ചെറിയ ഇടവേള എടുക്കുന്നു; ബോഗയ്ൻവില്ല ഈ വർഷത്തെ അവസാന ചിത്രമെന്ന് സുഷിൻ ശ്യാം
Wednesday, October 16, 2024 9:25 AM IST
സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങി സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഈ വർഷത്തെ തന്റെ അവസാന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത 'ബോഗയ്ൻവില്ല'യെന്ന് സുഷിൻ ശ്യാം പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിന്റെ പ്രതികരണം.
ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സുഷിൻ പറഞ്ഞു.
ഒക്ടോബർ 17 നാണ് ബോഗെയ്ൻവില്ല റിലീസ് ചെയ്യുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ശ്രിന്ദ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബോഗെയ്ൻവില്ലയ്ക്കുണ്ട്.
തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഭീഷ്മപർവ്വംസിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് ബോഗയ്ൻവില്ലയുടേയും ഛായാഗ്രാഹകൻ. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിക്കുന്നത്.