സുലേഖചേച്ചിയ്ക്ക് സന്തോഷിക്കാം; രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറപ്രവർത്തകർ
Friday, January 17, 2025 9:38 AM IST
രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ അറിയുന്നതുമാണ് രംഗം. ഈ സീൻ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനിൽ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ താരം. അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് തിയറ്ററിൽ വച്ച് സുലേഖ പൊട്ടിക്കരയുകയായിരുന്നു. താൻ അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വന്നതായിരുന്നു സുലേഖ. എന്നാൽ ആ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു.
സുലേഖയുടെ കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ജോഫിൻ ടി. ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവർ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.