കുമാർ വെട്ടി വിനീതാക്കി, ചന്ദ് വെട്ടി ധ്യാനും; മക്കൾക്കു പേരിട്ട കഥ പറഞ്ഞ് ശ്രീനിവാസൻ
Thursday, January 16, 2025 12:28 PM IST
മക്കളായ വിനീതിനും ധ്യാനിനും ആ പേര് നൽകിയതിന് പിന്നിലെ കാരണം പറഞ്ഞ് ശ്രീനിവാസൻ. ചെറുപ്പത്തിൽ താൻ സ്പോർട്സ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്നും തനിക്കിഷ്ടപ്പെട്ട രണ്ട് കായിക താരങ്ങളുടെ പേരു കടമെടുത്താണ് മക്കൾക്കു പേരു നൽകിയതെന്നും ശ്രീനിവാസൻ പറയുന്നു.
വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ശ്രീനിവാസനൊപ്പം മകൻ ധ്യാൻ ശ്രീനിവാസനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
""എനിക്ക് രണ്ടു മക്കളാണ് വിനീതും ധ്യാനും. ഞാൻ ചെറുപ്പത്തിൽ ഒരു സ്പോർട്സ്മാൻ ആയിരുന്നു. കോളജിൽ പഠിക്കുമ്പോൾ കോളജ് ടീമിൽ ഫുട്ബോൾ കളിച്ചിരുന്നു. പക്ഷേ ഗോൾ അടിക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. മത്സരങ്ങളിൽ ഏറ്റവും വീക്ക് ആയിട്ടുള്ള ടീം പയ്യന്നൂർ കോളജിലെ ആയിരുന്നു. അവരുടെ ടീം ജയിക്കുമെന്ന് വിചാരിച്ചു വളരെ പ്രതീക്ഷയോടെ കളിക്കാൻ പോയിട്ടുണ്ട്, പക്ഷേ അവർക്ക് ജയിക്കാൻ പറ്റിയിട്ടില്ല. അങ്ങനെ അവസാനം പയ്യന്നൂർ കോളജിലെ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ എന്റെ വീടിനെ തൊട്ടടുത്തുള്ള പയ്യന്നൂർ കോളജിലെ ഒരു കുട്ടി എന്നെ ക്ഷണിച്ചു.
ഞാൻ അവിടെ ചെന്ന് കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ ഒരുകാര്യം പറഞ്ഞു, ‘എനിക്ക് വലിയ ആഗ്രഹമുണ്ട്. കുറെ കാലമായി ഫുട്ബോൾ കളിച്ചിട്ട്. പക്ഷേ ഇതുവരെ ഗോൾ അടിക്കാൻ പറ്റിയിട്ടില്ല. പഴയ ഗോൾ പോസ്റ്റോ ബോളോ ഒക്കെ ഇവിടെ ഉണ്ടെങ്കിൽ ഒന്ന് അവിടെ വച്ച് തന്നാൽ, എനിക്ക് രണ്ടുമൂന്ന് ഗോൾ അടിച്ചിട്ട് പോകാമായിരുന്നു എന്ന് പറഞ്ഞു. പക്ഷേ അവർ തന്നില്ല. സ്പോർട്സിന്റെ കാര്യം പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്.
എനിക്ക് ചെറുപ്പം മുതൽ ക്രിക്കറ്റിനോട് ആയിരുന്നു കൂടുതൽ താൽപര്യം. അതിന് കാരണം എന്റെ ബന്ധുവും സുഹൃത്തുമായ ദിവാകരൻ എന്നൊരു ആളായിരുന്നു. അവനെ അന്നേ ആളുകൾ വിളിച്ചിരുന്നത് പട്ടൗഡി ദിവാകരൻ എന്നായിരുന്നു. ഇന്ത്യയിലെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്നു പട്ടൗഡി (മൻസൂർ അലി ഖാൻ പട്ടൗഡി), ശർമിള ടാഗോറിന്റെ ഭർത്താവ് , സെയ്ഫ് അലി ഖാന്റെ പിതാവ്.
അന്ന് ഞങ്ങളുടെ വീട്ടിൽ കറണ്ടില്ല, ക്രിക്കറ്റിന്റെ റണ്ണിംഗ് കമന്ററി കേൾക്കാൻ ഒരു വഴിയുമില്ല. പക്ഷേ ഈ പട്ടൗഡി ദിവാകരന്റെ കയ്യിൽ ഒരു പോക്കറ്റ് റേഡിയോ ഉണ്ട്. അതിൽ ഞങ്ങൾ എപ്പോഴും കമന്ററി കേട്ടുകൊണ്ടിരിക്കും, ഞാൻ ആ റേഡിയോയിൽ ആണ് ആദ്യമായി കമന്ററി കേൾക്കുന്നത്. അന്നുമുതൽ ക്രിക്കറ്റ് എനിക്ക് ഭ്രാന്തായി.
ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്പോര്‍ട്സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്.
ആ കാലത്ത് ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ഹോക്കി കളിക്കാരനാണ് വിനീത് കുമാർ. എനിക്ക് ആദ്യമൊരു മകൻ ഉണ്ടായപ്പോൾ ആ വിനീത് കുമാറിന്റെ കുമാർ വെട്ടിയിട്ടാണ് പേരിട്ടത്. ധ്യാൻ ചന്ദ് എന്ന ആള് ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല.’’–ശ്രീനിവാസൻ പറയുന്നു.
ഉടൻ ധ്യാനിന്റെ മറുപടി, ‘മലയാള സിനിമയിൽ ഞാനിപ്പോൾ ഒരു മാന്ത്രികനാ’. “ഒരു പണിയും ഇല്ലാതിരുന്ന സമയത്ത് എന്നും മുറിയിലെ ജനൽ തുറന്നാൽ ഞാൻ ആദ്യം കാണുന്നത് ഈ പാടമാണ്. ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ സ്ഥിരമായി ഈ പാടം കാണുന്നത്. ഇതുവരെ അതിഥിയായെന്നും വിളിച്ചിട്ടില്ല. ഇവരുടെയൊക്കെ കാലശേഷം ഞാനായിരിക്കും ഇത് നടത്തിക്കൊണ്ട് പോകുന്നത്. അതിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.” ധ്യാൻ പറഞ്ഞു