ഇനി അറിയേണ്ടത് ആരാണ് ആ വില്ലനെന്നാണ്! ട്രെയിലറിലും മുഖം മറച്ച് വില്ലൻ; ആരായിരിക്കും ആ നടൻ?
Thursday, March 20, 2025 11:15 AM IST
എന്പുരാൻ ട്രെയിലർ ട്രെന്റിംഗിലേയ്ക്ക് മാറുന്പോൾ ആരാധകർ തിരയുന്നത് ചിത്രത്തിലെ ആ മുഖം മറച്ച വില്ലൻ ആരാണ് എന്നതാണ്. ഇപ്പോഴും അത് ആരാണെന്ന സസ്പൻസ് നിലനിർത്തുന്പോഴും ഫഹദ് ആയിരിക്കുമോ എന്ന് ചില കൂട്ടർ ചോദിക്കുന്നു. എന്നാൽ ഫഹദ് അല്ല ബ്രേക്കിംഗ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആയിരിക്കും അതെന്ന് മറ്റ് റിപ്പോർട്ടുകൾ വരുന്നു.
ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്ററിലും ഇതേ വില്ലനെയായിരുന്നു അവതരിപ്പിച്ചത്. ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വെളുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന വ്യക്തി ആരാണ് എന്നായിരുന്നു അന്നത്തെ ചർച്ച. അന്നും ഫഹദിന്റെ പേര് ഉയർന്നിരുന്നു.
ഇപ്പോഴിതാ ട്രെയിലറിലും ആ കഥാപാത്രത്തിന്റെ മുഖം മാത്രം കാണിക്കുന്നില്ല. എന്നാൽ ആ ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം.
രാജ്യാന്തരതലത്തിൽ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോടു ഏറ്റുമുട്ടാൻ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാംഗ് ആകുമോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ. അതുകൊണ്ടു തന്നെ ഹോളിവുഡ്, കൊറിയൻ താരങ്ങളാകാം ഈ കഥാപാത്രമെന്നും പറയുന്നു. ആരായാലും തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന താരമാകും ഇതെന്ന് ഉറപ്പ്.