"നാട്ടു നാട്ടു' ഇത്ര മികച്ചതാണോ? ഇത്രയ്ക്കും അഭിമാനിക്കേണ്ടതുണ്ടോ; വിമർശനവുമായി അനന്യ ചാറ്റർജി
Thursday, March 16, 2023 11:01 AM IST
ഓസ്കർ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ വിമർശിച്ച് ബംഗാളി നടി അനന്യ ചാറ്റർജി. പാട്ടിന്റെ ചരിത്ര നേട്ടത്തിൽ രാജ്യം ഇത്രമാത്രം സന്തോഷിക്കേണ്ടതുണ്ടോ എന്നാണ് നടി കുറിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അനന്യ ഗാനത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എനിക്കു മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ ഇത്രയും അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? കടുത്ത പ്രതിഷേധവും രോഷവും അറിയിക്കുന്നു’, അനന്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അനന്യ ചാറ്റർജിയുടെ കുറിപ്പ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണു നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. രാജ്യത്തിന്റെ ചരിത്രനേട്ടമാണ് ഇതെന്നും വിലകുറച്ച് കാണരുതെന്നും തുടങ്ങി അനന്യക്കെതിരെ നിരവധി കമന്റുകളാണ് എത്തുന്നത്.