വിജയകൃഷ്ണൻ ജീവിതം എഴുതുന്പോൾ...
എസ്. മഞ്ജുളാദേവി
Wednesday, February 12, 2025 3:44 PM IST
മാധവനാശാൻ എന്ന ജോത്സ്യൻ കുറിച്ചത് വിജയകൃഷ്ണൻ ഒരു പട്ടാള കമാൻഡറാവുമെന്നായിരുന്നു. നാട്ടിൻപുറത്തെ സ്കൂളിൽ വിജയകൃഷ്ണനെ ഒന്നാം ക്ലാസിൽ ചേർത്തപ്പോൾത്തന്നെ വീട്ടിൽ വലിയ ചർച്ച തുടങ്ങിയിരുന്നു. പട്ടാള കമാൻഡർ ആവേണ്ട കുട്ടിയാണ്. അഞ്ചാം ക്ലാസാവുന്പോൾ തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള സൈനിക സ്കൂളിൽത്തനെ ചേർക്കണം.
എന്നാൽ കുട്ടിക്ക് സാധാരണ കുട്ടികൾ കളിക്കുന്ന പന്തുകളിയിൽപ്പോലും താത്പര്യം ഉണ്ടായിരുന്നില്ല. സ്കൂളിൽ എൻസിസിയിൽ ചേരണമെന്ന് വന്നപ്പോൾ കരഞ്ഞുവിളിച്ച് വീട്ടുകാരെക്കൊണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുപ്പിക്കുകയും ചെയ്തു.
"പട്ടാള കമാൻഡർ'വീടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന് പുസ്തകങ്ങൾ വായിക്കുന്നത് കണ്ട് അമ്മയും അമ്മൂമ്മയും അന്പരന്നു. തീർന്നില്ല മാധവനാശാനെ തട്ടിപ്പുകാരൻ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തു. ഇപ്പോൾ തിരിഞ്ഞുനോക്കുന്പോൾ മാധവനാശാന്റെ പ്രവചനത്തിൽ കുറച്ച് സത്യമുണ്ടായിരുന്നുവെന്ന് വിജയകൃഷ്ണൻ. ഒരു സംവിധായകന്റെ കർമവും കമാൻഡറിന്റെ കർമവും തമ്മിൽ സമാനതകളുണ്ട്. സിനിമയിൽ സംവിധായകന്റെ കമാൻഡുകൾ ഒരു സംഘം അനുസരിക്കുകയാണല്ലോ.
സിനിമ ജീവിതമാക്കിയ വിജയകൃഷ്ണൻ ജീവിതത്തിൽ ആദ്യമായി സിനിമ കണ്ടത് ഇങ്ങനെ- അച്ഛൻ സാധുശീലൻ പരമേശ്വരപിള്ള കോഴിക്കോട് കേസരി വാരികയുടെ പത്രാധിപരായിരുന്ന കാലത്താണ് ആ സിനിമാ കാഴ്ച. ഒരു വൈകുന്നേരം അച്ഛൻ മകനോടു പറഞ്ഞു -""നമുക്കിന്നൊരു സിനിമയ്ക്ക് പോകാം.'' നാലാം ക്ലാസിലെ അവധിക്കാലത്ത് അച്ഛനോടൊപ്പം കോഴിക്കോടെത്തിയ വിജയകൃഷ്ണന് ഇത് കേട്ടപ്പോൾ വലിയ സന്തോഷമായി.
സിനിമ എന്താണെന്നുപോലും അന്നറിയില്ല. എന്തോ കാണാൻ പോകുന്നു എന്നു മാത്രം. (പിൽക്കാലത്ത് സന്യാസം സ്വീകരിച്ച അച്ഛൻ ആധ്യാത്മിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. സീതാരാമ കല്യാണം എന്നത് പുരാണ സിനിമ ആയതുകൊണ്ടാണ് സിനിമാവിരോധിയായ അച്ഛൻ മകനെ സിനിമയ്ക്ക് കൂട്ടിക്കൊണ്ടു പോയത്). ആ അവധിക്കാലത്ത് തന്നെ സ്വാമി വിവേകാനന്ദനെ പ്രധാന കഥാപാത്രമാക്കി വന്ന ഒരു ബംഗാളി സിനിമയും വിജയകൃഷ്ണൻ കണ്ടു. 1961ൽ ദേശീയ അവാർഡ് നേടിയ ഭഗിനി നിവേദിത ആയിരുന്നു അതെന്ന് പിൽക്കാലത്താണ് വിജയകൃഷ്ണന് മനസിലായത്.
ആറാം ക്ലാസിൽ പഠിക്കുന്പോൾ ആണ് വിജയകൃഷ്ണന്റെ ആദ്യ സാഹിത്യരചന- ചിലന്പൊലി എന്ന ബാലമാസികയിൽ. കഥ അച്ചടിച്ചു വന്നശേഷം ബാലപംക്തികളിൽ നിരന്തരം എഴുതി.
കാട്ടാക്കട, മലയിൻകീഴ് എന്നീ ചെറുപട്ടണങ്ങൾക്കിടയിലെ പൊട്ടൻകാവ് എന്ന പ്രദേശത്താണ് വിജയകൃഷ്ണന്റെ ജനനം. പേരിനൊപ്പം സ്ഥലപ്പേരുകൂടി ചേർത്ത് പ്രശസ്തനാകുവാൻ ആഗ്രഹിച്ചുവെങ്കിലും സ്ഥലപ്പേരിലെ "പൊട്ടൻ' ഭാവിയിൽ പ്രശ്നമായാലോ എന്ന് കരുതി ഉപേക്ഷിച്ചു. പള്ളിക്കൂടം നിന്ന അന്തിയൂർക്കോണം ദത്തെടുത്ത് അന്തിയൂർക്കോണം വിജയകൃഷ്ണൻ എന്ന പേരിൽ പിന്നെ എഴുതി.
അനുഭവ പുസ്തകത്തിലെ തന്റെ പല ദുരന്തങ്ങളും നർമത്തിൽ ചാലിച്ചാണ് വിജയകൃഷ്ണൻ പറയുന്നത്. നഷ്ടനാണയം എന്ന അധ്യായത്തിൽ ദൈവം തന്റെ ജീവിതം റദ്ദു ചെയ്തു എന്ന് തോന്നിയ സന്ദർഭങ്ങളെപ്പോലും രസകരമായാണ് പകർത്തുന്നത്.
ബിരുദ വിദ്യാർഥിയായിരുന്ന കാലത്ത് പഠനത്തോട് വിരക്തി വന്ന് പോരാട്ടം എന്ന മാസിക തുടങ്ങിയിരുന്നു. 35 പൈസയായിരുന്നു വില. ഗുരുനാഥനായ സാഹിത്യനിരൂപണ ഇതിഹാസം എം. കൃഷ്ണൻ നായർ ഈടുറ്റ ഒരു ലേഖനം ശിഷ്യന് നൽകി. അലക്കിത്തേച്ച വെള്ളഷർട്ടും മുണ്ടും അണിഞ്ഞെത്തിയ അന്നത്തെ ഒരു യുവകവിയും വിജയകൃഷ്ണൻ എന്ന സാഹിത്യവിദ്യാർഥിക്ക് ഒരു കവിത നൽകി. കവി ആരാണെന്നല്ലേ-എ. അയ്യപ്പൻ. ശുഭ്രവസ്ത്രധാരിയായി എ. അയ്യപ്പൻ നടന്നൊരു കാലമുണ്ടായിരുന്നുവെന്ന് വിജയകൃഷ്ണൻ പറയുന്പോഴാണ് അറിയുന്നത്. മാസികയുടെ രണ്ടാം ലക്കമായ കുരുക്ഷേത്രം ആണ് തന്നിലെ ചലച്ചിത്ര നിരൂപകന്റെ ജനനത്തിനു തുടക്കം എന്നും വിജയകൃഷ്ണൻ.
1971ലെ സിനിമാ അവാർഡുകളെ വിമർശിച്ചായിരുന്നു ആ ലേഖനം. എംജിആറിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള അവാർഡ് നൽകിയതിനെ നിശിതമായി വിമർശിച്ചിരുന്നു അന്നത്തെ യുവനിരൂപകൻ. രണ്ട് ലക്കത്തോടെ മാസിക മുടങ്ങി താൻ പട്ടിണിയും പരിവട്ടവുമായി കറങ്ങി നടന്ന കഥയും അദ്ദേഹം പറയുന്നു. തൈക്കാട്ടുള്ള ഒരു ലോഡ്ജിൽ ആണ് താമസം. വിശപ്പ് കൊണ്ട് കണ്ണ് കാണാതായ ഒരു പകൽ വഴിയിൽ കണ്ട ഒരു പഴയ സഹപാഠിയോട് ദീനമായി അപേക്ഷിച്ച് ഒരു കുരുക്ഷേത്രം ലക്കം വിറ്റു. 50 പൈസ തുട്ടും ലഭിച്ചു. ബാക്കി 15 പൈസയ്ക്ക് സുഹൃത്ത് നിർബന്ധം പിടിച്ചുവെങ്കിലും ഒടുവിൽ കുരുക്ഷേത്രം പത്രാധിപരുടെ ദയനീയത കണ്ട് ബാക്കി വേണ്ടെന്ന് വച്ചു. പക്ഷെ പബ്ലിക് ലൈബ്രറിയിലെ ശൗചാലയത്തിൽ വച്ച് ആ 50 പൈസ തുട്ട് വെള്ളത്തിലൂടെ ഒലിച്ചുപോയി. ഒരു ദേവദൂതനെപ്പോലെ അപ്പോൾ അവിടെ ബസിൽ വന്നിറങ്ങിയ സുഹൃത്തിന്റെ സഹോദരനാണ് പിന്നീട് കാപ്പിയും പലഹാരങ്ങളും വാങ്ങിക്കൊടുത്തത്.
1983ൽ വിജയകൃഷ്ണന്റെ ചലച്ചിത്ര സമീക്ഷ എന്ന സിനിമാ നിരൂപണ പുസ്തകത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. വിജയകൃഷ്ണന്റെ ജന്മനാട്ടിൽ അത് വലിയൊരു ആഘോഷമായി മാറി. ടെലിവിഷനിൽ അവാർഡ് വിതരണം ലൈവ് ആയി കാണും എന്നറിഞ്ഞ ജനം പൊതു ടിവിക്കു മുന്നിൽ തടിച്ചുകൂടി. തങ്ങളുടെ നാട്ടുകാരൻ ഡൽഹിയിൽ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങുന്ന ദൃശ്യം ലൈവായി കാണാൻ പക്ഷെ ഭാഗ്യമുണ്ടായില്ല നാട്ടുകാർക്ക്. ചലച്ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും പുരസ്കാരം നൽകി കഴിഞ്ഞപ്പോഴേക്കും ദൂരദർശൻ ലൈവ് അവസാനിപ്പിച്ച് കൃഷിദർശനിലേക്ക് മടങ്ങി.
എസ്.കെ. പൊറ്റെക്കാടിന്റെ ഒട്ടകം എന്ന കഥയെ ആധാരമാക്കി വിജയകൃഷ്ണൻ കിളിവാതിൽ എന്ന സിനിമ സംവിധാനം ചെയ്യുന്ന കാലം. ഒരു അബ്കാരി മുതലാളി നിർമാതാവായി എത്തി.
സിനിമയുടെ പാട്ട് റിക്കോർഡിംഗ് നടക്കുന്പോൾ നിർമാതാവും സുഹൃത്തുക്കളും മുങ്ങി. ഹോട്ടൽ ബില്ല് പോലും നൽകാതെയായിരുന്നു മുങ്ങൽ. നിർമാതാവിനെ കാത്തിരുന്ന് തളർന്നപ്പോൾ സംവിധായകൻ കടംവാങ്ങി റിക്കോർഡിംഗ് പൂർത്തിയാക്കി. കുറേ മാസങ്ങൾക്കുശേഷം ആലപ്പുഴയിലൂടെ സഞ്ചരിക്കുന്പോൾ ഒരു സുഹൃത്ത് അബ്കാരി മുതലാളിയുടെ ബാർ കാണിച്ചു കൊടുത്തു. ഇടിഞ്ഞു വീഴാറായ ഒരു കള്ളു ഷാപ്പ്. പാട്ടുകൾ മാത്രം പുറത്തിറങ്ങിയ തന്റെ സിനിമയുടെ പ്രതീകമായി ആ കുടിൽ തോന്നിയെന്ന് വിജയകൃഷ്ണൻ പറയുന്നു.
നിരൂപണകാലം, സംവിധാന ജീവിതം, ദൂരദർശനിൽ തുടങ്ങുന്ന ടെലിവിഷൻ സംവിധാന ജീവിതം, തിക്കുറിശിയും മധുവും ഭരത് ഗോപിയും കെ.പി.കുമാരനും ഉൾപ്പെടുന്നവരുമായുള്ള അടുത്ത ബന്ധം അങ്ങനെ അനുഭവങ്ങളുടെ ഒരു വലിയ ലോകം വിജയകൃഷ്ണന്റെ പുസ്തകത്തിൽ കാണാം.