താരങ്ങൾ നിർമിക്കുന്ന സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ല; ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തും
Friday, February 7, 2025 11:51 AM IST
നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു സിനിമ സംഘടനാ പ്രതിനിധികൾ. ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നും സംഘടന അറിയിച്ചു.
ഷൂട്ടിംഗും സിനിമാ പ്രദർശനവും ഉൾപ്പെടെ സിനിമയുടെ എല്ലാ മേഖലകളും നിർത്തിവയ്ക്കാൻ സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ.
ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101 കോടി രൂപയാണ്. റിലീസായ 28 ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയതു ‘രേഖാചിത്രം’ മാത്രം. നിർമാണച്ചെലവിന്റെ 60% താരങ്ങൾക്കു പ്രതിഫലം നൽകാനാണ്. സർക്കാരിനു മുന്നിൽ പ്രശ്നങ്ങൾ പല പ്രാവശ്യം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു.
സാങ്കേതിക പ്രവർത്തകരിൽ 60 ശതമാനവും പട്ടിണിയിലാണ്. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. ഒടിടി കച്ചവടം നടക്കുന്നില്ല. ഒടിടി ആർക്കും വേണ്ട. സിനിമ നന്നായാൽ ഒടിടി ഒരു തുക പറയും. അതിൽ സിനിമ എടുക്കും. ആറുമാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്.
ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. നിർമാണവും ഇല്ല പ്രദർശനവും ഇല്ല. പുതിയ താരങ്ങളും സംവിധായകരും കോടികളാണ് ചോദിക്കുന്നത്. 30 ശതമാനം നികുതി അടച്ച് ഏതെങ്കിലും വ്യവസായം മുന്നോട്ട് പോകാൻ സാധിക്കുമോ?’’നിർമാതാക്കൾ പറയുന്നു.
അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന് നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
30 കോടി മുടക്കി നിർമിച്ച ടൊവിനോ ചിത്രം തിയറ്ററിൽ നിന്ന് നേടിയ ഷെയർ 3.50 കോടിയാണെന്നും 17 കോടി മുടക്കിയ മമ്മൂട്ടി ചിത്രം നേടിയത് 4.50 കോടിയാണെന്നും ഉൾപ്പെടെ ജനുവരി തിയറ്റർ ഷെയർ ലിസ്റ്റും നിർമാതാക്കൾ പുറത്തു വിട്ടു. ആവശ്യമെങ്കിൽ താരങ്ങളുടെ പ്രതിഫലക്കണക്കും പുറത്തു വിടുമെന്ന് അവർ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, വിതരണക്കാരുടെ സംഘടന എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഫിലിം ചേംബറുമായി ഇക്കാര്യങ്ങൾ നേരത്തേ ചർച്ച ചെയ്തു പിന്തുണ ഉറപ്പാക്കിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു.