പോളിടെക്നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ അഞ്ചു മുതൽ
തിരുവനന്തപുരം: 2024 25 അധ്യയന വർഷത്തെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഗവ. കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആർഡി/ കേപ്പ്/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ജൂലൈ അഞ്ചു മുതൽ ജൂലൈ ഒമ്പത് വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും.
അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
ഒഴിവുകൾ നികത്തുന്നതിന് നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം.