അഭിനയത്തിന്റെ കരുത്തുമായി ഇരട്ട വേഷത്തിൽ ജോജു; ഇരട്ട ട്രെയിലർ
Monday, January 23, 2023 12:34 PM IST
ജോജു ജോർജ് ഇരട്ടവേഷത്തിലെത്തുന്ന ഇരട്ട എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും സസ്പെൻസും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലർ. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരൻമാരുടെ വേഷമാണ് ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ ആണ്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും സഹായിയായി പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റർ: മനു ആന്റണി.