പാട്ടിന്റെ വസന്തം
പ്രദീപ് ഗോപി
Friday, January 10, 2025 2:55 PM IST
അനവധി അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന് ആണു യാത്രയായത്. സിനിമാഗാനങ്ങള്‍ക്കൊപ്പം ലളിതഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മലയാളത്തിലെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ശബ്ദസാഗരം. അഞ്ച് പതിറ്റാണ്ടിനിടെ മലയാളത്തിൽ മാത്രം 15,000ഓളം ലളിതസുന്ദരഗാനങ്ങള്‍ പാടിത്തീര്‍ത്തു.
മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ഭാവഗായകന്റെ ശബ്ദസൗഭഗമുണ്ടായിരുന്നു. കളിത്തോഴന്‍ എന്ന സിനിമയിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.
ആ ഗാനം പുറത്തു വന്നശേഷം ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അതിനുശേഷം ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തില്‍ ഏറ്റെടുത്തു.
ഒട്ടേറെ മധുരസുന്ദരഗാനത്തിലൂടെ മലയാളക്കര കീഴടക്കിയ ജയചന്ദ്രന് രാസാത്തി ഉന്നൈ കാണാതെ നെഞ്ചം എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കി. ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകന് പിന്നീട് ഇങ്ങോട്ട് ഉണ്ടായിട്ടുണ്ടോ എന്നു സംശയം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തികള്‍ ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.
ചിദംബരനാഥില്‍ തുടങ്ങി പി. ഭാസ്കരൻ, ശ്രീകുമാരന്‍ തമ്പി, വയലാർ എന്നിവരിലൂടെ പുതിയതലമുറയിലെ ബി. കെ ഹരിനാരായണന് വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്തുടിച്ചു. വരികളിലെ ഭാവം ആലാപനത്തിലും കൊണ്ടുവരാന്‍ കഴിഞ്ഞ മലയാളം ഗായകന് വേറെയുണ്ടോ എന്നു സംശയം.
ഉദ്യോഗസ്ഥയിലെ അനുരാഗഗാനം പോലെ, സിഐഡി നസീറിലെ നിന് മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന് ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത പറഞ്ഞാല്‍ തീരാത്ത ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.
ഭാഷാഭേദമില്ലാതെ ആറു പതിറ്റാണ്ട് മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ജയചന്ദ്രന് യേശുദാസിന്റെയും എസ്. ജാനകിയുടെയും പി. ലീലയുടേയും വാണി ജയറാമിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം പാട്ടിലെ ഭാവങ്ങള്‍ കൃത്യമായി ഒപ്പിയെടുത്ത് അവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്നു.