കോമഡി എന്റർടെയ്നറുമായി പാപ്പനും ഡ്യൂഡും ഒന്നിക്കുന്നു; നിർമാണം മിഥുൻ മാനുവൽ
Friday, January 17, 2025 9:28 AM IST
ജയസൂര്യയും വിനായകനും കോമഡി എന്റർടെയ്നറുമായി ഒന്നിക്കുന്നു. അനുഗ്രഹീതൻ ആന്റണി ഒരുക്കിയ പ്രിൻസ് ജോയിയുടെ രണ്ടാമത്തെ സിനിമയിലാണ് ഇരുവരും കൈകോർക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. ജയിംസ് സെബാസ്റ്റ്യന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.
കത്തനാരിനു ശേഷം ജയസൂര്യ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതേസമയം സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ആട് 3’ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമയ്ക്കു മുൻപ് ജയസൂര്യ–വിനായകൻ ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതി ഇടുന്നതെന്നാണ് വിവരം. ആട് 3യുടെ ചിത്രീകരണം ഏപ്രിൽ പകുതിയോടെ ആരംഭിച്ചേക്കും.
""അനുഗ്രഹീതൻ ആന്റണിക്കു ശേഷം പ്രിയപ്പെട്ട പ്രിൻസ് സംവിധാനം ചെയ്യുന്ന സിനിമ. പ്രധാന വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ജയേട്ടനും വിനായകൻ ചേട്ടനും. നിർമാണം ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന്. പ്രിയപ്പെട്ടവൻ ജെയിംസ് എഴുതുന്നത് ഇരട്ടി സന്തോഷം. ആടെവിടെ പാപ്പാനേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.. അത് പ്ലാൻ പോലെ 2025 ക്രിസ്മസിന് സ്ക്രീനുകളിൽ.’’–മിഥുന് മാനുവൽ കുറിച്ചു.