ആർജിസിബി എംഎസ്സി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 202426 അധ്യയന വർഷത്തിലേക്ക് നടത്തുന്ന എംഎസ്സി ബയോടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജിഎടിബി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഡിസീസ് ബയോളജി, ന്യൂറോബയോളജി, ബയോ ഇൻഫോർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു.
എംഎസ്സി ബയോടെക്നോളജിക്ക് ഡിസീസ് ബയോളജി, ജനറ്റിക് എജിനിയറിംഗ് എന്നീ സ്പെഷലൈസേഷനുകൾ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്സ് കാലാവധി. ഒരു സ്പെഷലൈസേഷനിൽ പത്ത് വിദ്യാർഥികൾ വീതം ആകെ 20 സീറ്റുകളാണുള്ളത്. പ്രവേശനം ലഭിക്കുന്നവർക്ക് സ്റ്റൈപൻഡ് ലഭിക്കും.
ഓരോ വിഭാഗത്തിനും ആർജിസിബി നിശ്ചയിച്ച ജിഎടി കട്ട്ഓഫ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയാണ് വിദ്യാർഥികളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കൗണ്‍സലിംഗ് ജൂലൈ ആദ്യവാരവും ക്ലാസ് ഓഗസ്റ്റ് ഒന്നിനും ആരംഭിക്കും.
ലൈഫ്/ അഗ്രിക്കൾച്ചറൽ/ എൻവയോണ്‍മെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യുജിസി 10പോയിന്റ് സ്കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും അഞ്ച് വർഷം സാധുതയുള്ള ജെആർഎഫ് (യുജിസി/ സിഎസ്ഐആർ/ ഐസിഎംആർ/ ഡിബിടി/ ഡിഎസ്ടിഇൻസ്പയർ) അല്ലെങ്കിൽ മറ്റേതെങ്കിലും ദേശീയ മത്സരപരീക്ഷ ഫെലോഷിപ്പ് ഉള്ളവർക്ക് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. 26 വയസാണ് ഉയർന്ന പ്രായപരിധി. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
രണ്ട് പ്രോഗ്രാമുകൾക്കും ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/mscadm, https://rgcb.res.in/phdadm എന്നീ വെബ്സൈറ്റുകൾ പരിശോധിക്കുക.