മഴക്കാല ചര്‍മ സംരക്ഷണം
മഴക്കാല ചര്‍മ സംരക്ഷണം
Monday, October 19, 2020 4:53 PM IST
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്‍. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യേന കൂടുതലായി കാണുന്നു.

ഫംഗസ് (പൂപ്പല്‍) അണുബാധ

ഈര്‍പ്പം, ഫംഗസ് (പൂപ്പല്‍) ബാധയ്ക്ക് സഹായകമാകുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ചര്‍മത്തില്‍ ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

മഴക്കാലത്ത് കാലുകള്‍ പലപ്പോഴും നനഞ്ഞിരിക്കുന്നതിലാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ ഫംഗസ് ബാധ സാധാരണയായി കണ്ടുവരുന്നു.

സ്‌കൂളുകളിലും ഓഫീസുകളിലും മഴയത്ത് നനഞ്ഞ സോക്‌സും ഷൂസും ധരിച്ച് ദീര്‍ഘനേരം ഇരിക്കേണ്ടിവരുമ്പോള്‍ ഈ പ്രശ്‌നം കൂടുന്നു. അതുപോലെത്തന്നെ സൂര്യപ്രകാശമേറ്റ് ഉണങ്ങാത്ത, ഈര്‍പ്പം തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലവും ശരീരത്തില്‍ പ്രത്യേകിച്ച് തുടയിടുക്കുകളിലും മറ്റും പുഴുക്കടി അല്ലെങ്കില്‍ ഫംഗസ് അണുബാധ മഴക്കാലത്തെ മറ്റൊരു ചര്‍മരോഗമാണ്. അതുകൊണ്ടു നനഞ്ഞ ഷൂസ് ധരിച്ച് ഏറെ നേരം ഇരിക്കുന്നത് ഒഴിവാക്കണം. നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ആന്റി ഫംഗല്‍ മരുന്നുകള്‍കൊണ്ട് ഇവ ചികിത്സിച്ചു ഭേദമാക്കാം. സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാര്‍മസിയില്‍ നിന്ന് വാങ്ങി പുരട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ബാക്ടീരിയല്‍ അണുബാധ

മഴക്കാലത്ത് റോഡുകളിലൂടെ ഒഴുകിവരുന്ന അഴുക്കുവെള്ളത്തില്‍ നിന്നു പല ബാക്ടീരിയല്‍ അണുബാധകളും ഉണ്ടായേക്കാം. പ്രത്യേകിച്ച് കാലുകളില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ അണുബാധ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാം. കാലുകളില്‍ നീരും ചുവപ്പു നിറവും വേദനയും അതോടൊപ്പം വിറയോടുകൂടിയ പനിയും സെല്ല്യൂലൈറ്റിസ് എന്ന ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണങ്ങളാണ്. ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇതു ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കൈകാലുകളില്‍ എപ്പോഴും നനവ് തങ്ങിനില്‍ക്കുന്ന മഴക്കാലത്ത് നഖങ്ങള്‍ക്ക് ചുറ്റുമുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയും (പാരോനൈക്യ) ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ പ്രത്യേകിച്ചു കൈകാലുകള്‍ ശുദ്ധജലമുപയോഗിച്ചു കഴുകിത്തുടച്ചു ശുചിയാക്കിവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.



പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്

പ്രമേഹരോഗികള്‍ക്ക് ഇത്തരത്തിലുള്ള ഫംഗസ്/ബാക്ടീരിയല്‍ അണുബാധകള്‍ വളരെ എളുപ്പത്തില്‍ പിടിപെടാനിടയുണ്ട്. മാത്രമല്ല ഇത്തരക്കാരില്‍ ഈ രോഗങ്ങള്‍ പെട്ടെന്നു വഷളാകാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ മഴക്കാലത്ത് പ്രമേഹരോഗികള്‍ ചര്‍മ ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

വൈറസ് രോഗങ്ങള്‍

മഴക്കാലത്ത് പല തരത്തിലുള്ള വൈറല്‍ പനികളും കൊതുകുജന്യരോഗങ്ങളും പടര്‍ന്നുപിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പനിയോടൊപ്പം പലപ്പോഴും ശരീരത്തില്‍ ചുവപ്പു നിറത്തിലുള്ള പാടുകളും പ്രത്യക്ഷപ്പെടും. വൈറല്‍ പനി മൂലം രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുന്നതുകൊണ്ടും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ കണ്ടേക്കാം. ഈ ഘത്തില്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണ്. ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ വൈറല്‍ പനികള്‍ക്കും ഇത്തരത്തിലുള്ള ചുവന്ന പാടുകള്‍ ഒരു രോഗലക്ഷണമാണ്.

ഇതു ശ്രദ്ധിക്കാം

1. ഈര്‍പ്പം തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക
2. നനഞ്ഞ ഷൂസും ചെരിപ്പും ധരിച്ച് ദീര്‍ഘനേരം ഇരിക്കരുത്
3. മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഉടന്‍ ശുദ്ധജലത്തില്‍ ശരീരഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കിവയ്ക്കാന്‍ ശ്രദ്ധിക്കുക.
4. കാലുകളില്‍ മുറിവുള്ളവര്‍, പ്രത്യേകിച്ചു പ്രമേഹരോഗികള്‍, പനി, വിറയല്‍, കാലുകളില്‍ വേദന, നീര്, ചുവപ്പുനിറം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
5. വീടും പരിസരവും വൃത്തിയാക്കി, കൊതുകുകള്‍ പെരുകാതെയും കൊതുകുകടി ഏല്‍ക്കാതെയും ശ്രദ്ധിക്കണം.
6. പനിയോടുകൂടി ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടുകള്‍ അവഗണിക്കാതെ ഉടന്‍ വൈദ്യസഹായം തേടണം.

ഡോ. അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ന്‍ഡ് ഡെര്‍മോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി