സമീകൃതാഹാരത്തിന്റെ പ്രസക്തി
സമീകൃതാഹാരത്തിന്റെ പ്രസക്തി
Saturday, September 19, 2020 3:18 PM IST
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും ശരിയായ അളവിലുള്ള പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്.

രണ്ടുതരം

ഭക്ഷണ പോഷകങ്ങളെ പ്രധാനമായും രണ്ടു വിഭാഗങ്ങളായിതിരിക്കാം. കൂടുതല്‍ അളവില്‍ ശരീരത്തിന് ആവശ്യമായവ (Macro Nutri-ents)എന്നും ചെറിയ അളവില്‍ ശരീരത്തിന് ആവശ്യമായവ (Micro Nutrients) എന്നും.

മൈക്രോ ന്യൂട്രിയന്‍റ്സ്

അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാണ് കൂടുതല്‍ അളവില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍. ദൈനംദിന ആവശ്യങ്ങള്‍ക്കായി ശരീരത്തിനാവശ്യമുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നതില്‍ ഈ പോഷകങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടി ആവശ്യമായ പോഷകങ്ങളാണ് മാംസ്യം. കൊഴുപ്പുകള്‍ ഊര്‍ജം നല്‍കുന്നതിനു പുറമേ ചില ജീവകങ്ങളുടെ ആഗിരണത്തിനും കൂടി സഹായിക്കുന്നു.

അരി, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളിലാണ് അന്നജം പ്രധാനമായും അടങ്ങിയിരിക്കുന്നത്. പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മത്സ്യം, മാസം തുടങ്ങിയവയാണ് മാംസ്യത്തിന്റെ പ്രധാന ഉറവിടങ്ങള്‍. എണ്ണ, നെയ്യ്, എണ്ണക്കുരുക്കള്‍ (കടല, എള്ള്, നാളികേരം) തുടങ്ങിയവയാണ് കൊഴുപ്പുകളുടെ പ്രധാന ഉറവിടങ്ങള്‍.

മൈക്രോ ന്യൂട്രിയന്‍റ്സ്

വളരെ ചെറിയ അളവില്‍ ശരീരത്തിന് ആവശ്യമായതും എന്നാല്‍ ഒഴിച്ചു കൂടാനാവാത്തതുമായ പോഷകങ്ങളാണ് ജീവകങ്ങളും ധാതു ലവണങ്ങളും. ജീവകങ്ങള്‍ പ്രധാനമായും എ,ബി,സി,ഡി,ഇ, കെ എന്നിവയാണ്. അയണ്‍, കാത്സ്യം, സോഡിയം, പൊാസ്യം, സിങ്ക് തുടങ്ങിയവ ധാതുക്കള്‍ക്ക് ചില ഉദാഹരണങ്ങളാണ്.

നിരവധി രോഗങ്ങളോട് ചെറുത്തു നില്‍ക്കുന്നതിനായി രോഗപ്രതിരോധ ശേഷി നല്‍കുന്നതില്‍ ഈ ജീവകങ്ങളും ധാതുക്കളും പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ ശരീരത്തില്‍ നടക്കുന്ന നിരവധി രാസപ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഇവയില്‍ ചിലത് താഴെ പറയുന്നവയാണ്.

ധാതുക്കളുടെ പ്രാധാന്യം


ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നത് ധാതുക്കളുടെ സാന്നിധ്യമാണ്. രക്തത്തിലെ ഒരു പ്രധാനഘടകമാണ് ഇരുമ്പ്. രക്തത്തിലെ ഓക്‌സിജന്‍ വാഹകരായ ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് ഇരുമ്പ് ആവശ്യമാണ്. സോഡിയം, പൊട്ടാസ്യം തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറ്റു രണ്ടു ധാതുക്കള്‍, ഇവ ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അസ്ഥികളുടെ ഉറപ്പിനും ആരോഗ്യത്തിനും സഹായിക്കുന്നു. മുടി, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സള്‍ഫര്‍ അത്യന്താപേക്ഷിതമാണ്. രോഗപ്രതിരോധശേഷി നിലനിര്‍ത്താനും രക്തം കപിടിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.

പോഷകങ്ങളുടെ പ്രസക്തി

ഇതുപോലെ എല്ലാ പോഷകങ്ങളും ശരിയായ അളവില്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ വ്യക്തിക്കും ആവശ്യമായ പോഷകങ്ങള്‍ നിശ്ചയിക്കുന്നത് പ്രായം, ശരീരികാധ്വാനം, പൊക്കം, തൂക്കം തുടങ്ങിയവയാണ്. ഈ പോഷകങ്ങളുടെ അളവ് കൃത്യമായ രീതിയില്‍ ലഭിക്കാത്തപക്ഷം ഇവയുടെ അഭാവം മൂലമുള്ള രോഗാവസ്ഥയ്ക്ക് കാരണമാകും.

പോഷകങ്ങളുടെ അമിതമായ സാന്നിധ്യം ഇവ ശരീരത്തില്‍ സംഭരിച്ചു വയ്ക്കുകയും അതുവഴി നിരവധി രോഗാവസ്ഥകള്‍ക്കും കാരണമാകുകയും ചെയ്യും. പ്രമേഹം, കൊളസ്റ്ററോള്‍, ഹൃദ്രോഗങ്ങള്‍, അമിതവണ്ണം, രക്തസമ്മര്‍ദം എന്നീ രോഗങ്ങള്‍ക്കു കാരണമാകുന്നു. അതിനാല്‍ ഓരോരുത്തരും അവരവര്‍ക്ക് ആവശ്യമായ അളവില്‍ എല്ലാ പോഷകങ്ങളും ഉള്‍പ്പെടുത്തിയ ഒരു ഭക്ഷണക്രമം പാലിക്കണം.

ലോക്ഡൗണ്‍ കാലഘത്തില്‍ പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളും വളരെ കുറവാണ്. അതിനാല്‍ ചില പോഷകങ്ങളുടെ അളവ് അമിതമാകുന്നതിന് സാധ്യത കൂടുതലാണ്. അതുകൊണ്ട് ഭക്ഷണത്തില്‍ അന്നജം കുറച്ച് മാംസ്യം ഉള്‍പ്പെടുത്തണം.എന്നാല്‍ കൊവിഡ് പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വേണ്ടതുണ്ട്. അതിനായി ഭക്ഷണത്തില്‍ നിറയെ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം. ഇവയെല്ലാം ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാന്‍ ഭക്ഷണത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങളാണ്.

രഹ്ന രാജന്‍
സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം