സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് 202425 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/ തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കുന്നു. പ്ലസ് ടു, വിഎച്ച്എസ്ഇ/ തത്തുല്യ പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.
ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ്, മലയാളം ടൈപ്പ് റൈറ്റിംഗ് ആൻഡ് വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് എന്നിവയിൽ ഹയർ ഗ്രേഡും മലയാളം ഷോർട്ട് ഹാൻഡ്, ഹിന്ദി ടൈപ്പ് റൈറ്റിംഗ് എന്നിവയിൽ ലോവർ ഗ്രേഡും, ഡിടിപി ഇംഗ്ലീഷ് ആൻഡ് മലയാളം, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നിവ കൂടാതെ ആധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടുത്തി ഡാറ്റാ എൻട്രി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, അക്കൗണ്ടൻസി, ബിസിനസ് കറസ്പോണ്ടൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംയോജിപ്പിച്ച് പരിഷ്ക്കരിച്ച സിലബസ്സാണ് ഈ കോഴ്സിനു വേണ്ടി തയാറാക്കിയിട്ടുള്ളത്.
പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/gci എന്ന വെബ്ബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്ട്രേഷന് പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം.
വിശദവിവരങ്ങൾ www.poly admission.org/gci എന്ന അഡ്മിഷൻ പോര്‍ട്ടലിൽ.