അച്ഛനും അമ്മയ്ക്കുമായി കേരളത്തിൽ വീട് വച്ച് അർച്ചന കവി; സന്തോഷം വീട് പണിത അതിഥി തൊഴിലാളികൾക്കൊപ്പം പങ്കിട്ട് താരം
Friday, April 25, 2025 10:41 AM IST
നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കായി പുതിയ വീട് നിർമിച്ച് നടി അർച്ചന കവി. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചൽ നടന്നത്. വീടുനിർമാണത്തിന് എത്തിയ അതിഥി തൊഴിലാളികൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
""വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു റിട്ടയർമെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകൾ.'' അർച്ചന കവി കുറിച്ചു.

വീടുപണിക്കെത്തിയ അതിഥി തൊഴിലാളികൾക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തെ ചിത്രങ്ങളിൽ കാണാം. ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയത്. കസിൻസ് എല്ലാവരും ചേർന്നാണ് കുരുത്തോല അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിയത്.

കേരളശൈലിയിലുള്ള വീടാണ് അർച്ചന മാതാപിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി ദീർഘകാലമായി അർച്ചനയും കുടുംബവും ഡൽഹിയിലാണ് താമസം. തിരക്കുകളിൽ നിന്നും മാറി സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കാനായി കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് അർച്ചനയുടെ കുടുംബം.

‘നീലത്താമര’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ അർച്ചന ഇടയ്ക്കു കുറച്ചു കാലം മലയാളത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ടൊവീനോ ചിത്രം ഐഡന്റിറ്റിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്.