത്തിന്റെ പൂര്ണ പിന്തുണയുണ്ട്. കാക്കനാട് അത്താണിയിലാണ് താസമം. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന് സുരേന്ദ്രനും വീട്ടമ്മയായ അമ്മ സന്ധ്യയും ചേച്ചി അശ്വതിയും അടങ്ങുന്നതാണ് അര്ച്ചനയുടെ കുടുംബം.