ഫീൽഡ് ഔട്ടായ നടൻമാരെന്ന് പരിഹാസം; മനോരോഗികളാണ് ഇത്തരം വീഡിയോകളുണ്ടാക്കുന്നതെന്ന് പ്രശാന്ത് അലക്സാണ്ടർ
Saturday, February 8, 2025 10:39 AM IST
മലയാള സിനിമയിലെ ഫീൽഡ്ഔട്ടായ നടൻമാരെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോക്ക് മറുപടിയുമായി നടൻ പ്രശാന്ത് അലക്സാണ്ടർ. മണിക്കുട്ടൻ, കൈലാഷ്, ഭഗത് മാനുവല്‍, രജിത് മേനോൻ, മഞ്ജുളൻ, റോഷൻ, നിഷാൻ എന്നിവരടങ്ങുന്ന കുറച്ചു നടന്മാര് ഫീല്‍ഡ് ഔട്ട് ആയി എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് താഴെയാണ് കമന്റുമായി പ്രശാന്ത് എത്തിയത്.
ഫഹദ് ഫാസിലിന്റെ വമ്പൻ തിരിച്ചുവരവടക്കം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് അലക്സാണ്ടർ കമന്റ് ചെയ്തിരിക്കുന്നത്.
‘‘മരിക്കുന്നത് വരെ ഒരാൾ ഫീൽഡ് ഔട്ട് ആയി എന്ന് വിധി എഴുതാൻ പറ്റില്ല... പ്രത്യേകിച്ചും സിനിമയിൽ.. 2002 ൽ ഫീൽഡ് ഔട്ട് ആയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ, എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികൾ ആണ്..നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു.’’ഇങ്ങനെയായിരുന്നു പ്രശാന്തിന്റെ കമന്റ്.
പ്രശാന്തിന്റെ മറുപടിക്ക് കൈയടികളുമായി നിരവധിപ്പേർ എത്തി. ഒരാളെക്കുറിച്ച് വിധി പറയാൻ നമ്മളാരുമല്ലെന്നും ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പലരും ഇന്ന് സിനിമയിൽ സജീവമാണെന്നുമാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.