പാർവതിയുടെ നൃത്തം കണ്ട് കണ്ണുനിറഞ്ഞ് കാളിദാസ്; കെട്ടിപ്പിടിച്ച് ഉമ്മ നൽകി പാർവതിയും; സംഗീത് വീഡിയോ
Thursday, December 12, 2024 9:54 AM IST
കാളിദാസ്-താരിണി വിവാഹത്തിലെ സംഗീത് ചടങ്ങിന്റെ വീഡിയോ തരംഗമാകുന്നു. ഇതിൽ മകനായി അമ്മ പാർവതി അവതരിപ്പിച്ച നൃത്തമാണ് ചുറ്റും കൂടിയവരുടെ കണ്ണിനെ ഈറനണിയിച്ചത്. കാളിദാസ് ഉണ്ടായപ്പോൾ മുതൽ വളർത്തി വലുതാക്കിയതു വരെയുള്ള നിമിഷങ്ങളാണ് നൃത്താവിഷ്കരമായി പാർവതി അവതരിപ്പിച്ചത്.
താരാട്ടുപാട്ടിന്റെ ഈണത്തിലാണ് ഇത് ഒരുക്കിയത്. അമ്മയുടെ നൃത്തം കണ്ട് കണ്ണുകൾ നിറഞ്ഞ് ഓടിയെത്തി ആലിംഗനം ചെയ്യുന്ന കാളിദാസിനെ വീഡിയോയിൽ കാണാം.
ആഘോഷങ്ങളിൽ കിടിലനായി നൃത്തം ചെയ്യുന്ന ജയറാമിനെയും മാളവികയെയും ഭർത്താവിനെയും കാണാം. തിങ്കളാഴ്ചയായിരുന്നു കാളിദാസിന്റെ സംഗീത് ചടങ്ങ് നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഭാര്യയും ചടങ്ങിനെത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരമായിരുന്നു വിവാഹറിസപ്ഷൻ. സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി, പ്രഭു, സുചിത്ര മോഹൻലാൽ, ദുൽഖറിന്റെ ഭാര്യ അമാൽ തുടങ്ങി നിരവധി പേരാണ് വധുവരന് ആശംസകളുമായെത്തിയത്.