പാഠ്യപദ്ധതി പരിഷ്കരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വർഷങ്ങളായി പരിഷ്കരിക്കാതെയുള്ള സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2025 മേയിൽ വിതരണം ചെയ്യും.
എല്ലാ അധ്യാപകർക്കും പഠനസഹായി ആയി ടീച്ചർ ടെക്സ്റ്റ് നൽകുന്പോൾ ചരിത്രത്തിൽ ആദ്യമായി രക്ഷിതാക്കൾക്കായുള്ള പുസ്തകങ്ങളും ഈ വർഷം തന്നെ നൽകും.ഗുണമേന്മ വർധിപ്പിക്കുന്നതിനായി അധ്യാപക പരിശീലന പരിപാടികളും പരിഷ്കരിക്കും. . ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി എസ്എസ്എൽസിക്ക് പ്രത്യേക പരീക്ഷ നടത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്.
സ്കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാ ജില്ലയിലെയും ഒരു സ്കൂൾ മോഡൽ സ്കൂളായി ഉയർത്തും.
സമഗ്രശിക്ഷ കേരള മുഖാന്തിരം നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതി വഴി 1500ലധികം പ്രീപ്രൈമറി കേന്ദ്രങ്ങളും ഓരോ ജില്ലയിലും നാലു വീതം മോഡൽ പ്രീപ്രൈമറി സ്കൂളുകളും തയാറായി വരികയാണെന്നും മന്ത്രി അറിയിച്ചു.